ഗുരുദേവന്‍ മാനവസമൂഹത്തിന്റെ പൊതുസ്വത്തും ശക്തിയും - ഉമ്മന്‍‌ചാണ്ടി

Wednesday 21 September 2011 12:27 pm IST

വര്‍ക്കല: ശ്രീ നാരായണ ഗുരുദേവന്‍ മാനവ സമൂഹത്തിന്റെ പൊതുസ്വത്തും ശക്തിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഗുരുദേവ ദര്‍ശനങ്ങള്‍ ഒരു സമുദായത്തിന്റെ മാത്രമല്ല മറിച്ച് സമൂഹത്തിന്റെ ആകെ ഉന്നമനത്തിനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ സമൂഹത്തിന്റെ പ്രചോദന ശക്തിയാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ 84-ാ‍മത്‌ മഹാസമാധി ദിനത്തോടനുബന്ധിച്ച്‌ ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗുരുദേവന്‍ മലയാളിയുടെ മാത്രം സ്വത്തല്ല. മറിച്ച്‌ മാനവ സമൂഹത്തിന്റെ പൊതുസ്വത്തും ശക്തിയുമാണ്‌. ശ്രീനാരായണ ഗുരു ചരിത്രത്തിലെ വിപ്ലവകാരി മാത്രമല്ല വര്‍ത്തമാന കാലഘട്ടത്തിലെ വഴികാട്ടി കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ അനുഗ്രഹ പ്രഭാഷണവും പി.ടി. തോമസ്‌ എം.പി മുഖ്യപ്രഭാഷണവും നടത്തി. വര്‍ക്കല കഹാര്‍ എം.എല്‍. എ, സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, ബിജു പുളിക്കലേടത്ത്‌ ഡോ.ബി.സീരപാണി, സൂര്യപ്രകാശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.