മോഡി കൈക്കൂലി നല്‍കിയെന്ന മല്ലികയുടെ ആരോപണം സ്വന്തം അഭിഭാഷകര്‍ നിഷേധിച്ചു

Thursday 22 September 2011 8:40 pm IST

ന്യൂദല്‍ഹി: ഗോധ്ര കൂട്ടക്കൊലക്കുശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച്‌ 2002 ല്‍ മല്ലികാ സാരാഭായ്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി അട്ടിമറിക്കാന്‍ അഭിഭാഷകര്‍ക്ക്‌ നരേന്ദ്ര മോഡി സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന മല്ലികയുടെ ആരോപണം അഭിഭാഷകര്‍ നിഷേധിച്ചു.
എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ ആരെങ്കിലും തങ്ങള്‍ക്ക്‌ പണം നല്‍കിയതായുള്ള പരാമര്‍ശം സത്യവിരുദ്ധമാണെന്ന്‌ സുപ്രീംകോടതിയില്‍ മല്ലികക്കുവേണ്ടി ഹര്‍ജി ഫയല്‍ചെയ്ത അഭിഭാഷകന്‍ മഹേഷ്‌ അഗര്‍വാള്‍ വ്യക്തമാക്കി. 2002 ഏപ്രില്‍ 15 ന്‌ അവരുടെ കേസ്‌ വാദിച്ചത്‌ മുതിര്‍ന്ന അഭിഭാഷകനായ പി. ചിദംബരമായിരുന്നു. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത്‌ സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസുകള്‍ അയച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ്‌ പാട്ടീല്‍ കര്‍ണാടക ലോകായുക്തയും ജസ്റ്റിസ്‌ സേമ ഉത്തര്‍പ്രദേശ്‌ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമാണ്‌. ഇപ്പോള്‍ ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലായിരിക്കുന്ന തുഷാര്‍ മേത്തയായിരുന്നു മറ്റൊരു അഭിഭാഷകന്‍. മെയ്‌ 26 ന്‌ നടന്ന രണ്ടാമത്തെ വിചാരണയിലും ചിദംബരംതന്നെയാണ്‌ പങ്കെടുത്തത്‌. അതിനുശേഷം കേസ്‌ ഇന്ദിര ജയ്സിംഗ്‌ ഏറ്റെടുത്തുവെന്നും അഗര്‍വാള്‍ അറിയിച്ചു.