ശ്രീപത്മനാഭന്റെ സ്വത്ത്‌- ചില അനുബന്ധ ചിന്തകള്‍

Sunday 18 May 2014 12:00 am IST

രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയാണ്‌ മുറജപം. അന്‍പത്തിയാറു ദിവസം നീണ്ടുനില്‍ക്കുന്ന അതിമഹത്തും ബൃഹത്തുമായ ഈ പുണ്യകര്‍മം ആറുവര്‍ഷത്തിലൊരിക്കല്‍ മാത്രമേ നടത്താറുള്ളൂ. മലബാര്‍, തിരുനെല്‍വേലി, മധുര എന്നിവിടങ്ങളില്‍ നിന്ന്‌ ബ്രാഹ്മണ പുരോഹിതന്മാരെ വിളിച്ചാലോചിച്ചാണ്‌ ഈ കര്‍മങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചതെന്ന്‌ ട്രാവന്‍കൂര്‍ സ്റ്റേറ്റുമാനുവലില്‍ നാഗമയ്യ പറയുന്നു. ഒരാണ്ടില്‍ രണ്ടുപ്രാവശ്യമാണ്‌ ഭദ്രദീപം. അത്‌ ധനുവിലും മിഥുനത്തിലുമാണ്‌. ഏഴു ദിവസമാണ്‌ ഭദ്രദീപം തെളിക്കുന്നത്‌. ഓരോ മുറജപത്തിനുമിടയില്‍ പന്ത്രണ്ടുപ്രാവശ്യം ഭദ്രദീപം ഉണ്ടായിരിക്കും.
മുറയ്ക്കുള്ള ജപമാണ്‌ മുറജപം. മുറ എന്നാല്‍ ഒരുവട്ടം അഥവാ ഒരു പ്രാവശ്യം ജപിക്കുന്നത്‌ അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത്‌ എന്ന്‌ ഈ പദത്തിന്‌ അര്‍ത്ഥം പറയാം. ജപത്തിന്റെ ഒരു ഘട്ടം തീരുന്നത്‌ എട്ടു ദിവസം കൊണ്ടാണ്‌. വൈദിക മന്ത്രങ്ങളാണ്‌ ജപിക്കുന്നത്‌. ഇത്‌ ഏഴ്‌ ഉരു ജപിക്കേണ്ടതുണ്ട്‌. അപ്പോള്‍ 56 ദിവസം കൊണ്ടേ ജപം പൂര്‍ത്തിയാകൂ. സമാപന ദിവസം ലക്ഷദ്ദീപം വളരെ ഭംഗിയായി തെളിക്കുന്നു. ആ ദീപദര്‍ശനത്തോടെയേ മുറജപകര്‍മങ്ങള്‍ക്ക്‌ പരിസമാപ്തി ഉണ്ടാകൂ.
നാലുവിധത്തിലുള്ള ജപ്പാങ്ങളാണ്‌ ഓരോ ദിവസവും നടത്തുന്നത്‌. 1. ക്ഷേത്രത്തിനുള്ളില്‍ വേദങ്ങള്‍ ഉരുവിടല്‍ 2. മുറജപത്തോടെ രാവിലെ മന്ത്രജപങ്ങള്‍ 3. കൈവിട്ട്‌ 5 മണിക്കുള്ള സഹസ്രനാമം 4. ജലജപം (ശ്രീപത്മനാഭ തീര്‍ത്ഥത്തില്‍ വച്ച്‌) ഈ കാര്യങ്ങളൊക്കെ ഭംഗിയായി നടത്തുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ ഓരോ മുറജപത്തിനും ഒരു വര്‍ഷം മുമ്പു തന്നെ രാജാവ്‌ ദിവാനെ അധികാരപ്പെടുത്തിയിരുന്നു. ഇതാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്നതായ മുറജപത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍. ഈ കര്‍മങ്ങള്‍ നടക്കുന്നതിന്‌ ഏതാനും ദിവസം മുന്‍പ്‌ തെക്കേടത്തു ഭട്ടതിരിയെ കൊട്ടാരത്തില്‍ വിളിപ്പിച്ച്‌ ബ്രാഹ്മണ പുരോഹിതന്മാരെ ഏര്‍പ്പാടു ചെയ്യാന്‍ നിയോഗിക്കാറുണ്ട്‌. രാജാവും രാജ്യവും പഴയ നിലയില്‍ ഇന്നില്ലയെങ്കിലും തെക്കേടത്തു ഭട്ടതിരിയുടെ അധികാരിസ്ഥാനം (യജമാന സ്ഥാനം) ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അവരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ അമ്പലപ്പുഴ ക്ഷേത്രത്തിലെ ഏതു വിശേഷാല്‍ അടിയന്തരവും ഇന്നും നടക്കാറുള്ളൂ. അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ സ്മാരകമായി നടന്നുവരുന്ന ചമ്പക്കുളം മൂലം വള്ളം കളിപോലും ഭട്ടതിരി വന്ന്‌ അനുവാദം കൊടുക്കാതെ നടക്കാറില്ല. ഉത്സവത്തിന്‌ പടിത്തരം വായന കേട്ട്‌ ഭട്ടതിരിയുടെ അനുജ്ഞയോടുകൂടിയേ കൊടിയേറ്റാറുളളൂ.
