മദ്യത്തിനെതിരെ വീട്ടമ്മയുടെ ഒറ്റയാള്‍ പോരാട്ടം

Saturday 24 May 2014 8:37 pm IST

ആലപ്പുഴ: മദ്യവിപത്തിനെതിരെ പത്രസമ്മേളനങ്ങളും പ്രസ്താവനകളും നടത്തി മാധ്യമങ്ങളില്‍ നിറയുന്ന മദ്യവിരുദ്ധര്‍ മാതൃകയാക്കേണ്ടതാണ്‌ കോട്ടയം കൊല്ലാട്‌ സേവിക ചാരിറ്റബിള്‍ ട്രസ്റ്റില സുജാത സദനന്‍ നടത്തുന്ന ഒറ്റയാള്‍ സമരം.
മദ്യം സ്വന്തം കുടുംബത്തില്‍ വരുത്തിയ ദുരിതം സ്വപ്രയത്നം കൊണ്ട്‌ മറികടന്ന സുജാത, ഇനി ഒരു കുടുംബവും മദ്യം മൂലം കണ്ണീരു കുടിക്കരുതെന്ന ആഗ്രഹത്താലാണ്‌ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്‌. മദ്യവിരുദ്ധ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ ഓവര്‍ക്കോട്ടണിഞ്ഞ്‌ എല്ലാ പ്രധാന സ്ഥലങ്ങളിലുമെത്തി മദ്യത്തിനെതിരെയുള്ള ലഘുലേഖകള്‍ ഇവര്‍ പൊതുജനത്തിന്‌ നല്‍കുന്നു. കൂടാതെ മദ്യ വിപത്തിനെതിരായ ഫ്ലക്സ്‌ ബോര്‍ഡും പ്രദര്‍ശിപ്പിക്കും. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ, ആരില്‍ നിന്നും സംഭാവനയും സ്വീകരിക്കാതെയാണ്‌ സുജാതയുടെ പ്രവര്‍ത്തനം.
കഴിഞ്ഞ 14ന്‌ കോട്ടയം ഗാന്ധി സ്ക്വയറില്‍ നിന്നാണ്‌ സുജാത മദ്യവിരുദ്ധ പ്രചരണം തുടങ്ങിയത്‌. സര്‍ക്കാര്‍ മദ്യക്കച്ചവടം നിര്‍ത്തുക, ബിവറേജസ്‌ ഷോപ്പുകള്‍ പൂട്ടുക, സ്കൂള്‍, കോളേജ്‌, ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം കേന്ദ്രീകരിച്ച്‌ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന മാഫിയകള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുക തുടങ്ങിയവയാണ്‌ ഭര്‍ത്താവ്‌ സദനുമൊന്നിച്ച്‌ നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ സുജാത ആവശ്യപ്പെടുന്നത്‌.
കെട്ടിട നിര്‍മാണ കരാറുകാരനായ ഭര്‍ത്താവ്‌ സദനന്‍ മദ്യാസക്തിയില്‍പ്പെട്ട്‌ 20 വര്‍ഷം മരിച്ചുജീവിച്ചതാണ്‌ മദ്യത്തിനെതിരെയുള്ള പോരാട്ടത്തിന്‌ തന്നെ പ്രചരിപ്പിച്ചതെന്ന്‌ അവര്‍ പറഞ്ഞു. വന്‍ കടഭാരത്താല്‍ വീടും സ്ഥലവും ജപ്തി ഭീഷണി നേരിട്ടപ്പോള്‍ 22 വയസുള്ള മകള്‍ ആത്മഹത്യ ചെയ്തു. കുടുംബം തകര്‍ന്നു. ദുഃഖങ്ങളില്‍ നിന്ന്‌ മോചനത്തിനായി മദ്യനിരോധന പ്രവര്‍ത്തനങ്ങളില്‍ സുജാത ഏര്‍പ്പെട്ടു. ഇവരുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മുഴുക്കുടിയനായിരുന്ന സദനന്‍ മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചു. ഇപ്പോള്‍ സുജാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുണയായി സദനനുമുണ്ട്‌.
അച്ഛന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച്‌ ഒമ്പത്‌ വയസുകാരന്‍ മരിച്ചത്‌ ഓരോ അച്ഛന്മാരും ഓര്‍മിക്കണമെന്ന്‌ ഇരുവരും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.