ക്രിമിലെയര്‍ പരിധി ഉയര്‍ത്തണമെന്ന് കമ്മിഷന്‍ ശുപാര്‍ശ

Wednesday 21 September 2011 4:34 pm IST

ന്യൂദല്‍ഹി: ഒ.ബി.സി വിഭാഗങ്ങളില്‍ ക്രിമിലെയര്‍ നിശ്ചയിക്കാനുള്ള വരുമാനപരിധി നിലവിലുള്ള നാലര ലക്ഷത്തില്‍ നിന്നും ഒമ്പത് ലക്ഷമായി ഉയര്‍ത്തണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്രമന്ത്രിസഭ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് പിന്നോക്ക് വിഭാഗക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാ‍സ രംഗങ്ങളില്‍ സംവരണം നല്‍കുമ്പോള്‍ ക്രിമിലെയര്‍ വിഭാഗക്കാരെ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയാണ് നിശ്ചയിച്ചത്. നിലവില്‍ നാലര ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉള്ളവരെയാണ് ക്രിമിലെയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസുകള്‍ ഇരട്ടിയായെന്നും കമ്മിഷന്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി മുഗള്‍ വാസ്നിക്കിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയാ‍ണെങ്കില്‍ ഒ.ബി.സി വിഭാഗത്തിലെ 70 ശതമാനം പേര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം കിട്ടും. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മുസ്ലീം വിഭാഗത്തിനും പ്രത്യേകം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്ര്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.