തിരുവനന്തപുരത്ത്‌ മുറജപത്തിന്‌ മുന്നോടിയായി തെക്കേടത്തു ഭട്ടതിരിപ്പാടെത്തി തിരുനാവായില്‍ നിന്നും തൃശ്ശൂര്‍നിന്നും നമ്പൂതിരിമാരെ ക്ഷണിച്ചുവരുത്തുന്നു. ക്ഷേത്രത്തിനുള്ളില്‍ വച്ചുള്ള സദ്യ ആരംഭിക്കുന്നതിനും ഭട്ടതിരിയുടെ സാന്നിദ്ധ്യം കൂടിയേ തീരൂ. ഏതൊരു പുണ്യകര്‍മത്തോടനുബന്ധിച്ചുള്ള ബ്രാഹ്മണാരാധനയ്ക്കും കുടിനീര്‍ കൊടുക്കേണ്ടത്‌ അതിന്റെ യജമാനന്‍ ആയിരിക്കണം. ആ ചുമതല മുറ മുട്ടാതെ ഏറ്റെടുത്തു നിര്‍വഹിക്കുന്നത്‌ തെക്കേടത്തു ഭട്ടതിരിയാണ്‌. അമ്പലപ്പുഴയും തിരുവിതാംകൂറുമായുള്ള യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതിന്‌ പാരിതോഷികമായാണ്‌ ഈ സ്ഥാനം ഭട്ടതിരിക്ക്‌ നല്‍കിയിട്ടുള്ളത്‌ എന്നൊരു കേഴ്‌വിയുണ്ട്‌. അതുപോലെ മാത്തൂര്‍പ്പണിക്കര്‍മാര്‍ക്കും മാര്‍ത്താണ്ഡവര്‍മ പ്രത്യേക ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും നല്‍കിയിരുന്നതിനും തെളിവുകളുണ്ട്‌. എന്തായാലും അമ്പലപ്പുഴ രാജാവിന്റെ പ്രതിനിധിയായ തെക്കേടത്തു ഭട്ടതിരിക്ക്‌ മുറജപത്തിലുളള മാന്യമായ സ്ഥാനം കൂടുതല്‍ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു. അപ്പോള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ തുടക്കം കുറിച്ചെന്ന്‌ പറയുന്ന മുറജപത്തെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും.

