രാജിനാടകം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ രോഷം

Wednesday 21 May 2014 7:30 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ രാജി നാടകത്തെച്ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത രോഷം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവെയ്ക്കാനൊരുങ്ങിയ പാര്‍ട്ടി അധ്യക്ഷ സോണിയയുടേയും വൈസ്പ്രസിഡന്റ്‌ രാഹുലിെ‍ന്‍റയും രാജി വാഗ്ദാനം തള്ളിയ നാടകത്തിനെതിരെയാണ്‌ രോഷമുയര്‍ന്നത്‌.
സംഘടനയെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നയിക്കുന്ന ഇരുവരുടേയും പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ്‌ തോല്‍വിക്കു കാരണമെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തര്‍ പറയുന്നത്‌. രാജിവെക്കാനൊരുങ്ങിയ നടപടി നാടകമായിരുന്നുവെന്ന്‌ പാര്‍ട്ടി വൃത്തങ്ങളും തുറന്നു സമ്മതിക്കുന്നു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത്തരമൊരു നാടകം കളിച്ചത്‌ ഗാന്ധി കുടുംബത്തിന്റെ നിലനില്‍പ്പിനുവേണ്ടിയായിരുന്നുവെന്നും, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും, സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരും നിലനില്‍ക്കെ അവരെ അധികാരത്തില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലനില്‍പ്പ്‌ ഉറപ്പു വരുത്തുകയായിരുന്നു സോണിയയുടേയും രാഹുലിന്റെയും ലക്ഷ്യമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
യോഗത്തിനു മുമ്പും അതിനുശേഷവും പാര്‍ട്ടിക്കെതിരെയും യുപിഎയ്ക്കെതിരെയും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതില്‍ യുപിഎ പരാജയപ്പെട്ടൂവെന്നാണ്‌ പാര്‍ട്ടിയിലെ തന്നെ വിമര്‍ശകര്‍ പറയുന്നത്‌. മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം പ്രശ്നബാധിതമായിരുന്നു. പാര്‍ട്ടിയില്‍ ഏതൊരു കാര്യത്തിനും ചുക്കാന്‍ പിടിച്ചത്‌ രാഹുലും, സോണിയയും ആയിരുന്നു. ഗാന്ധി -നെഹ്രു കുടുംബത്തിലെ അംഗമല്ലാത്ത ഒരാള്‍ക്കുപോലും ഏകഅഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. അത്‌ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. പാര്‍ട്ടിയുടെ തകര്‍ച്ചയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഇപ്പോള്‍ ക്ഷുഭിതരാക്കിയിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളും, രോഷവും ഗാന്ധി കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ചിലതുമാത്രം.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കാണെന്ന്‌ ചിലര്‍ പറയുന്നു. പ്രിയങ്ക കോണ്‍ഗ്രസിന്റെ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.
രാഹുല്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മാറ്റങ്ങള്‍ വരുത്തണം. പാര്‍ട്ടിയിലെ 'പുറംപണിക്കാരായ' വക്താക്കളെ പാടെ ഉപേക്ഷിക്കണമെന്നും എന്നാല്‍ മാത്രമേ രാഹുലിന്‌ രാഷ്ട്രീയ പ്രതിച്ഛായ ലഭിക്കുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.