ക്വാറി, മണല്‍ മേഖലകളിലെ തൊഴില്‍സ്തംഭനം അവസാനിപ്പിക്കണം: ബിഎംഎസ്

Tuesday 27 May 2014 9:06 pm IST

കോട്ടയം:ബിഎംഎസ്സിന്റേനേതൃത്വത്തില്‍ ചുമട്ടു തൊഴിലാളികള്‍ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കേരള പ്രദേശ് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ അശാസ്ത്രീയ നിരോധനങ്ങളും തീരുമാനങ്ങളും മൂലം കരിങ്കല്‍ ക്വാറികളും മണല്‍ മേഖലയിലെയും ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും തൊഴില്‍ സുരക്ഷയോ സാമൂഹിക പരിരക്ഷയോ ഒട്ടുമില്ലാത്ത ഈ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഈ വിഭാഗത്തെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. തൊഴില്‍ സ്തംഭനം പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, ചുരുങ്ങിയ പെന്‍ഷന്‍ 3,000 രൂപയാക്കുക, യന്ത്രവത്കരണം മൂലം തൊഴില്‍ നഷ്ടമാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. യൂണിയന്‍ പ്രസിഡന്റ് കെ.എം. ജഗന്മയലാല്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.എസ്. പ്രസാദ്, പി.എസ്. സന്തോഷ്, മനോജ് മാധവന്‍, പി.കെ. തങ്കച്ചന്‍, എന്‍.ആര്‍. വേലുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. എ.പി. കൊച്ചുമോന്‍, എന്‍.എം. രാധാകൃഷ്ണന്‍, ഒ.കെ. മണിക്കുട്ടന്‍, എ.വി. ഷാജി, അശോകന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.