മോദിയും കേരളവും

Sunday 25 May 2014 9:27 pm IST

ഗുജറാത്ത്‌ മുഖ്യമന്ത്രിയെന്ന നിലയ്ക്ക്‌ നിരവധി തവണ നരേന്ദ്രമോദി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ കേരളവുമായുള്ള മോദിയുടെ ബന്ധം 2001 ല്‍ മോദി ആദ്യമായി ഗുജറാത്ത്‌ മുഖ്യമന്ത്രിയാവുന്നന്നതിനും 23 വര്‍ഷം മുമ്പ്‌ തുടങ്ങുന്നതാണ്‌. അടിയന്തരാവസ്ഥയ്ക്കുശേഷം അന്ന്‌ ആര്‍എസ്‌എസ്‌ പ്രചാരകനായിരുന്ന മോദി കേരളത്തില്‍ വരികയും മട്ടാഞ്ചേരിയിലെ ശാഖയില്‍ പങ്കെടുക്കുകയുണ്ടായി. കൊച്ചിയില്‍നിന്ന്‌ ബോട്ട്‌ മാര്‍ഗമാണ്‌ മോദി മട്ടാഞ്ചേരിയിലേക്ക്‌ പോയത്‌.
മട്ടാഞ്ചേരിയില്‍ സ്ഥിരതാമസമാക്കിയിരുന്ന ഗുജറാത്തികളും അന്ന്‌ ആര്‍എസ്‌എസ്‌ ശാഖയില്‍ വരുമായിരുന്നു. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ഗുജറാത്തി ഭാഷയിലാണ്‌ മോദി ശാഖയില്‍ പ്രഭാഷണം നടത്തിയത്‌. ആര്‍എസ്‌എസ്‌ ബന്ധമുള്ള ഗുജറാത്തി കുടുംബങ്ങളായിരുന്നു മോദിയുടെ ആതിഥേയര്‍. അവര്‍ മോദിക്ക്‌ ഗുജറാത്തി രീതിയിലുളള ഭക്ഷണമൊരുക്കി.
1990 ല്‍ ഡോ.മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ഏകതായാത്രയ്ക്കിടെയാണ്‌ പിന്നീട്‌ മോദി കേരളത്തില്‍ വന്നത്‌. കന്യാകുമാരിയില്‍നിന്ന്‌ കാശ്മീരിലേക്കുള്ള യാത്ര കേരളത്തിലൂടെയായിരുന്നു. യാത്രയുടെ മുഖ്യസംഘടാകനായിരുന്നു മോദി. അന്നാണ്‌ കേരളത്തെ അടുത്തറിഞ്ഞത്‌. എബിവിപിയിലായിരുന്ന കാലത്ത്‌ ഒപ്പമുണ്ടായിരുന്ന കേരളീയരായ സഹപ്രവര്‍ത്തകരെ വീണ്ടും കണ്ടുമുട്ടാനും ഓര്‍മ പുതുക്കാനുള്ള അവസരം കൂടിയായിരുന്നു മോദിയെ സംബന്ധിച്ചിടത്തോളം കേരളത്തിലൂടെയുള്ള ഏകതായാത്ര.
ഗുജറാത്ത്‌ മുഖ്യമന്ത്രിയായശേഷം ഒന്നിലധികം തവണ ബിജെപി പരിപാടികളില്‍ പങ്കെടുക്കാന്‍ മോദി തിരുവനന്തപുരത്ത്‌ എത്തുകയുണ്ടായി. 2013 ല്‍ ശിവഗിരി തീര്‍ത്ഥാടനത്തിനെത്തിയ മോദി വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ അറുപത്തിരണ്ടാം പിറന്നാള്‍ ദിനത്തിലും പങ്കെടുക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനുശേഷം കൊച്ചിയില്‍ സംഘടിപ്പിച്ച കെപിഎംഎസിന്റെ സമ്മേളനത്തിലും കാസര്‍കോട്‌ ബിജെപിയുടെ സമ്മേളത്തിലും മോദി പങ്കെടുത്തു.
2002 ലെ കലാപത്തിന്റെ പേരില്‍ കേരളത്തില്‍ ഗുജറാത്തിനെതിരായ പ്രചാരണം ശക്തമായിരുന്നപ്പോഴും അവിടുത്തെ മലയാളികള്‍ മോദിക്കൊപ്പമായിരുന്നു. ഗുജറാത്തില്‍ 13 ലക്ഷം മലയാളികളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. മലയാളികളെ സ്നേഹിക്കുന്ന മോദിക്ക്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുമായി ആത്മബന്ധമാണുള്ളത്‌. കേരളത്തില്‍ എത്തുമ്പോഴൊക്കെ അദ്ദേഹത്തെ നേരില്‍കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുകയെന്നത്‌ മോദിയുടെ പതിവാണ്‌. മലയാളിയും കോഴിക്കോട്‌ സ്വദേശിയുമായ കെ.കൈലാസ നാഥനായിരുന്നു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ പ്രൈവറ്റ്‌ സെക്രട്ടറി. മോദിയുടെ മാധ്യമസംഘത്തിലെ താക്കോല്‍ സ്ഥാനങ്ങളിലും മലയാളികളുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.