കൊച്ചിയിലെ പുലയരും പണ്ഡിറ്റ്‌ കറുപ്പനും

Friday 23 May 2014 9:35 pm IST

ഇന്ന്‌ പണ്ഡിറ്റ്‌ കറുപ്പന്റെ നൂറ്റി മുപ്പതാം ജന്മദിനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കൊച്ചിരാജ്യത്ത്‌ പുലയര്‍ തുടങ്ങിയ അധഃസ്ഥിത ജനത ഒരുലക്ഷത്തോളം ഉണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുവിതാംകൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളിലും അടിമകച്ചവടം നിരോധിച്ച കാലഘട്ടം ആയിരുന്നു അത്‌. പുലയര്‍ കാര്‍ഷിക അടിമകളായിരുന്നു. ആ അവസ്ഥയില്‍നിന്നും ഇന്നത്തെ അവസ്ഥയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ട അവരുടെ ചരിത്രത്തിന്‌ ഏതാണ്ട്‌ നൂറുകൊല്ലത്തെ പഴക്കമേയുള്ളൂ.
കൊച്ചി രാജ്യത്തെ പുലയരുടെ സാമൂഹ്യസ്വാതന്ത്ര്യത്തിന്‌ പണ്ഡിറ്റ്‌ കറുപ്പന്‍ എന്ന മനുഷ്യസ്നേഹി വഹിച്ച പങ്ക്‌ നിസ്തൂലമായിരുന്നു. സ്വാതന്ത്ര്യം അനുഭവിക്കാന്‍ സംഘടിച്ച്‌ ശക്തരാകണമെന്നായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍ പുലയര്‍ക്ക്‌ നല്‍കിയ മന്ത്രോപദേശം. അതവര്‍ പെട്ടെന്ന്‌ ഉള്‍ക്കൊള്ളുകയും ചെയ്തു. 100 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കായല്‍സമ്മേളനത്തിന്റെയും തുടര്‍ന്ന്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ സ്കൂളില്‍ രണ്ടുപ്രാവശ്യം നടന്ന പുലയമഹാസമ്മേളനങ്ങളുടെയും ഫലമാണ്‌ സമസ്ത കൊച്ചി പുലയ മഹാസഭ. ഈ സംഭവങ്ങളിലെല്ലാം കറുപ്പന്‍ മാസ്റ്ററുടെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടായിരുന്നു. ഏകദേശം 35 കൊല്ലക്കാലം സമസ്ത കൊച്ചി പുലയ മഹാസഭ പ്രവര്‍ത്തിച്ചു. ഒരു വലിയ നേതൃനിര ഇതിനകം അവര്‍ക്കുണ്ടായി.
കൃഷ്ണാദി ആശാനും പി.സി. ചാഞ്ചനും കെ.പി. വള്ളോനും ആദ്യനിരയില്‍പ്പെട്ട നേതാക്കളായിരുന്നു. അവരുടെ തുടര്‍ച്ചക്കാരില്‍ ചിലര്‍ കെ.കെ. കണ്ണന്‍, പി.കെ. ചാത്തന്‍മാസ്റ്റര്‍, കെ.കെ. മാധവന്‍, കെ.കെ.ദാക്ഷായണി, പി.കെ. കൊടിയന്‍, എം.കെ. കൃഷ്ണന്‍, കൃഷ്ണന്‍ (എംഎല്‍സി), ടി.എ. പരമന്‍, കെ.കെ. പൈങ്കി, എന്‍.സി. താണുങ്ങാടന്‍ തുടങ്ങിയവരായിരുന്നു. അറിയപ്പെടാത്ത വേറെയും നിരവധിപേരുണ്ട്‌. വിദ്യാഭ്യസത്തില്‍ ഭേദപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ച അവര്‍, വിദ്യാഭ്യാസംകൊണ്ടുണ്ടാകുമായിരുന്ന വ്യക്തിപരമായ നേട്ടങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌ സാമൂഹ്യ ഉമ്മമനത്തിനായി പ്രവര്‍ത്തിച്ചത്‌. ആ ത്യാഗമനോഭാവം ഇന്നന്യമാണ്‌.
സമസ്ത കൊച്ചി പുലയമഹാസഭയുടെ ഇൌ‍ യുവനേതൃത്വം ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ടുകൊണ്ട്‌ സാമൂഹികമായ ഒരു കുതിച്ചുചാട്ടമാണ്‌ നടത്തിയത്‌. പുലയര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി.
