വേജ് ബോര്‍ഡ് ശുപാര്‍ശയിന്മേല്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം - സുപ്രീംകോടതി

Wednesday 21 September 2011 2:49 pm IST

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും വേതന പരിഷ്കരണത്തിനുള്ള മജീതിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയ്ക്ക്‌ തീരുമാനമെടുക്കാമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ മാധ്യമ സ്ഥാപന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക്‌ വര്‍മ്മയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഈ ഉത്തരവ്‌. വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെതിരെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള കേസുകളിലെ അന്തിമ വിധിക്ക്‌ വിധേയമായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം പരിഗണിക്കണമെന്നും തീരുമാനമെടുക്കുന്നതില്‍ നിന്ന്‌ ആരും തടയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുമ്പാകെയുള്ള കേസില്‍ തീരുമാനമെടുക്കുന്നത്‌ ഉചിതമല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. തൊഴിലാളി യൂണിയനുകള്‍ക്ക്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോലിന്‍ ഗോണ്‍സാല്‍വസ്‌ ഹാജരായി. കഴിഞ്ഞ മാസം 18 ന്‌ ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടാഴ്ചത്തേക്ക്‌ നടപടിയെടുക്കരുതെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ കോടതി നിര്‍ദ്ദേശിച്ചിരുന്നു.