സ്വന്തം വാക്ക്‌ അറം പറ്റി; ചാക്കോ വീണു

Friday 16 May 2014 9:27 pm IST

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ മ്ലാനമായ മുഖത്തോടെ പ്രവര്‍ത്തകരുടെ നടുവിലിരിക്കുകയായിരുന്നു പി.സി. ചാക്കോ. സ്വന്തം ലീഡ്‌ നില ഉയരുന്നത്‌ കണ്ട്‌ സന്തോഷിക്കുവാനുള്ള അവസരം ഒരു ഘട്ടത്തിലും അദ്ദേഹത്തിന്‌ ലഭിച്ചില്ല. പകരം മറ്റിടങ്ങളില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ നില മെച്ചപ്പെടുത്തിയെന്നറിയുമ്പോള്‍ മാത്രം നേര്‍ത്തൊരു സന്തോഷം ആ മുഖത്ത്‌ പ്രതിഫലിക്കുന്നതും കാണാമായിരുന്നു. ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലൊന്നായ കളമശ്ശേരി സെന്റ്‌ പോള്‍സ്‌ കോളേജിന്‌ സമീപത്തുതന്നെ താമസിക്കുന്ന മുന്‍ കെഎസ്്‌ യു പ്രവര്‍ത്തകന്‍ രഞ്ജുവിന്റെ വീട്ടിലിരുന്നാണ്‌ അദ്ദേഹം ഇന്നലെ തെരഞ്ഞെടുപ്പ്‌ ഫലം വീക്ഷിച്ചത്‌. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇടയ്ക്ക്‌ ഫോണിലേക്കെത്തുന്ന സന്ദേശങ്ങളിലേക്ക്‌ കണ്ണുപായിക്കും. പുറത്ത്‌ ഫോട്ടോഗ്രാഫര്‍മാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സാന്നിധ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുമുണ്ടായിരുന്നു. പി.സി. ചാക്കോയുടെ ഓരോ ഭാവമാറ്റവും ഒപ്പിടെയുത്തുകൊണ്ട്‌ ക്യാമറമാന്‍മാര്‍ പുറത്ത്‌ ജനലരികില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. തിരുവനന്തപുരത്ത്‌ ശശി തരൂരിന്റെ ലീഡ്‌ നില അവസാനം ഉയരുന്നത്‌ കണ്ടപ്പോള്‍ ചെറിയൊരു ആശ്വാസം മുഖത്ത്‌. അതേസമയം ചാലക്കുടി മണ്ഡലത്തില്‍ കരുത്തനായ പി.സി. ചാക്കോയെ അട്ടിമറിച്ച്‌ ഇന്നസെന്റ്‌ വിജയത്തിലേക്കെന്ന വാര്‍ത്ത അവതാരകന്റെ കമന്റ്‌ കേട്ടപ്പോള്‍ സ്വതവേ ഗൗരവം നിറഞ്ഞ മുഖം ഒന്നൂകൂടെ ഗൗരവമായതുപോലെ. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏതോ സ്ഥാനാര്‍ത്ഥിയെ വിളിച്ച്‌ അഭിനന്ദനം അറിയിക്കാനും പി.സി. ചാക്കോ മറന്നില്ല. മറുഭാഗത്തുനിന്നുള്ള ഒരു ചോദ്യത്തിന്‌ അദ്ദേഹം മറുപടി പറഞ്ഞത്‌ ഇങ്ങനെ, ഇതും ഒരു അനുഭവം. കൂടെയുള്ള സുഹൃത്തുക്കളും സംസ്ഥാനത്ത്‌ യുഡിഎഫ്‌ നേടിയ വിജയം ആസ്വദിക്കാനാവാത്ത അവസ്ഥയിലായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ നാണംകെട്ട തോല്‍വിതന്നെ ഇതിന്‌ കാരണം. അവിടെ കൂടിയിരുന്ന നേതാക്കളില്‍ ആരുടേയും ഫോണിലേക്ക്‌ നിര്‍ത്താതെയുള്ള കോളുകള്‍ വന്നതുമില്ല. ചാലക്കുടി മണ്ഡലത്തിലെ ചില നിയോജക മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും വ്യക്തമായ ആധിപത്യം നേടിയത്‌ ഇന്നസെന്റായിരുന്നു. എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ടെണ്ണലിന്റെ അടിസ്ഥാനത്തിലുള്ള ലീഡ്‌ നിലയാണ്‌ ചാനലുകളില്‍ നിറഞ്ഞത്‌. ഒരു ഘട്ടത്തിലും പി.സി. ചാക്കോയുടെ ലീഡ്‌ ഉയര്‍ന്നിരുന്നില്ല. അവസാന ഘട്ടം പ്രതീക്ഷകയ്ക്ക്‌ വകയുണ്ടെന്ന്‌ ആശ്വസിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും ഒടുവില്‍ നിരാശ തന്നെ ഫലം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരിക്കും എന്ന്‌ അഭിപ്രായപ്പെട്ട ആദ്യ കോണ്‍ഗ്രസ്‌ വക്താവും ഒരു പക്ഷേ പി.സി. ചാക്കോ ആയിരുന്നിരിക്കാം. ഇന്നസെന്റിനെ പോലെ രാഷ്ട്രീയത്തില്‍ ഒട്ടും പരിചിതനല്ലാത്ത ഒരു വ്യക്തിയെ ഇടതുപക്ഷം സ്വതന്ത്രനായി നിര്‍ത്തിയപ്പോള്‍ ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയോട്‌ ഏറ്റുമുട്ടുന്ന ലാഘവത്തോടെയാണ്‌ പി.സി. ചാക്കോ കാര്യങ്ങള്‍ വീക്ഷിച്ചത്‌. ഇന്നസെന്റിനെതിരെ തന്റെ ജയം അനായാസമായിരിക്കും എന്നും കരുതിയിരുന്നിരിക്കാം. ഒടുവില്‍ ഫലം വന്നപ്പോള്‍ പി.സി. ചാക്കോയുടെ വാക്കുകളും അറംപറ്റി, സ്വന്തം പാര്‍ട്ടിയുടെ കാര്യത്തിലും തന്റെ കാര്യത്തിലും. ചാലക്കുടി മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെത്്‌ കളര്‍ഫുള്‍ വിജയമാണെന്ന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.സി. ചാക്കോ. ഇടതുപക്ഷത്തിന്റെ വിജയത്തേക്കാള്‍ ഇത്‌ ഇന്നസെന്റിന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.