കേന്ദ്രത്തിന്റെ നിലപാടുകള്‍ തിരിച്ചടിയായി: ഉമ്മന്‍ചാണ്ടി

Friday 16 May 2014 8:12 pm IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയായെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിലവര്‍ധനവും കസ്തൂരിരംഗന്‌ എതിരായ വികാരവും ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കിയെന്നും ഉമ്മന്‍ചാണ്ടി സമ്മതിച്ചു. തെരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തിലായുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഹൈറേഞ്ച്‌ മേഖലകളില്‍ കസ്തൂരിരംഗന്‌ എതിരായ ശക്തമായ വികാരമുണ്ടായിരുന്നു. അത്‌ പ്രതികൂലമായി ബാധിച്ചു. പെട്രോള്‍ ഡീസല്‍ വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കേരളത്തിലെ വിധിനിര്‍ണയത്തില്‍ പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചു. രാജ്യത്ത്‌ മോദി തരംഗം അലയടിച്ചിരുന്നെന്നും ഉമ്മന്‍ചാണ്ടി സമ്മതിച്ചു. കേരളം മാത്രമാണ്‌ ആ ഒഴുക്കിനെതിരെ നീന്തിയത്‌. കേരളത്തിലെ ഫലം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാണെന്ന്‌ താന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത്‌ സര്‍ക്കാരിനെതിരായ വികാരം വന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നിരാശയുണ്ട്‌. ഇതില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കും.
ചാലക്കുടിയും, തൃശൂരുമുള്‍പ്പടെ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ചില തോല്‍വികളുണ്ടായി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറുന്നതില്‍ കേരളത്തിന്‌ ആശങ്കയില്ല. രാഷ്ട്രീയമായ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.