ഖാസിയുടെ ദുരൂഹ മരണം; സിബിഐ സംഘം വീണ്ടും ചെമ്പരിക്കയില്‍

Wednesday 21 September 2011 11:30 pm IST

കാസര്‍കോട്‌: സമസ്ത വൈസ്‌ പ്രസിഡണ്ടും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൌലവിയുടെ ദുരൂഹമരണം സംബന്ധിച്ച്‌ അന്വേഷിക്കുന്നതിനായി സി ബി ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി. സി ബി ഐ തിരുവനന്തപുരം യൂണിറ്റ്‌ എസ്‌ പി രഖേഷ്‌ കുമാര്‍, അഡീഷണല്‍ എസ്‌ പി നന്ദകുമാര്‍ നായര്‍, ഇന്‍സ്പെക്ടര്‍ ലാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കാസര്‍കോട്ടെത്തിയത്‌. ഇന്‍സ്പെക്ടര്‍ ലാസറിണ്റ്റെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തിണ്റ്റെ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്ത സി ബി ഐ ഡയരക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ കൂടുതല്‍ അന്വേഷണത്തിനായി സംഘം കാസര്‍കോട്ടെത്തിയത്‌. സി ബി ഐ സംഘം അന്വേഷണം നിര്‍ത്തിയെന്നുള്ള പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത്‌ അധികൃതര്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സി ബി ഐ സംഘം ഖാസിയുടെ മൃതദേഹം കണ്ട ചെമ്പരിക്ക കടുക്കകല്ല്‌, ഖാസിയുടെ വീട്‌ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുകയും ഖാസി ഉപയോഗിച്ച വീട്ടിലെ മുറിയും, അദ്ദേഹം ഉപയോഗിച്ച തലയണ, അലമാര, മേശ എന്നിവയും പരിശോധിച്ചു. പരിശോധനയ്ക്ക്‌ ശേഷം ഖാസിയുടെ ഭാര്യയില്‍ നിന്നും, അടുത്ത ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു ഇന്നലെ രാവിലെ വീണ്ടും ചെമ്പരിക്കയില്‍ എത്തിയ സി ബി ഐ സംഘം പരിശോധ നടത്തി.. ഖാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്‌ സര്‍ജന്‍ കെ ഗോപാലകൃഷ്ണ പിള്ളയും, കോഴിക്കോട്ടു നിന്നുള്ള രണ്ട്‌ ഫോറന്‍സിക്‌ വിദഗ്ധരും സി ബി ഐ സംഘത്തോടൊപ്പമുണ്ടായിരുന്നു.