പഠനകേന്ദ്രങ്ങള്‍ അട്ടിമറിച്ചതിനെതിരെ സര്‍വകലാശാല ഉപരോധം 26ന്‌

Wednesday 21 September 2011 11:21 pm IST

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ നവോത്ഥാന പഠനകേന്ദ്രങ്ങള്‍ അട്ടിമറിച്ചതിനെതിരെ സനാതനധര്‍മസുഹൃദ്‌വേദിയുടെ ആഭിമുഖ്യത്തില്‍ 26ന്‌ നടക്കുന്ന സര്‍വകലാശാല ഉപരോധത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്ന്‌ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പ്രൊഫ.കെ.എസ്‌.ആര്‍.പണിക്കരും ജനറല്‍ കണ്‍വീനര്‍ പ്രൊഫ.പി.വി.പീതാംബരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ വൈസ്‌ ചാന്‍സലറുടെ കാലഘട്ടത്തില്‍ ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരുദേവന്‍, അയ്യങ്കാളി,ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമി, മഹാത്മാഗാന്ധി, ഇന്റര്‍ റിലീജിയസ്‌ തുടങ്ങി ഏഴ്‌ പഠനകേന്ദ്രങ്ങളാണ്‌ ആരംഭിക്കുവാന്‍ സിന്‍ഡിക്കേറ്റ്‌ തീരുമാനിച്ചത്‌. ഇതിനായി ഫണ്ട്‌ അനുവദിക്കുകയും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട്‌ എത്തിയ സിപിഎം സഹയാത്രികനായ വൈസ്‌ ചാന്‍സലര്‍ ഡോ.ജെ.പ്രസാദ്‌ പഠനകേന്ദ്രങ്ങള്‍ അട്ടിമറിക്കുകയായിരുന്നു.
പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ 24 സാമുദായിക സാംസ്ക്കാരിക സംഘടനകള്‍ ചേര്‍ന്ന്‌ രൂപീകരിച്ച ഫോറമാണ്‌ സനാതന ധര്‍മ സുഹൃദ്‌വേദി. വേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ 17-ാ‍ഘട്ട സമരമാണ്‌ 26ന്‌ നടക്കുന്ന സര്‍വകലാശാല ഉപരോധം. രാവിലെ 6ന്‌ ആരംഭിക്കുന്ന ഉപരോധത്തിന്‌ എസ്‌എന്‍ഡിപിയോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍, പുന്നല ശ്രീകുമാര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, വി.രാമലിംഗം, അഡ്വ.പി.ആര്‍.ദേവദാസ്‌, ടി.യു.രാധാകൃഷ്ണന്‍, ടി.പി.കുഞ്ഞുമോന്‍, എം.വി.ജയപ്രകാശ്‌, വി.കമലന്‍മാസ്റ്റര്‍, വി.ആര്‍.സത്യപാല്‍, എ.ബി.വിശ്വനാഥമേനോന്‍, എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്‌, കെ.പി.ബാലകൃഷ്ണന്‍, ബി.സുഭാഷ്‌ ബോസ്‌, എം.വി.രാജഗോപാല്‍, പി.എന്‍.സുകുമാരന്‍, വി.എ.ബാലകൃഷ്ണന്‍, കെ.പി.സോമനാഥക്കുറുപ്പ്‌, കാച്ചാണി അജിത്‌, സി.ആര്‍.നാരായണന്‍,. പി.ബി.ബോസ്‌, ടി.സി.ബേബി, രാജുകുമ്പളാന്‍, കെ.കെ.സോമന്‍ തുടങ്ങി വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
ഉപരോധത്തിന്‌ മുന്നോടിയായി രണ്ട്‌ ദിവസത്തെ തിരനോട്ടം പരിപാടി 24,25 തീയതികളില്‍ കാലടി ഗ്രാമപഞ്ചായത്ത്‌ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പവര്‍ പോയിന്റ്‌ പ്രസന്റേഷനും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.