ദുരൂഹത: പാറ്റ്ന ട്രെയിനില്‍ കൊണ്ടുവന്നത്‌ 486 കുട്ടികളെ

Sunday 25 May 2014 10:11 am IST

പാലക്കാട്‌: ബീഹാര്‍, ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളില്‍നിന്ന്‌ കേരളത്തിലേക്ക്‌ രേഖകളൊന്നുമില്ലാതെ ട്രെയിനില്‍ 486 കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. കോഴിക്കോട്‌ മുക്കത്തെ മുസ്ലിം ഓര്‍ഫനേജില്‍ പഠിപ്പിക്കാന്‍ കൊണ്ടുവന്ന കുട്ടിളെന്നു പറയുന്നെങ്കിലും ഇതു സംബന്ധിച്ച്‌ എല്ലാവര്‍ക്കും രേഖകളില്ല. കുട്ടികളില്‍ 10 പേര്‍ കൈക്കുഞ്ഞുങ്ങളാണ്‌.
പട്ന- എറണാകുളം എക്സ്പ്രസിന്റെ മൂന്നു എസി കമ്പാര്‍ട്ടുമെന്റുകളിലായി കുത്തി നിറച്ച്‌ കന്നുകാലികളെ പോലെ കുട്ടികളെ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ ബാലാവകാശ സംരക്ഷണ സമിതി കേസെടുത്തിട്ടുണ്ട്‌. റയില്‍വേ പോലീസ്‌ കുട്ടികളില്‍നിന്ന്‌ മൊഴി എടുത്തുവരികയാണ്‌. മതിയായ രേഖകളുണ്ടായിരുന്ന കുട്ടികളെ ഓര്‍ഫനേജില്‍നിന്നു വന്നവരോടൊപ്പം വിട്ടയച്ചു.ഇവര്‍ വിനോദയാത്ര പോയതാണെന്നാണ്‌ വിശദീകരണം.
ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ്‌ റെയില്‍വേ പൊലീസും പാലക്കാട്‌ നോര്‍ത്ത്‌ പൊലീസും ചേര്‍ന്ന്‌ കുട്ടികളെ കണ്ടെത്തിയത്‌. 476 കുട്ടികളും 10 കൈക്കുഞ്ഞുങ്ങളും ഇരുപതോളം മുതിര്‍ന്നവരും മുണ്ടായിരുന്നു. മുതിര്‍ന്നവരെ ചോദ്യം ചെയ്തപ്പോളാണ്‌ കോഴിക്കോട്‌ മുക്കത്തുള്ള ഓര്‍ഫനേജിലേക്ക്‌ കൊണ്ടുപോകുകയാണെന്ന്‌ അറിയിച്ചത്‌. കുട്ടികളെ മുട്ടിക്കുളങ്ങരയിലുള്ള ചെയില്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന്‌ കളക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു.
മുന്നിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളകുട്ടികളെയാണ്‌ കൊണ്ടുവന്നത്‌. സംഘത്തില്‍ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. ട്രെയിനില്‍ രക്ഷിതാക്കളില്ലാതെ കൂടുതല്‍ കുട്ടികളെ കണ്ട ചിലരാണ്‌ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചത്‌. ഇതേതുടര്‍ന്ന്‌ ഒലവക്കോട്‌ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുക്കത്തുള്ള ഓര്‍ഫനേജില്‍ പഠിക്കുന്ന കുട്ടികള്‍ അവധിക്ക്‌ നാട്ടില്‍പോയി തിരിച്ചുവരികയായിരുന്നു എന്നായിരുന്നു ഒപ്പമുള്ളവര്‍ പറഞ്ഞത്‌. കൂടുതല്‍ കുട്ടികളെ ഓര്‍ഫനേജില്‍ പഠിപ്പിക്കാന്‍ കൊണ്ടുവന്നതാണെന്നാണ്‌ ഒരു വിശദീകരണം. കൂടെ യാത്രചെയ്ത മുതിര്‍ന്നവര്‍ ഓര്‍ഫനേജില്‍ ജോലിക്ക്‌ പോകുന്നതാണെന്നും പറയുന്നു. നോര്‍ത്ത്‌ സിഐ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. 22 ന്‌ വൈകിട്ട്‌ ഏഴു മണിക്കാണ്‌ ജസൈദ്‌ സ്റ്റേഷനില്‍ നിന്ന്‌ ഇവര്‍ കയറിയത്‌. സംശയം തോന്നാതിരിക്കാന്‍ 12 മുതല്‍ 15 വരെയുള്ള എ സി ബോഗിയിലായിരുന്നു ഇവരെ കൊണ്ടുവന്നത്‌. രണ്ട്‌ ദിവസം രാത്രി വലിയവര്‍ക്ക്‌ 210 പേര്‍ സഞ്ചരിക്കാവുന്ന കോച്ചില്‍ 500 ഓളം പേരെ കുത്തി നിറച്ച്‌ കൊണ്ടുവന്നത്‌. തീവണ്ടിയില്‍ കയറ്റിയ ശേഷം ഒപ്പമുള്ള ആരും തന്നെ ഇവരെ തിരിഞ്ഞ്‌ നോക്കിയില്ലെന്ന്‌ ഒപ്പം യാത്ര ചെയതവര്‍ പറയുന്നു.
സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി, സംസ്ഥാന റെയില്‍വേ പോലീസ്‌, ഷൊര്‍ണൂരിലെ റെയില്‍വേ പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പാലക്കാട്‌ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക്‌ നിര്‍ദേശം നല്‍കി. കമീഷന്‍ കേസ്‌ 31 ന്‌ പരിഗണിക്കും. സംഭവം അന്വേഷിക്കണമെന്നും കുട്ടികള്‍ക്ക്‌ സംരക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും കമീഷന്‍ ചെയര്‍പേഴ്സണ്‍ നീലാ ഗംഗാധരന്‍ കലക്ടറോട്‌ നിര്‍ദേശിച്ചു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.