സാമൂഹിക പുരോഗതിക്ക്‌ വിദ്യാഭ്യാസം അനിവാര്യം: മുഖ്യമന്ത്രി

Tuesday 27 May 2014 10:00 pm IST

പത്തനംതിട്ട: സാമൂഹിക പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണ്‌ കൈവരിക്കാന്‍ കഴിയുന്നതെന്നും സൗജന്യങ്ങള്‍ നല്‍കി ഒരു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിഎംഎസിന്റെ 43 ാ‍ം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സുഹൃദ്സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യങ്ങളും ആനൂകൂല്യങ്ങളുംകൊണ്ട്‌ താല്‍ക്കാലിക ഉയര്‍ച്ചമാത്രമാണ്‌ കൈവരിക്കാന്‍ കഴിയുന്നത്‌. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി മൂന്ന്‌ കോളേജുകള്‍ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വന്ന കെപിഎംഎസിനും പിആര്‍ഡിഎസിനും മന്ത്രി കെ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന സഹകരണസംഘത്തിനും കോളേജ്‌ അനുവദിക്കാനാണ്‌ തീരുമാനം. നഴ്സിംഗ്‌ സ്കൂളുകള്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പഠനം നടത്തുന്നതിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ പി.കെ.രാജന്‍ അദ്ധ്യക്ഷതവഹിച്ചു. ആന്റോആന്റണി എംപി, എംഎല്‍എ മാരായ രാജു ഏബ്രഹാം, അഡ്വ.കെ.ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍, കെപിഎംഎസ്‌ ജനറല്‍ സെക്രട്ടറി ബൈജു കലാശാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.