പൊന്‍രാധാകൃഷ്ണന്റെ വിജയം ഇരട്ടിമധുരമുള്ള പകരം വീട്ടല്‍

Saturday 17 May 2014 10:09 pm IST

നാഗര്‍കോവില്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കനത്ത മറുപടി നല്‍കി കന്യാകുമാരി ലോക്സഭ മണ്ഡലത്തില്‍ പൊന്‍രാധാകൃഷ്ണന്റെ തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞ തവണ താന്‍ പരാജയപ്പെട്ട വോട്ടുകള്‍ക്ക്‌ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്‌ ഇത്തവണ പൊന്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. 1,28,662 വോട്ടാണ്‌ പൊന്‍രാധാകൃഷ്ണന്റെ ഇത്തവണത്തെ ഭൂരിപക്ഷം.കഴിഞ്ഞതവണ 65,687 വോട്ടുകള്‍ക്കായിരുന്നു പൊന്‍രാധാകൃഷ്ണന്‍ പരാജയപ്പെട്ടത.
14,62,442 വോട്ടര്‍മാരുള്ള കന്യാകുമാരി മണ്ഡലത്തില്‍ 9,89,888 പേര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു.പോളിംഗ്‌ ശതമാനം 67.69 ശതമാനം. പൊന്‍ രാധാകൃഷ്ണന്‍ 3,72,906 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ വസന്തകുമാറിന്‌ 2,44,244 വോട്ടും നേടി. 2009ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡിഎംകെയ്ക്ക്‌ 1,17,933 വോട്ടുകളേ ഇക്കുറി നേടാനായുള്ളൂ. രാജരത്തിനം ആയിരുന്നു ഡിഎംകെ സ്ഥാനാര്‍ത്ഥി. ഭരണകഷിയായ എഐഡിഎംകെയിലെ ജോണ്‍തങ്കം 1,76,239 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന്‌. ഇവിടെ കനത്ത പ്രഹരമാണ്‌ ലഭിച്ചത്‌. മുന്‍എംപിയെ രംഗത്തിറക്കിയിട്ടും സിപിഎമ്മി ന്‌ അരലക്ഷം വോട്ടുപോലും നേടാനായില്ല. ബെല്ലാര്‍മിന്‍ 35,284 വോട്ടുകളാണ്‌ ഇത്തവണ നേടിയത്‌.
ആറ്‌ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കന്യാകുമാരി ലോക്സഭ മണ്ഡലം.2011 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിളവന്‍കോട്‌, കുളച്ചല്‍, കിള്ളിയൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളും, പത്മനാഭപുരത്ത്‌ ഡിഎംകെയും, നാഗര്‍കോവിലിലും കന്യാകുമാരിയിലും എഐഡിഎംകെ സ്ഥാനാര്‍ത്ഥികളുമാണ്‌ വിജയിച്ചിരുന്നത്‌. ഈ മണ്ഡലങ്ങളിലെല്ലാം ഇക്കുറി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി ഒന്നാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്‌ മണ്ഡലങ്ങളായ വിളവന്‍കോട്ട്‌ 58806 വോട്ടും കുളച്ചലില്‍ 61,932 വോട്ടും കിള്ളിയൂരില്‍ 49,239 വോട്ടും ബിജെപി നേടി. ഡിഎംകെ മണ്ഡലമായ പത്മനാഭപുരത്ത്‌ 55,687 വോട്ട്‌ രാധാക്യഷ്ണന്‍ നേടിയപ്പോള്‍ എഐഡിഎംകെ മണ്ഡലങ്ങളായ നാഗര്‍കോവിലില്‍ 70,781 വോട്ടും കന്യാകുമാരിയില്‍ 73,481 വോട്ടും പൊന്‍ രാധാകൃഷ്ണന്‍ കരസ്ഥമാക്കി.
പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ പൊന്‍രാധാകൃഷ്ണന്‍ വീണ്ടും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്‌. വാജ്പേയി മന്ത്രിസഭയില്‍ നഗരവികസന സഹമന്ത്രിയായിരുന്നു. സപ്തമുന്നണിഎന്ന പേരില്‍ മഴവില്‍ സഖ്യവുമായാണ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കോണ്‍ഗ്രസ്സും ഡിഎംകെയും തറപറ്റിയപ്പോള്‍ മഴവില്‍ സഖ്യത്തിനാണ്‌ തമിഴ്‌നാട്ടില്‍ പിടിച്ചു നില്‍ക്കാനായത്‌. പിഎംകെയിലെ ഡോ. രാംദാസാണ്‌ മഴവില്‍ സംഖ്യത്തില്‍ ജയിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി.മോദി മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുമെന്ന്‌ ഉറപ്പായ പൊന്‍രാധാകൃഷ്ണന്‍ ബിജെപി തമിഴിനാട്‌ ഘടകത്തിന്റെ പ്രസിഡന്റു കൂടിയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.