തെക്കേടത്തു ഭട്ടതിരിപ്പാട്‌ അമ്പലപ്പുഴ ക്ഷേത്രത്തിലെ യജമാനസ്ഥാനിയായ ഭട്ടതിരിയെ മുറജപത്തിനും യജമാനനായി ആദരിച്ചിരുന്നത്‌ യാദൃച്ഛികമാകാനിടയില്ല. താന്‍ പിടിച്ചെടുത്ത രാജ്യത്തെ വിശിഷ്ടമായ ആചാരാനുഷ്ഠാനങ്ങളും കര്‍മങ്ങളും അനുകരിക്കുമ്പോള്‍ അവിടുത്തെ അധികാരിയെ ആദരിക്കുക എന്ന സാമാന്യ മര്യാദ അനുസരിച്ചായിരിക്കണം മാര്‍ത്താണ്ഡവര്‍മ്മ തെക്കേടത്തു ഭട്ടതിരിക്ക്‌ മുറജപത്തില്‍ മുഖ്യപങ്കാളിത്തം നല്‍കിയിരുന്നത്‌. അല്ലാതെ അമ്പലപ്പുഴയും തിരുവിതാംകൂറുമായുള്ള യുദ്ധത്തില്‍ സഹായിച്ചതിന്‌ പാരിതോഷികമായി മഹാരാജാവു നല്‍കിയ ഒരു സ്ഥാനം മാത്രമാണത്‌ എന്നുപറയുന്നത്‌ ശരിയല്ല. ചരിത്രം യുക്തിസഹവും വസ്തുനിഷ്ഠവുമായിരിക്കണം. ഊഹാപോഹങ്ങള്‍ക്കൊ നിഗമനങ്ങള്‍ക്കോ അവിടെ സ്ഥാനമില്ല. ഇവിടെ ഓരോരുത്തരും പുതിയ ചരിത്രം ഉണ്ടാക്കുകയാണ്‌. അതുകൊണ്ടുതന്നെ സത്യസന്ധമായി വിവരങ്ങള്‍ അറിയുന്നതിന്‌ നമുക്ക്‌ കഴിയാതെ വന്നിരിക്കുന്നു.
മുറജപത്തിലെ മുഖ്യമായ ഒരു കര്‍മ്മമാണ്‌ ജലജപം. ജലജപത്തിനു സൗകര്യപ്പെടത്തക്കവിധത്തിലാണ്‌ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തിരുനടയിലുള്ള ക്ഷേത്രക്കുളത്തില്‍ കല്‍പ്പടവുകള്‍ കെട്ടിയിട്ടുള്ളത്‌. കുളത്തില്‍ വേലയ്ക്കു മാത്രമല്ല കുളത്തില്‍നിന്നുള്ള ജലജപത്തിന്‌ ആവശ്യമായ സൗകര്യങ്ങളും ഇവിടെ നല്‍കപ്പെട്ടിരുന്നു എന്ന്‌ പഴമക്കാര്‍ പറയുന്നു.
മുറജപത്തിന്റെ ഓരോ ചടങ്ങുകള്‍ക്കും പ്രത്യേകം പ്രത്യേകം പൂജാപാത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഈ പൂജാപാത്രങ്ങളിലെല്ലാം ദേവനാരായണ നാമം കൊത്തിയിരുന്നു. അങ്ങനെയുള്ള പാത്രങ്ങള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്‌. എന്തായാലും ജലജപത്തിനുപയോഗിച്ചിരുന്ന ദേവനാരായണ നാമാങ്കിതമായ വലിയ നിലവിളക്ക്‌ തിരുവനന്തപുരം ഭദ്രദീപ്പുരയില്‍ സൂക്ഷിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.
ചെമ്പകശ്ശേരിയുടെ രാജ ചിഹ്നം വിടര്‍ന്ന താമരപ്പൂവായിരുന്നു. പഴയ വിളക്കുകളിലും പാത്രങ്ങളിലും ആയി ചിഹ്നം കാണാം. അങ്ങനെയുള്ള വിളക്കുകളും പാത്രങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതെല്ലാം ഇരുക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വാചാലമായ തെളിവുകളാണ്‌.
മുറജപത്തോടനുബന്ധിച്ചുള്ള ലക്ഷദ്ദീപവും അമ്പലപ്പുഴയില്‍ തെളിച്ചിരുന്ന ലക്ഷദ്ദീപത്തെ മുന്‍നിര്‍ത്തിയായിരുന്നുവെന്ന്‌ കരുതുവാന്‍ ന്യായമുണ്ട്‌. മകരസംക്രമത്തിന്‌ അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിളക്കും ശീവേലിയുമിന്നുമുണ്ട്‌. ഇതു പണ്ടു നടന്നുവന്ന ലക്ഷദ്ദീപത്തിന്റെ തുടര്‍ച്ചയായാണ്‌ നടക്കുന്നതെന്നൊരു വിശ്വാസമുള്ളത്‌. എല്ലാ വര്‍ഷവും മലയാള മാസം മകരം ഒന്നു മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടന്നുവരുന്ന പന്ത്രണ്ടു കളഭവും വിളക്കും കണ്ടു തൊഴുന്നത്‌ മുറജപവും ലക്ഷദ്ദീപവും കണ്ടുതൊഴുന്ന ഫലസിദ്ധിയാണുളവാക്കുന്നതെന്ന പരമ്പരാഗതമായ വിശ്വാസങ്ങളും കാലഹരണപ്പെട്ടു പോയ ഒരു ചരിത്രസത്യത്തിന്റെ കലവറയിലേക്കുള്ള ചവിട്ടുപടിയാണ്‌.
