പോലീസുകാരെ ആക്രമിച്ച്‌ സിപിഎമ്മുകാര്‍ പ്രതികളെ മോചിപ്പിച്ചു

Wednesday 21 September 2011 11:33 pm IST

ചെറുവത്തൂറ്‍: പോലീസ്‌ കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അക്രമക്കേസ്‌ പ്രതികളെ പോലീസിനെ അക്രമിച്ച സിപിഎമ്മുകാര്‍ മോചിപ്പിച്ചു. മുസ്ളീംയൂത്ത്‌ ലീഗ്‌ ജില്ലാ ജോയിണ്റ്റ്‌ സെക്രട്ടറി ചീമേനി പോത്താംകണ്ടത്തെ എം.ടി.പി.ഷൌക്കത്തലിയെ ആക്രമിച്ച കേസിലെ പ്രതികളായ എ.ജി.ഷെരീഫ്‌ 28), എ.വി.ഷെമീര്‍ (27), എ.ജി.മുസ്തഫ (26), കുഞ്ഞിക്കോയ (32) എന്നിവര്‍ കൌണ്ടര്‍ കേസിന്‌ വേണ്ടി സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂറ്‍ സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. ഷൌക്കത്തലിയുടെ പരിക്ക്‌ ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രതികള്‍ക്ക്‌ ചീമേനി പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്യുന്ന മുറക്ക്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യാനിരിക്കെ കഴിഞ്ഞ ദിവസം രാത്രി രാമന്തളിയില്‍ നിന്നെത്തിയ പതിനഞ്ചോളം വരുന്ന സിപിഎം കാര്‍ പോലീസിനെ അക്രമിച്ച ശേഷം നാല്‌ പ്രതികളെയും മോചിപ്പിക്കുകയായിരുന്നു. പോലീസിനെ അക്രമിച്ച്‌ നാല്‌ പ്രതികളെ രക്ഷപ്പെടുത്തിയതിന്‌ രാമന്തളി സ്വദേശികളായ പതിനഞ്ചോളം സി.പി.എം കാര്‍ക്കെതിരെ പയ്യന്നൂറ്‍ പോലീസ്‌ കേസെടുത്തു. ആശുപത്രിയില്‍ പ്രതികള്‍ക്ക്‌ കാവല്‍ നിന്ന പോലീസുകാരുടെ പരാതിയിലാണ്‌ കൃത്യനിര്‍വ്വഹണ തടസ്സം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്‌.