ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍

Wednesday 21 September 2011 11:14 pm IST

കോട്ടയം: ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പായിപ്പാട്‌ നാലുകോടി മേടാം തറത്തില്‍ പ്രസാദ്‌ (൩൯) ആണ്‌ അബോധാവസ്ഥയില്‍ കഴിയുന്നത്‌. പ്രസാദിണ്റ്റെ നട്ടെല്ലിന്‌ ഒടിവുണ്ട്‌. ചങ്ങനാശ്ശേരി പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പില്‍വച്ചാണ്‌ പ്രസാദ്‌ ക്രൂരമര്‍ദ്ദനത്തിനിരയായത്‌. സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലിസുകാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച്‌ പ്രസാദിണ്റ്റെ മാതാവ്‌ രാധാമണി ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. ബുധനാഴ്ച രാവിലെ പ്രസാദ്‌ ഓടിക്കുന്ന ആപേ ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ചതിന്‌ പോലീസ്‌ പെറ്റിക്കേസ്‌ എടുത്തിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനേ തുടര്‍ന്ന്‌ പ്രസാദിണ്റ്റെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോഴാണ്‌ പ്രസാദ്‌ പോലീസ്‌ കസ്റ്റഡിയിലാണെന്നറിയുന്നത്‌. ഫോണെടുത്ത പോലീസുകാര്‍ ബന്ധുക്കളോട്‌ പ്രസാദിനെ സ്റ്റേഷനില്‍നിന്നും കൊണ്ടുപോയ്ക്കോളാനും പറഞ്ഞു. എന്നാല്‍ സ്റ്റേഷനിലെത്തിയ സഹോദരന്‍ ബാബു കാണുന്നത്‌ ബോധരഹിതനായി കിടക്കുന്ന പ്രസാദിനെയാണ്‌. പല തവണ വിളിച്ചിട്ടും ബോധം വരാതിരുന്നതിനേത്തുടര്‍ന്ന്‌ ആശുപത്രിയിലാക്കണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ബാബുവിണ്റ്റെ ജാമ്യത്തില്‍ വിടുന്നതായി രേഖയുണ്ടാക്കിയശേഷമാണ്‌ പ്രസാദിനെ ആശുപത്രിയിലാക്കാന്‍ പോലീസ്‌ സമ്മതിച്ചത്‌. ബോധമില്ലാത്തയാളെ ബന്ധുക്കള്‍ക്കൊപ്പം ജാമ്യം നല്‍കി വിട്ടത്‌ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനം പുറംലോകമറിയാതിരിക്കാനാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ ചങ്ങനാശ്ശേരി താലൂക്ക്‌ ആശുപത്രിയിലാക്കിയ പ്രസാദിനെ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റരുതെന്നും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിക്കാവൂ എന്നും ചങ്ങനാശ്ശേരി പോലീസ്‌ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ ഡോക്ടര്‍മാര്‍ പ്രസാദിനെ മെഡിക്കല്‍ക്കോളേജിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ ആറാം വാര്‍ഡില്‍ കഴിയുന്ന ഇയാളുടെ ബോധം ഇതുവരെ തിരികെകിട്ടിയിട്ടില്ല. ദേഹത്ത്‌ മര്‍ദ്ദനമേറ്റതിണ്റ്റെ പാടുകളുമുണ്ട്‌. ജില്ലയില്‍ ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ പലതവണ പഴികേട്ട പോലീസ്‌ സ്റ്റേഷനാണ്‌ ചങ്ങനാശ്ശേരി. എഎസ്‌ഐ ഏലിയാസ്‌ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ പിടികൂടിയ വിദ്യാര്‍ത്ഥികളെ ക്രൂരമര്‍ദ്ദനത്തിരയാക്കിയത്‌ ചങ്ങാനാശ്ശേരി സ്റ്റേഷനിലെ ലോക്കപ്പിലാണ്‌. ലോക്കപ്പ്‌ മര്‍ദ്ദനത്തിന്‌ പേരുകേട്ട ചില പോലിസുകാര്‍ ചങ്ങനാശ്ശേരിയിലുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌. കേസൊതുക്കാനുള്ള ശ്രമങ്ങളും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച്‌ പ്രസാദിണ്റ്റെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ പ്രസാദിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ്‌ ബന്ധുക്കളുടെ നിലപാട്‌. പോലീസ്‌ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ്‌ അബോധവസ്ഥയില്‍ ആക്കിയ ചങ്ങനാശ്ശേരി പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുത്തില്ലെങ്കില്‍ പോലീസ്സ്റ്റേഷന്‍ മാര്‍ച്ച്‌ അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ ബിജെപി പായിപ്പാട്‌ പഞ്ചായത്ത്കമ്മറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.