ധനലക്ഷ്മി ബാങ്ക്‌ അടിസ്ഥാന നിരക്കും ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കും വര്‍ദ്ധിപ്പിച്ചു

Thursday 22 September 2011 8:29 pm IST

കൊച്ചി: ഇന്ത്യയിലെ സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കായ ധനലക്ഷ്മി ബാങ്ക്‌ അടിസ്ഥാന നിരക്കും ബഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കും യഥാക്രമം 25 ബേസിസ്‌ പോയന്റും 50 ബേസിസ്‌ പോയന്റും വര്‍ദ്ധിപ്പിച്ചതായി അറിയിച്ചു. അതോടെ അടിസ്ഥാന നിരക്ക്‌ നിലവിലുള്ള 10.75 ശതമാനത്തില്‍ നിന്നും 11 ശതമാനമായി മാറി. ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്ക്‌ (ബിപിഎല്‍ആര്‍) 20.25 ശതമാനത്തില്‍ നിന്നും 20.75 ശതമാനമായി ഉയര്‍ന്നു.
റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ ഉയര്‍ത്തിയതും സാമ്പത്തികാവസ്ഥയുമാണ്‌ അടിസ്ഥാനനിരക്കിലെയും ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കിലെയും വര്‍ദ്ധന പ്രതിഫലിപ്പിക്കുന്നതെന്ന്‌ ധനലക്ഷ്മി ബാങ്കിന്റെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബിപിന്‍ കാബ്ര അറിയിച്ചു.
നിരക്കിലെ മാറ്റം ഇതുമായി ബന്ധപ്പെട്ട പുതിയ വായ്പകള്‍ക്കും നിലവില്‍ ഫ്ലോട്ടിംഗ്‌ നിരക്കിലുള്ള വായ്പകള്‍ക്കും ബാധകമാണ്‌. നിലവില്‍ ഫിക്സഡ്‌ നിരക്കിലുള്ള വായ്പകള്‍ക്ക്‌ റീസെറ്റ്‌ തിയതിയിലായിരിക്കും നിരക്കിലെ മാറ്റം ബാധകമാവുക. ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കുമായി കൂട്ടിയിണക്കിയ രീതിയില്‍ നിലവില്‍ വായ്പയെടുത്തവര്‍ക്ക്‌ നിലവിലുള്ള കരാര്‍ അവസാനിക്കുന്നതിന്‌ മുമ്പ്‌ ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കില്‍ നിന്നും അടിസ്ഥാന നിരക്ക്‌ സിസ്റ്റത്തിലേക്ക്‌ മാറാനുള്ള അവസരവുമുണ്ട്‌. ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കില്‍ അനുവദിക്കപ്പെട്ട എല്ലാ പുതിയ വായ്പകളും നിലവിലുള്ള വായ്പകളും അടിസ്ഥാനനിരക്കിലേക്ക്‌ കൂട്ടിയിണക്കും.
കഴിഞ്ഞ മാസം തുടക്കത്തില്‍ ബാങ്ക്‌ അടിസ്ഥാനനിരക്കും ബെഞ്ച്മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ നിരക്കും യഥാക്രമം 50, 100 ബേസിസ്‌ പോയന്റുകള്‍ വര്‍ദ്ധിപ്പിച്ച്‌ 10.75 ശതമാനമായും 20.25 ശതമാനമായും പുതുക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.