കുരുമുളക് സ്‌പ്രേ ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍

Monday 19 May 2014 9:37 pm IST

പാലാ: ബോംബെ നിര്‍മ്മിത സ്വര്‍ണ്ണാഭരണങ്ങള്‍ ജൂവലറിയില്‍ വില്‍പന നടത്തി പണം വാങ്ങി മടങ്ങിയ മാര്‍വാടിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളില്‍ 4 പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 8 പ്രതികളാണ് ഉള്ളതെന്ന് പോലീസ് പറഞ്ഞു. ജൂവലറി ജീവനക്കാരായ നെല്ലിക്കല്‍ വീട്ടില്‍ സാജു മൈക്കിളിന്റെ മകന്‍ നിധിന്‍ ജോസഫ് (24), കുടക്കച്ചിറ കൊച്ചുപറമ്പില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത്ത് (25), പാറപ്പിള്ളി പടിഞ്ഞാറേമുറി രാജുവിന്റെ മകനും നിരവധി മോഷണ കേസിലെ പ്രതിയുമായ അക്കു എന്നു വിളിക്കുന്ന ജിതിന്‍ രാജു (25), ചേര്‍പ്പുങ്കല്‍ കോഴിമലക്കുന്നേല്‍ വിജയന്റെ മകന്‍ ദിലീപ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 6 മാസമായി പ്രതികള്‍ മാര്‍വാടിയുടെ കൈയ്യില്‍നിന്ന് പണം തട്ടുന്നതിന് പദ്ധതികള്‍ തയ്യാറാക്കി വരികയായിരുന്നു. കഴിഞ്ഞ 6ന് പ്രതികള്‍ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. 6ന് ഉച്ചകഴിഞ്ഞ് മാര്‍വാടി പാലാ തെക്കേക്കര പങ്കജ് ജൂവലറിയില്‍ നിന്നും പണം വാങ്ങി പാലാ ടൗണിലുള്ള മൂഴയില്‍ ജൂവലറിയില്‍ എത്തുകയും അവിടെ നിന്നും പണം വാങ്ങി ഇറങ്ങിയ മാര്‍വാടിയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ജൂവലറി ജീവനക്കാരായ നിധിനും രഞ്ജിത്തും നിരവധി മോഷണക്കേസിലെ പ്രതിയായ അക്കുവിനെ വിളിച്ചറിയിക്കുകയും അക്കു എറണാകുളം ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളായ സുഹൃത്തുക്കളെ പാലായ്ക്ക് വിളിച്ചുവരുത്തി പാലാ ടൗണ്‍ പ്രൈവറ്റ് സ്റ്റാന്റില്‍ നിര്‍ത്തുകയും, മാര്‍വാടി ടൗണ്‍ സ്റ്റാന്റില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറിയതിനൊപ്പം പ്രതികളിലൊരാള്‍ ആ ബസില്‍തന്നെ കയറുകയും ബാക്കിയുള്ളവര്‍ ബൈക്കിലും മാരുതി സ്വിഫ്റ്റ് കാറിലും ബസിനെ പിന്‍തുടര്‍ന്നു. ബസ് കിടങ്ങൂര് ബസ് ബേയില്‍ നിറുത്തിയ അവസരത്തില്‍ ബസിലുണ്ടായിരുന്ന പ്രതി മാര്‍വാടിയുടെയും ബസ് യാത്രക്കാരുടെയും മുഖത്തേയ്ക്ക് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം മാര്‍വാടിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് ബസിന് പിറകില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ മേല്‍നോട്ടത്തില്‍ പാലാ സിഐ ക്രിസ്പിന്‍ സാമും സംഘവുമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 40,000 രൂപയും ബൈക്കും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.