തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണം വേണം - തഹാവൂര്‍ റാണ

Wednesday 21 September 2011 2:39 pm IST

ഷിക്കാഗോ: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പുനര്‍വിചാരണ വേണമെന്ന് മുംബൈ സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണ ആവശ്യപ്പെട്ടു. പാക് തീവ്രവാദ സംഘടന ലഷ്കര്‍ ഇ തോയ്ബയെ സഹായിച്ച കേസിലും ഡെന്‍മാര്‍ക്കില്‍ സ്ഫോടനം ആസൂത്രണം ചെയ്ത കേസിലും റാണ കുറ്റക്കാരനാണെന്നു ഷിക്കാഗോ കോടതി കണ്ടെത്തിയിരുന്നു. ഈ രണ്ട് കേസുകളിലും പ്രത്യേകം പ്രത്യേകം വിചാരണ വേണമെന്നാണ് റാണ ആവശ്യപ്പെട്ടതെന്ന് ഷിക്കാഗോ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് മറ്റു രണ്ടു കേസിലും റാണയെ കുറ്റക്കാരനെന്നു വിധിച്ചിരിക്കുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കുന്നതു ശരിയല്ലെന്ന് റാണ അപേക്ഷയില്‍ പറയുന്നു. അതിനാല്‍ പുനര്‍വിചാരണ വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഡെന്‍മാര്‍ക്ക് സ്‌ഫോടന ആസൂത്രണ കേസിലും ലഷ്‌കറിനെ സഹായിച്ചെന്ന കേസിലും റാണയ്‌ക്കെതിരായ തെളിവുകള്‍ ഇ - മെയിലുകളും ടെലിഫോണ്‍ വിളികളും റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുമാണ്. ഇവയൊന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വേണ്ട തെളിവല്ലെന്നും റാണയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 164 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട കേസില്‍ റാണയെ ഷിക്കാഗോ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നെങ്കില്‍ ഇയാള്‍ക്കു ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കേസുകളില്‍ 30 വര്‍ഷത്തെ തടവുവരെ റാണയ്ക്ക് ലഭിക്കും.