കറുപ്പന്‍മാസ്റ്റര്‍ അധഃകൃത വര്‍ഗ്ഗോപസംരക്ഷകനായിരുന്നു. കൊച്ചി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഒരുദ്യോഗമായിരുന്നു അത്‌. അധഃസ്ഥിതരെ ഭൗതികമായും ആത്മീയമായും ഉന്നമിപ്പിക്കാനുള്ള പദ്ധതി ഈ അധഃകൃത വര്‍ഗ്ഗോപ സംരക്ഷകനുണ്ടായിരുന്നു. അത്‌ ഉള്ളടക്കം ചെയ്ത കൃതിയാണ്‌ 'ആചാരഭൂഷണം'. അതിലെ ഉദ്ദേശങ്ങള്‍ക്ക്‌ സമസ്ത കൊച്ചി പുലയ മഹാസഭ വ്യാപകമായ പ്രചാരണം നല്‍കി. 1928 ല്‍ രചിക്കപ്പെട്ട 'ആചാരഭൂഷണം' അക്ഷരാര്‍ത്ഥത്തില്‍ അധഃസ്ഥിതരുടെ 'സ്മൃതി'യാണ്‌, കറുപ്പന്‍സ്മൃതി. അധഃസ്ഥിതര്‍ എങ്ങനെ ജീവിച്ച്‌ സ്വയം വിമോചിതരാകണമെന്ന്‌ പറഞ്ഞുകൊടുത്ത്‌ അവരെ ഉദ്ബുദ്ധരാക്കാന്‍ വേറെ ആരും അക്കാലത്ത്‌ ഇവിടെ ഉണ്ടായിരുന്നില്ല!
പുലയരുടെ ആരാധനാസമ്പ്രദായം വളരെ അപരിഷ്കൃതമായിരുന്നു. ദുര്‍ദൈവങ്ങള്‍ക്ക്‌ കള്ളും മത്സ്യവും നിവേദിച്ചുകൊണ്ടുള്ള ആരാധന സല്‍ഭാവങ്ങള്‍ വളര്‍ത്താന്‍ സഹായകമല്ല. അതുകൊണ്ട്‌ അത്‌ ഉപേക്ഷിക്കപ്പെടണം. പൗരാണിക ദൈവങ്ങളാണ്‌ ആരാധനായോഗ്യമായിട്ടുള്ളത്‌. ഈ ചിന്തയില്‍നിന്നും ഉടലെടുത്തതായിരുന്നു പനമ്പുകാട്ടും മുളവുകാട്ടും ഉള്ള പുലയസങ്കേതങ്ങളില്‍ സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങള്‍. ഇന്ന്‌ കേരളത്തിലെ ആയിരക്കണക്കിന്‌ അധഃസ്ഥിതരുടെ ക്ഷേത്രങ്ങളിലെ മൂര്‍ത്തികള്‍ പൗരാണിക സങ്കല്‍പത്തിലുള്ളതാണ്‌.
"കാണായലോകങ്ങളൊക്കെയും സൃഷ്ടിച്ചു കാത്തരുളീടുന്ന തമ്പുരാനേ"- എന്ന സംബോധനയോടെ തുടങ്ങുന്ന പ്രാര്‍ത്ഥന 'ആചാരാഭൂഷണ'തില്‍ ഉള്ളതാണ്‌. അത്‌ പുലയരെ ഉദ്ദേശിച്ച്‌ രചിക്കപ്പെട്ടതാണ്‌. പുലയരോടുള്ള കറുപ്പന്‍ മാസ്റ്ററുടെ നിസ്സീമമായ സ്നേഹത്തിന്റെ കുത്തൊഴുക്ക്‌ 'വള്ളോന്‍ കവിത'യില്‍ കാണാം.
അളവറ്റ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന ഒരു ജനതയുടെ (വള്ളോന്‍ കുലത്തിന്റെ- പുലയരുടെ) ദുഃഖങ്ങളകറ്റാന്‍ ജഗത്മാതാവിനോടപേക്ഷിച്ച കവി, കറുപ്പന്‍മാസ്റ്റര്‍ മാത്രമാണ്‌.
തിരുവിതാംകൂറില്‍ സുഭാഷിണി പത്രാധിപര്‍ പി. ഗോവിന്ദപ്പിള്ള, അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെടാന്‍ എടുത്തനടപടികള്‍ സുപരിചിതമാണല്ലോ. അതുപോലെ, പി.സി. ചാഞ്ചനെയും കെ.പി. വള്ളോനെയും കൊച്ചി നിയമസഭയിലേക്ക്‌ നോമിനേറ്റുചെയ്യാന്‍ കാരണം പണ്ഡിറ്റ്‌ കറുപ്പന്‍ ആയിരുന്നു.