ഇതെല്ലാം വച്ചുനോക്കുമ്പോള്‍ മുറജപം അമ്പലപ്പുഴയിലാണ്‌ ആദ്യം നടന്നതെന്നും അതനുസരിച്ചാണ്‌ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം ആരംഭിച്ചതെന്നും വിചാരിക്കുന്നത്‌ കേവലമായ പ്രാദേശികാഭിമുഖ്യം കൊണ്ടുള്ള അവകാശവാദമായി കരുതാതിരിക്കുക.
ഇതുപോലെ തൃപ്പടിദാനത്തിന്റെ കാര്യത്തിലും മാതൃകയായിട്ടുള്ളത്‌ അമ്പലപ്പുഴ രാജാവിന്റെ നടപടി ക്രമങ്ങളായിരുന്നു എന്ന്‌ വിചാരിക്കാനുള്ള കാരണങ്ങള്‍ എണ്ണി എണ്ണി പറയുവാനുണ്ട്‌. എന്തായാലും തിരുവിതാംകൂര്‍ രാജാക്കന്മാരില്‍ കീര്‍ത്തനീയമായ സ്ഥാനം നേടിയിട്ടുള്ള അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കൊല്ല വര്‍ഷം 925 മകരം അഞ്ചാം തീയതി തോവാള മുതല്‍ മീനച്ചില്‍ വരെ പിടിച്ചടക്കിയ സ്വന്തം രാജ്യമാസകലം ശ്രീപത്മനാഭന്‌ സമര്‍പ്പിച്ച്‌ ശ്രീപത്മനാഭദാസന്‍ എന്ന വംശനാമം സ്വീകരിച്ചതും തുടര്‍ന്ന്‌ 948 മിഥുനം 23-ാ‍ം തീയതി ധര്‍മരാജാവ്‌ എന്ന പേരില്‍ പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ പുതുതായി പിടിച്ചെടുത്ത ദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി പത്മനാഭ സ്വാമിക്ക്‌ അടിയറവച്ചതും ആ പാരമ്പര്യ സംസ്കാരവും രാജവാഴ്ച കൊഴിഞ്ഞെങ്കിലും ആ കുടുംബത്തിലുള്ളവര്‍ ഇന്നും പുലര്‍ത്തിപ്പോരുന്നതും എല്ലാം അറിയാനും കേള്‍ക്കാനും ഇട വന്നത്‌ അനന്തപത്മനാഭന്റെ നിധിപ്പുരകള്‍ തുറന്നതുകൊണ്ടാണ്‌. അതെല്ലാം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച്‌ സംരക്ഷിച്ച്‌ ഈ നാട്ടിന്റെ മഹാപൈതൃകങ്ങള്‍ക്കു വിരുന്നൂട്ടുവാന്‍, 'ഇദം ന മമ' എന്ന്‌ പറഞ്ഞൊഴിഞ്ഞു നില്‍ക്കുന്ന മഹത്വം മലയാളക്കരയുടെ പുണ്യമായല്ലേ കാണുവാനാവൂ.

