തിളങ്ങിയ പെണ്‍പോരാട്ടങ്ങള്‍

Friday 23 May 2014 7:16 pm IST

ശക്തമായ പോരാട്ടമാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വനിതകള്‍ കാഴ്ച്ചവെച്ചത്‌. അഭ്രപാളിയില്‍ നിന്നും ജനവിധി തേടാനിറങ്ങിയ നായികമാരുടെ പോരാട്ടം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു തെരഞ്ഞെടുപ്പ്‌. ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്കെതിരെ ബിജെപിയുടെ സ്മൃതി ഇറാനി നടത്തിയ പോരാട്ടം വിസ്മരിക്കാനാവില്ല. വോട്ടെണ്ണലില്‍ ആദ്യം മുതല്‍ മുമ്പിലായിരുന്നു സ്മൃതി.
അവസാന നിമിഷം വരെ രാഹുല്‍ ഏറെ പിന്നിലുമായിരുന്നു. 90 ശതമാനം വോട്ടുകളും എണ്ണി പൂര്‍ത്തിയാക്കിയപ്പോഴാണ്‌ സ്മൃതി അല്‍പ്പമൊന്ന്‌ പിന്നിലായത്‌. രാഹുലിന്റെ സ്വന്തം മണ്ഡലമായിട്ടും പല ഘട്ടങ്ങളിലും സ്മൃതി വിജയിക്കുമെന്ന്‌ തോന്നിപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ശക്തമായ പ്രകടനമാണ്‌ അമേഠിയില്‍ സ്മൃതി കാഴ്ച്ചവെച്ചത്‌. റായ്ബറേലിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും, വിദിഷയില്‍ ബിജെപിയുടെ സുഷമാ സ്വരാജും, ഫാസിയാബാദില്‍ ഉമാഭാരതിയും നേരത്തെ വിജയം ഉറപ്പാക്കിയിരുന്നു.
ചണ്ഡീഗഢിലെ മത്സരം താരപ്പകിട്ടേറിയതായിരുന്നു. ബോളിവുഡ്‌ താരസുന്ദരി കിരണ്‍ ഖേര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ പവന്‍കുമാര്‍ ബന്‍സാലായിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച നടി 1,91,362 വോട്ടുകള്‍ നേടിയാണ്‌ ഇവിടെ വിജയിച്ചത്‌. മുംബൈ നോര്‍ത്ത്‌ വെസ്റ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗ്ലാമര്‍ നടി രാഖി സാവന്ത്‌ പരാജയപ്പെട്ടെങ്കിലും മത്സരം ശ്രദ്ധിക്കപ്പെട്ടു. മുംബൈ നോര്‍ത്തില്‍ വിജയിച്ച പൂനംമഹാജന്റെ വിജയവും മധുരമേറിയതാണ്‌. രണ്ട്‌ തവണ എംപിയായി വിജയിച്ച കോണ്‍ഗ്രസിന്റെ പ്രിയ ദത്തിനെ 1.86 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ പരാജയപ്പെടുത്തിയത്‌. ആംആദ്മി സ്ഥാനാര്‍ത്ഥി ഷാസിയ ഇല്‍മിയുടെ ഗാസിയാബാദ്‌ മണ്ഡലത്തിലെ മത്സരവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കടുത്ത മത്സരമാണെന്ന്‌ അവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും വിജയിക്കാനായില്ല.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചത്‌ സിറ്റിംഗ്‌ എംപിയും നടിയുമായ രമ്യയായിരുന്നു. 31 കാരിയായ രമ്യയുടെ ആദ്യ വരവ്‌ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രതിനിധി എന്ന നിലയില്‍ വലിയ സ്വീകരണവും രമ്യക്ക്‌ ലഭിച്ചു. ഇത്തവണ ജെഡിഎസിന്റെ സി.എസ്‌. പുത്തരാജുവിന്റെ മുമ്പില്‍ നടിക്ക്‌ മുട്ടുമടക്കേണ്ടി വന്നു. ന്യൂദല്‍ഹി സീറ്റില്‍ കടുത്ത പോരാട്ടം കാഴ്ച്ചവെച്ച വനിതാ നേതാവായിരുന്നു മീനാക്ഷി ലേഖി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ലേഖിയുടെ മുഖ്യഎതിരാളി ആംആദ്മി സ്ഥാനാര്‍ത്ഥി ആഷിഷ്‌ കേതന്‍ ആയിരുന്നു. 1.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ മീനാക്ഷി ലേഖി വിജയക്കൊടി പാറിച്ചത്‌. ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ നിന്നും മത്സരിച്ച ബിജെപിയുടെ മനേക ഗാന്ധിയും വിജയ മധുരം നുകര്‍ന്നു.
