കള്ളനോട്ട്‌: എന്‍ഐഎ വിവരം ശേഖരിച്ചു

Wednesday 21 September 2011 11:34 pm IST

കാഞ്ഞങ്ങാട്‌ : തളിപ്പറമ്പില്‍ വാഹനപരിശോധനക്കിടയില്‍ പത്ത്‌ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗസംഘത്തില്‍പ്പെട്ട ഹൊസ്ദുര്‍ഗ്‌ കടപ്പുറം ഹദ്ദാദ്നഗര്‍ പള്ളിക്കടുത്ത്‌ താമസിക്കുന്ന അക്കരമ്മല്‍ കമാല്‍ ഹാജിയെയും ഇയാളുമായി അടുപ്പമുള്ള കാഞ്ഞങ്ങാട്ടെ ചിലരെയും കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ച്‌ മടങ്ങി. കമാല്‍ ഹാജിയുടെ സാമ്പത്തിക സ്രോതസ്സ്‌, ജോലി, കുടുംബപശ്ചാത്തലം എന്നിവയാണ്‌ പ്രാധനമായും ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമികമായി അന്വേഷിച്ചിട്ടുള്ളത്‌. കമാല്‍ ഹാജിയുമായി കാഞ്ഞങ്ങാട്‌ അടുത്തുബന്ധമുള്ള ചിലരെ കുറിച്ചും ഹൈദരാബാദില്‍ നിന്ന്‌ എത്തിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ്‌ പോലീസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കമാല്‍ ഹാജിയുടെ കൂട്ടു പ്രതികളായ പിലാത്തറയിലെ വടക്കേപുരയില്‍ പ്രദീപ്കുമാര്‍, എളയാവൂരിലെ പാറപ്പുറത്ത്‌ എം.പി. ആഷിഷ്‌ എന്നിവരെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. കള്ളനോട്ട്‌ കേസിണ്റ്റെ അന്വേഷണം താമസിയാതെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കൈകളിലെത്തും. എന്‍.ഐ.എ അന്വേഷണ സംഘം താമസിയാതെ കാഞ്ഞങ്ങാട്ടെത്തുമെന്നാണ്‌ സൂചന. കമാല്‍ ഹാജിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ തളിപ്പറമ്പ്‌ സിഐ പ്രേമചന്ദ്രനും സംഘവും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തി. സംഘം കമാല്‍ ഹാജിയുടെയും അയാളുമായി അടുത്ത ബന്ധമുള്ളവരുടെയും വീടുകളില്‍ രഹസ്യമായി പരിശോധന നടത്തി. കമാല്‍ ഹാജിക്ക്‌ എം.പി. ആഷിഷുമായാണ്‌ അടുത്ത ബന്ധമുണ്ടായിരുന്നത്‌. ആഷിഷ്‌ വഴിയാണ്‌ പിലാത്തറയിലെ പ്രദീപ്‌ കുമാറുമായി കമാല്‍ ഹാജി ബന്ധപ്പെടുന്നതും പിന്നീട്‌ മൂന്നുപേരും ചേര്‍ന്ന്‌ കള്ളനോട്ട്‌ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.