രാജവാഴ്ചയ്ക്കുശേഷം ഇതൊക്കെ ഇന്നലത്തെ കഥകള്‍ എന്നു പറയാമെങ്കിലും അവസാനത്തെ നാടുവാഴി ശ്രീചിത്തിര തിരുനാളിന്റെ കാലംവരെ പത്മനാഭന്റെ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെട്ടു എന്നു വ്യക്തം. പിന്നീടത്‌ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും അധീനതയിലായി. അവിടെ ചില സംശയത്തിന്റെ നിഴലുകള്‍ വീണപ്പോള്‍, നിജസ്ഥിതിയറിയുവാനും കലവറ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുവാനും ചില ശുദ്ധാത്മാക്കള്‍ രംഗത്തുവന്നു. അങ്ങനെയാണ്‌ സംസ്ഥാന സര്‍ക്കാരും കോടതിയും പുതിയ ഭരണസമിതിയും ഒക്കെ സജീവമാകുന്നത്‌. അതെല്ലാം നീതിപീഠത്തിന്റെ വിധിയനുസരിച്ചു നടക്കട്ടെ.
എന്നാല്‍ ഇവിടെ പ്രസക്തമായത്‌ ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ കേരള സംസ്ഥാനത്തിന്റെയോ ക്ഷേത്രത്തിന്റെയോ എന്ന വിഷയത്തിലുള്ള വിവാദങ്ങളാണ്‌. ക്ഷേത്രസ്വത്തുക്കള്‍ ക്ഷേത്രത്തിന്റേതുതന്നെ. തിരുവിതാംകൂറിലുള്ള ക്ഷേത്രങ്ങളില്‍നിന്ന്‌, നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചപ്പോള്‍ സ്വരൂപിച്ച സ്വത്തുക്കള്‍ ക്ഷേത്രമുതല്‍ തന്നെ. അത്‌ എവിടെനിന്നെല്ലാം സ്വരൂപിച്ചിട്ടുണ്ട്‌ എന്നു നിര്‍ണയിക്കുക പ്രയാസം. ക്ഷേത്ര കേന്ദ്രീകൃതമായ ഭരണം നടത്തിയിരുന്ന നാടുവാഴികള്‍ ഓരോ നാട്ടുരാജ്യ ക്ഷേത്രങ്ങളിലും സ്വരൂപിച്ചിരുന്ന സ്വത്തുക്കള്‍. ചെമ്പകശ്ശേരിപോലെ സമ്പന്നമായിരുന്ന എത്രയെത്ര രാജ്യങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ കൈവശപ്പെടുത്തി. അവിടങ്ങളിലുണ്ടായിരുന്ന സ്ഥാവരജംഗമങ്ങള്‍ വരെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്നാണ്‌ വിശ്വാസ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്‌. ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്റെ പേരുകൊത്തിയ നിലവിളക്കുകള്‍, ഇവിടുത്തെ രാജചിഹ്നമായിരുന്ന 'താമര' മുദ്രയുള്ള പൂജാപാത്രങ്ങള്‍, കായംകുളം രാജാവിന്റെ ഇരുതലയുള്ള വാളുകള്‍ തുടങ്ങി പലതും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുണ്ടായിരുന്നുവെന്നാണ്‌ കേട്ടിട്ടുള്ളത്‌. സ്വര്‍ണവും പണവും വിദേശകാഴ്ചവസ്തുക്കളും വേറെ. ഇതെല്ലാം ക്ഷേത്ര സ്വത്തുക്കള്‍ ആയതുകൊണ്ട്‌ അതിവിടത്തെ പഴകി ജീര്‍ണിച്ച ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മാണത്തിനും ക്ഷേത്രങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ വിനിയോഗിക്കേണ്ടത്‌. ജനാധിപത്യ സര്‍ക്കാരിന്‌ അത്‌ തോന്നിയപോലെ കൈകാര്യം ചെയ്യുവാനുള്ള അധികാരമില്ല. സനാതനധര്‍മ മതവിശ്വാസികള്‍ക്കു മാത്രം അവകാശപ്പെട്ടാണ്‌ ആശാസ്യമല്ല. കോടതി ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കും എന്ന ശുഭാപ്തി വിശ്വാസമാണ്‌ ഹൈന്ദവജനതയുടെ ഒരു പ്രത്യാശ. അതിനിടയില്‍ കുളം കലക്കുവാന്‍ കച്ചകെട്ടിനില്‍ക്കുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെ ഹിന്ദുസമൂഹം നിതാന്തമായ ജാഗ്രത പുലര്‍ത്തേണ്ട ഒരു സന്ദര്‍ഭമാണിത്‌. (അവസാനിച്ചു)
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.