നിര്‍മ്മല്‍ മാധവന്‍ പ്രശ്നത്തില്‍ താത്ക്കാലിക പരിഹാരം

Wednesday 21 September 2011 3:33 pm IST

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ നിര്‍മ്മല്‍ മാധവന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വിദ്യാര്‍ത്ഥിക്ക് പഠിക്കാന്‍ പ്രയാസമുണ്ടാക്കുന്ന കാര്യം രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴിവാക്കണമെന്ന രജിസ്ട്രാറുടെ പ്രതിനിധി നടത്തിയ പരാമര്‍ശമാണ് ഇടതുനേതാക്കളെ ചൊടിപ്പിച്ചത്. യു.ഡി.എഫില്‍ നിന്നും സിദ്ദിഖ് ഇത് ഏറ്റു പിടിച്ചതോടെ ഇരു പക്ഷവും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ കളക്ടര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഒന്നരമാസമായി അടഞ്ഞുകിടന്ന കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രശ്നം പരിഹരിക്കാന്‍ കളക്ടര്‍ യോഗം വിളിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല സ്വാശ്രയ എഞ്ചിനീയറിങ് കോളേജില്‍ മാനേജുമെന്റ് കോട്ടയില്‍ പ്രവേശനം നേടിയ നിര്‍മ്മല്‍ മാധവന്റെ റാങ്ക് 22,000ത്തിന് മുകളിലാണ്. ഈ വിദ്യാര്‍ത്ഥിക്ക് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുന്നതിനെതിരെയാണ് ഇടതു സംഘടനകള്‍ രംഗത്ത് വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.