പശ്ചിമബംഗാളിലെ ബാംഗുരയില്‍ മമതാ ബാനര്‍ജിയുടെ തുറുപ്പു ചീട്ടായിരുന്നു താരസുന്ദരി മുണ്‍മൂണ്‍ സെന്‍. മുണ്‍മൂണുമായുള്ള ആത്മസൗഹൃദത്താലാണ്‌ മത്സരിക്കാനുള്ള അവസരം മമത, മുണ്‍മൂണിന്‌ നല്‍കിയത്‌. നടിയായതിനാല്‍ ആരാധകരുടെ വോട്ട്‌ പെട്ടിയില്‍ വീഴിക്കാമെന്ന മമതയുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. ഒമ്പത്‌ തവണ എംപിയായിരുന്ന സിപിഐയുടെ ബസുദേബ്‌ ആചാര്യയെ പരാജയപ്പെടുത്തിക്കൊണ്ട്‌ വലിയ വിജയമാണ്‌ മുണ്‍മൂണ്‍ സ്വന്തമാക്കിയത്‌.
ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി നന്ദന്‍ ബഹുഗുണയുടെ മകള്‍ റിത ബഹുഗുണ മത്സരിച്ചത്‌ ലക്നൗവിലാണ്‌. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ രാജ്നാഥ്‌ സിംഗിനെതിരായണ്‌ റിത ബഹുഗുണ മത്സരിച്ച്‌ പരാജയപ്പെട്ടത്‌. ആംആദ്മിയുടെ മേധാപട്ക്കര്‍ മുംബൈയില്‍ പരാജയപ്പെട്ടപ്പോള്‍ എന്‍സിപിയുടെ സുപ്രിയ സൂലെ മഹാരാഷ്ട്രയില്‍ വിജയിച്ചു.
ഉത്തര്‍പ്രദേശിലെ മധുരയില്‍ നിന്ന്‌ ബിജെപി ടിക്കറ്റില്‍ മത്സരിച്ച 'ഡ്രീം ഗേള്‍' ഹേമമാലിനി ബിഎസ്പിയുടെ യോഗേഷ്‌ ദ്വിവേദിയേയും ആംആദ്മിയുടെ കപില്‍ മിശ്രയേയുമാണ്‌ പരാജയപ്പെടുത്തിയത്‌.
പാടലീപുത്രയില്‍ ആര്‍ജെഡി നിര്‍ത്തിയത്‌ ലാലുപ്രസാദിന്റെ മകള്‍ മിസ ഭാരതിയെയായിരുന്നു. ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ സരാണ്‍ മണ്ഡലത്തിലും നിര്‍ത്തി. രണ്ടു പേരും വിജയിച്ചില്ല.
തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ തന്നെ വിവാദ നായികയായ സ്ഥാനാര്‍ത്ഥിയായിരുന്നു നടി നഗ്മ. മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ നഗ്മയെയും ഇത്തവണ ഭാഗ്യം തുണച്ചില്ല. ആന്ധ്രാപ്രദേശിന്റെ മണ്ണില്‍ പോരാട്ട വീര്യം ചോരാതെ ഓടിനടന്ന സ്ഥാനാര്‍ത്ഥിയായിരുന്നു വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ വിജയമ്മ. വൈഎസ്‌ആറിന്റെ ഭാര്യയും ജഗന്‍മോഹന്റെ അമ്മയുമായ വിജയമ്മ ഏതാണ്ട്‌ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു മത്സരിക്കാനിറങ്ങിയത്‌. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.