കെനിയന്‍ ഉപപ്രധാനമന്ത്രിയെ വിചാരണ ചെയ്യും

Wednesday 21 September 2011 8:31 pm IST

ഹേഗ്‌: മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതകള്‍ക്ക്‌ കെനിയന്‍ ഉപപ്രധാനമന്ത്രി ഉഹ്‌റു കെനിയാട്ടയും മുന്‍ പോലീസ്‌ മേധാവി ഹുസൈന്‍ അലിയും പൊതുസേവന വിഭാഗം തലവന്‍ ഫ്രാന്‍സിസ്‌ മുത്തുരയും അന്തര്‍ദേശീയ കോടതി മുമ്പാകെ ഹാജരാകും. 2007 ലെ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ലഹളകളുമായുള്ള ബന്ധത്തെ തുടര്‍ന്നാണിത്‌. ലഹളയില്‍ 1200 പേരോളം കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ മറ്റ്‌ മൂന്ന്‌ കെനിയക്കാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇവര്‍ 2007 ല്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയെ പിന്തുണച്ചവരാണ്‌. എന്നാല്‍ കെനിയാട്ടയും മറ്റ്‌ രണ്ടുപേരും പ്രധാനമന്ത്രിയുടെ എതിരാളിയായിരുന്ന പ്രസിഡന്റ്‌ മായികിബാക്കിയെയാണ്‌ പിന്തുണച്ചത്‌. തെരഞ്ഞെടുപ്പിന്‌ ശേഷമുണ്ടായ ലഹളകളില്‍ 500000 പേര്‍ പലായനം ചെയ്തു. അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍ ലൂയിസ്‌, മേറേനോ, ഒക്കാംപോ ഈ മൂന്നുപേരെയാണ്‌ രക്തച്ചൊരിച്ചിലിനും ജനങ്ങളെ വീടുകളുപേക്ഷിച്ച്‌ പോയതിനും ബലാത്സംഗത്തിനും ഉത്തരവാദികളായി കണ്ടെത്തിയിരിക്കുന്നത്‌. പ്രോസിക്യൂട്ടറുടെ അഭിപ്രായത്തില്‍ പ്രസിഡന്റ്‌ കിബാക്കിയുടെ അനുയായികളെ തെരഞ്ഞെടുപ്പിനുശേഷം ആക്രമിക്കാനുള്ള ഗൂഢാലോചന റിഫ്റ്റ്‌വാലിയിലാണ്‌ നടന്നത്‌. പോലീസിന്‌ ശക്തി ഉപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും പൊതുജനങ്ങളെ ആക്രമിക്കാന്‍ ഒരു ഗുണ്ട ഗ്രൂപ്പുണ്ടാക്കുകയും ചെയ്തു. സ്റ്റേറ്റ്‌ ഹൗസില്‍ നിരോധിക്കപ്പെട്ട മുംഗികി ഗ്രൂപ്പുകാര്‍ ഒരാക്രമണത്തിന്‌ പരിപാടിയിട്ടിരുന്നതായി പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആദ്യത്തെ പ്രസിഡന്റായിരുന്ന ജോമോ കെനിയാട്ടയുടെ മകനായ 49കാരനായ കെനിയാട്ട ഹാജരാകല്‍ വിചാരണക്ക്‌ മുമ്പ്‌ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സംശയിക്കപ്പെടുന്നയാള്‍ ഹാജരാകുന്ന ആദ്യ സന്ദര്‍ഭമാകും.