ബംബര്‍ ടിക്കറ്റുകളുടെ വില കുറയ്ക്കും; ലോട്ടറി ബന്ദ്‌ മാറ്റി

Tuesday 27 May 2014 10:01 pm IST

തിരുവനന്തപുരം: ഓണം ബംബര്‍ ഒഴികെയുള്ള ബംബര്‍ ലോട്ടറികളുടെ വില നൂറുരൂപയാക്കി കുറയ്ക്കാന്‍ തീരുമാനം. കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി നേതാക്കള്‍ ധനമന്ത്രി കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ടിക്കറ്റ്‌ വില കുറയ്ക്കാമെന്ന ധാരണയിലെത്തിയത്‌. പ്രതിദിന ടിക്കറ്റ്‌ വില കുറയ്ക്കുന്നതിനെക്കുറിച്ച്‌ വീണ്ടും ട്രേഡ്‌ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. 30ന്‌ സംസ്ഥാനത്ത്‌ നടത്താനിരുന്ന ലോട്ടറി ബന്ദ്‌ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റിവച്ചതായി ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ബംബര്‍ ടിക്കറ്റുകളുടെയും വില ഇപ്പോള്‍ 200 രൂപയാണ്‌. എന്നാല്‍ ഇനി ഓണം ബംബറിന്‌ മാത്രമേ ഈ തുക ഈടാക്കൂ. ഇനിമുതലുള്ള മറ്റു ബംബറുകള്‍ക്ക്‌ 100 രൂപ മാത്രമേ ഈടാക്കൂ. ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ്‌ ദിവസം പ്രതിദിന ലോട്ടറി നറുക്കെടുപ്പ്‌ ഉണ്ടായിരിക്കില്ല. പ്രതിദിന ലോട്ടറി 49 ലക്ഷം ടിക്കറ്റ്‌ വരെ വിറ്റഴിക്കുമ്പോള്‍ 20 ശതമാനം പേര്‍ക്കുപോലും സമ്മാനം ലഭിക്കുന്നില്ലെന്നും സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമ്മാനഘടന എണ്ണം വര്‍ധിപ്പിച്ച്‌ ശാസ്ത്രീയമായി പരിക്ഷരിക്കണമെന്ന്‌ നിര്‍ദേശം സമിതി സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ദിവസ ലോട്ടറിക്ക്‌ വില വര്‍ധിപ്പിച്ചതും പുനഃപരിശോധിക്കും. 30 രൂപയാക്കി ഉയര്‍ത്തിയ ടിക്കറ്റുകളുടെ വില 20 രൂപയാക്കി കുറയ്ക്കും. എന്നാല്‍ 50 രൂപയുടെ കാരുണ്യ ലോട്ടറി വില കുറയ്ക്കില്ല. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അഞ്ച്‌ ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല. ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്‌. ഇക്കാര്യത്തിലും അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ നികുതി വകുപ്പ്‌ സെക്രട്ടറി കെ. അജിത്‌ കുമാര്‍, ലോട്ടറി ഡയറക്ടര്‍ എം. നന്ദകുമാര്‍, ലോട്ടറി ശതാഴിലാളി ക്ഷേമനിധി ബോഡ്‌ ചെയര്‍മാന്‍ ബാബു ജോസഫ്‌ എന്നിവരും ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം.വി. ജയരാജന്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.