കാട്ടിലെ ദ്രുതകര്‍മ്മസേനയ്ക്ക്‌ തുടക്കത്തിലെ തളര്‍ച്ച

Thursday 22 September 2011 7:32 pm IST

കോഴിക്കോട്‌: കാട്ടിലെ ദ്രുതകര്‍മ്മസേനക്ക്‌ തുടക്കത്തില്‍തന്നെ തളര്‍ച്ച. ആവശ്യത്തിന്‌ ജീവനക്കാരും സംവിധാനവുമില്ലാത്തതിനാലാണ്‌ പുതുതായി രൂപീകരിച്ച റാപ്പിഡ്‌ ആക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നത്‌.
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ റാപ്പിഡ്‌ ആക്ഷന്‍ ടീം. ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ടീം ഇപ്പോള്‍ പാലക്കാട്ടും നിലമ്പൂരുമാണ്‌ പ്രവര്‍ത്തനത്തിലുള്ളത്‌. ഈ സേനക്ക്‌ മാത്രമായുള്ള ജീവനക്കാരുടെ തസ്തിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമായ വാഹനവും ആയുധവും മറ്റുപകരണങ്ങളും നല്‍കിയിട്ടില്ല. നിലവില്‍ താല്‍ക്കാലിക ജീവനക്കാരെയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന്‌ ഒരു ഫോറസ്റ്റര്‍, ടെറിറ്റോറിയല്‍ ഡിവിഷനില്‍ നിന്ന്‌ നാല്‌ ഫോറസ്റ്റ്‌ ഗാര്‍ഡ്‌ എന്നിവരെയാണ്‌ ഇപ്പോള്‍ റാപ്പിഡ്‌ ആക്ഷന്‍ ടീമിലേക്ക്‌ താല്‍ക്കാലികമായി ശുപാര്‍ശ ചെയ്തിരിക്കുന്നത്‌. പാലക്കാടും നിലമ്പൂരും രണ്ടോ മൂന്നോ ജിവനക്കാരാണ്‌ ഇതിന്റെ ഭാഗമായുള്ളത്‌. താത്ക്കാലികമായി ഒരു ജീപ്പ്പും ലഭ്യമായിട്ടുണ്ട്‌.
ആവശ്യത്തിന്‌ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന വനം വകുപ്പില്‍ നിന്ന്‌ പുതിയ സേനയിലേക്ക്‌ ആളെ നിയോഗിച്ചത്‌ പ്രശ്നം രൂക്ഷമാക്കുന്നുമുണ്ട്‌. പുതിയസേനയ്ക്ക്‌ സ്വന്തമായി തസ്തികയും മറ്റ്‌ സംവിധാനവും ഉടന്‍ നല്‍കിയില്ലെങ്കില്‍ ഇതുകൊണ്ട്‌ കാര്യമായ പ്രയോജനമുണ്ടാകില്ല.
വയനാട്‌, കണ്ണൂര്‍, തിരവനന്തപുരം, ജില്ലകളിലും അധികം വൈകാതെ റാപ്പിഡ്‌ ആക്ഷന്‍ ടീം രൂപീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കാട്ടാനശല്യം പതിവായിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ പുതിയ സേന വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം.കെ.രമേഷ്കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.