കേരളത്തിന് കഞ്ചിക്കോട് കോച്ച് ഫാക്ടറി ആവശ്യം: സദാനന്ദ ഗൗഡ

Tuesday 27 May 2014 4:41 pm IST

ന്യൂദല്‍ഹി: കേരളത്തിന് കഞ്ചിക്കോട് കോച്ച് ഫാക്ടറി ആവശ്യമാണെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. ഇതു സംബന്ധിച്ച വിഷയത്തില്‍ പ്രത്യേക സോണ്‍ വേണണെന്ന കേരളത്തിന്റെ ആവശ്യം പഠിച്ചതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ഗൗഡ പറഞ്ഞു. കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തു കൊണ്ടാണ് നിന്നു പോയതെന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. അതേക്കുറിച്ച് വിശദമയി ആലോചിച്ച് വേണ്ട നടപടികളെടുക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഗൊരഖ്ധാം എക്‌സ്പ്രസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. റെയില്‍വേക്കു മുന്നില്‍ നിരവധി വെല്ലുവിളികളാണുള്ളത്. പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും അദ്ദേഹം പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്ന കാര്യത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. വികസന പദ്ധതിക്കുള്ള രൂപരേഖ പത്തു ദിവസത്തിനുള്ളില്‍ തയ്യാറാക്കുമെന്നും ഗൗഡ വ്യക്തമാക്കി. ഇതിനായി പത്തുദിവസത്തെ സാവകാശം തനിക്ക് ആവശ്യമുണ്ടെന്നും ഗൗഡ പറഞ്ഞു. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുക എന്ന സ്വപ്‌നപദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പ്രധാനമന്ത്രി അതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ വിഷയത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ ഗോരഖ്ദാം എക്‌സ്പ്രസ്സ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. റെയില്‍പാളത്തിലുണ്ടായിരുന്ന വിള്ളലാണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.