മലയാള സാഹിത്യമണ്ഡലത്തില്‍ പുലയരുടെ ജീവിതം ഇതിവൃത്തമാക്കി രചനകള്‍ നിര്‍വഹിച്ച സാഹിത്യകാരന്മാര്‍ കറുപ്പന്‍ മാസ്റ്റര്‍ക്ക്‌ മുമ്പായി ആരും ഉണ്ടായിട്ടില്ല. അക്കൂട്ടത്തില്‍ കറുപ്പന്‍ മാസ്റ്ററുടെ തൂലികയില്‍നിന്നും നിര്‍ഗ്ഗളിച്ച കൃതികളാണ്‌, 'ജാതികുമ്മി', 'വള്ളോന്‍കവിത', 'ചാഞ്ചന്‍ കുട്ടി', 'ദീനരോദനം' തുടങ്ങിയവ. 'ബാലാകലേശം' നാടകത്തിലെ ഏറ്റവും സംഘട്ടനാത്മകമായ ഭാഗം- 'തൊട്ടെന്നും തീണ്ടിയെന്നും കുറ്റപ്പെടുത്തി' കൊച്ചാല്‍ എന്ന പുലയനെ നാലുപേര്‍ ചേര്‍ന്ന്‌ മര്‍ദ്ദിക്കുന്നതും അവരെ ദിവാന്‍ വിചാരണ ചെയ്ത്‌ രണ്ടുപേരെ തൂക്കിക്കൊല്ലാനും രണ്ടുപേരെ നാടുകടത്താനും വിധിക്കുന്നതാണ്‌.
ഭരണകൂടത്തിന്റെ കര്‍ശനമായ ഇടപെടല്‍ കൊണ്ടുമാത്രമേ തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാനാകുകയുള്ളൂവെന്ന്‌ കറുപ്പന്‍മാസ്റ്റര്‍ ഉറക്കെ പ്രഖ്യാപിക്കുന്ന കാഴ്ചയാണ്‌ നാം ഇവിടെ കാണുന്നത്‌.
അധഃകൃതവര്‍ഗ്ഗോപ സംരക്ഷകന്‍ എന്ന നിലയില്‍ ചാലക്കുടി, വൈപ്പിന്‍കരയിലെ വളപ്പ്‌, നെട്ടൂര്‍ എന്നിവിടങ്ങളിലെ പട്ടികജാതി/വര്‍ഗ്ഗ കോളനികള്‍ സ്ഥാപിക്കുന്നതിന്‌ കറുപ്പന്‍മാസ്റ്ററുടെ പരിശ്രമം ഉണ്ടായിരുന്നു. വികസനത്തെ മുന്‍കൂട്ടി കണ്ട്‌ ഏറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ചാലക്കുടി കോളനി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌. ഇവിടെ കറുപ്പന്‍ മാസ്റ്റര്‍ താമസിച്ച്‌ കോളനിനിവാസികളെ കുളിക്കാനും ക്ഷേത്രദര്‍ശനം നടത്താനും പ്രേരിപ്പിച്ചിട്ടുണ്ട്‌.
1910 നുശേഷമാണ്‌ കൊച്ചിയിലെ അധഃസ്ഥിതര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിച്ചുതുടങ്ങിയത്‌. തിരുവിതാംകൂറിനെ അപേക്ഷിച്ച്‌ കൊച്ചിയില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഇവിടെ കൂടുതല്‍ പേര്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞു. അധഃസ്ഥിതരായ കുട്ടികളെ സ്കൂളുകളിലേക്ക്‌ തടുത്തുകൊണ്ടുപോകുന്നതിന്‌ ആദ്യകാലത്ത്‌ സാമൂഹികമായ സമ്മര്‍ദ്ദം ചെലുത്തിയത്‌ സമസ്ത കൊച്ചി പുലയ മഹാസഭയായിരുന്നു.
നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അധഃസ്ഥിത ജനങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടത്‌ മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണ്‌. അതിന്‌ കാരണം മഹാത്മാ ഫൂലെയും സദാനന്ദസ്വാമികളും പണ്ഡിറ്റ്‌ കറുപ്പനുമായിരുന്നു.
കെ.വി. മദനന്‍ (ലേഖകന്‍ വിശ്വഹിന്ദു പരിഷത്ത്‌ ദേശീയ വൈസ്‌ പ്രസിഡന്റാണ്‌)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.