വി എസിന്റെ ജന്മനാട്ടില്‍ നിലം നികത്തി സ്കൂള്‍ നിര്‍മിച്ചു

Tuesday 27 May 2014 7:43 pm IST

ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെയും മുന്‍ മന്ത്രി ജി. സുധാകരന്റെയും സ്വന്തം നാട്ടില്‍ നിലം നികത്തി അണ്‍എയ്ഡഡ്‌ സ്കൂള്‍ നിര്‍മിച്ചതിന്‌ സര്‍ക്കാരിന്റെയും സഖാക്കളുടെയും ഒത്താശ. പുന്നപ്ര വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ പറവൂര്‍ വില്ലേജില്‍ ബ്ലോക്ക്‌ നമ്പര്‍ പത്തില്‍ റീസര്‍വേ 44/11ല്‍ ഉള്‍പ്പെട്ട 51.40 ആര്‍ നിലം നികത്തിയാണ്‌ സ്കൂള്‍ നിര്‍മിച്ചത്‌. വില്ലേജ്‌ രേഖകളില്‍ മേല്‍പ്പറഞ്ഞ സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലം നിലമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ സിപിഎം ഭരണം നടത്തുന്ന പുന്നപ്ര വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി നിലം നികത്തി സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന്‌ അനുമതി നല്‍കി. സംഭവം വിവാദമായ സാഹചര്യത്തില്‍ പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മോ നല്‍കുകയും പെര്‍മിറ്റ്‌ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയ ശേഷവും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും ഇവിടെ നിയമവിരുദ്ധമായി സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. സിപിഎം പ്രാദേശിക നേതാക്കള്‍ ഒത്താശ ചെയ്തതിനാലാണ്‌ സ്റ്റോപ്പ്‌ മെമ്മോ മറികടന്നും സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞതെന്നും ആരോപണമുണ്ട്‌. സര്‍ക്കാര്‍ സംവിധാനങ്ങളും നിലം നികത്തലിനും അനധികൃത നിര്‍മാണത്തിനും ഒത്താശ ചെയ്യുകയായിരുന്നു. നിലം നികത്തി കെട്ടിടം നിര്‍മിച്ചത്‌ നിയമവിരുദ്ധമാണെന്നും കെട്ടിട ഉടമ ആലപ്പുഴ ശ്രീകരമഠം വീട്ടില്‍ ഉഷാ വെങ്കിടേഷിനെതിരെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ്‌ 13 പ്രകാരം നടപടി സ്വീകരിക്കണമെന്നും ആലപ്പുഴ സബ്‌ കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക്‌ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന്‌ ശുപാര്‍ശ (6041/13എച്ച്‌) ചെയ്തെങ്കിലും ഭരണസ്വാധീനം മൂലം തുടര്‍ നടപടിയുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.