കെപിസിസി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

Thursday 29 May 2014 3:48 pm IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെച്ചൊല്ലി കെ.പി.സി.സി യോഗത്തില്‍ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് വിമര്‍ശനം. മണ്ഡലം തിരിച്ച് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും സാഹചര്യങ്ങളും തിരിച്ചടികളും യോഗം പരിശോധിക്കും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫല അവലോകനം ഇതിനോടകം പൂര്‍ത്തിയായി. യോഗത്തില്‍ മുന്‍ എം.പി കെ.സുധാകരന്‍, ടി.സിദ്ദിഖ്, കെ.സി. അബു എന്നിവരാണ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. നേതാക്കള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ചു. രാജാവ് നഗ്‌നനാണെന്നു പറയാനുള്ള ആര്‍ജവം നേതാക്കള്‍ക്കുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു. തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടു തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ പരാജയം അന്വേഷിക്കണമെന്ന് പറഞ്ഞ കെ സുധാകരന്‍ യുവത്വം രൂപത്തില്‍ മാത്രം പോര നയ, സമീപന, തീരുമാനങ്ങളിലും ഉണ്ടാകണമെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. പി ശ്രീരാമകൃഷ്ണനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിനു കെല്‍പ്പില്ലായിരുന്നു എന്നും സ്വന്തം സ്ഥലത്തു പോലും പാര്‍ട്ടി ഇല്ലാത്തവരാണ് ദേശീയ നേതൃത്വത്തിലുള്ളതെന്നു കെ.സി.അബു പറഞ്ഞു. മോദിക്ക് എതിരെ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ നേതാവല്ല രാഹുല്‍ എന്ന് കെ സി അബു വിമര്‍ശിച്ചു. ഈ രീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി വരുമെന്ന് ടി.സിദ്ദിഖ് പറഞ്ഞു. നേതാക്കള്‍ വരുത്തുന്ന വീഴ്ചയുടെ ഭാരം സാധാരണ പ്രവര്‍ത്തകര്‍ പേറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സിദ്ദിഖ് യോഗത്തില്‍ പറഞ്ഞു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വോട്ട് ചോര്‍ച്ച സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ആദ്യമായാണ് കെപിസിസി നിര്‍വാഹക സമിതിയോഗമാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. തൃശ്ശൂര്‍, ചാലക്കുടി, കണ്ണൂര്‍, ഇടുക്കി മണ്ഡലങ്ങളിലെ തോല്‍വി യോഗം വിശദമായി ചര്‍ച്ച ചെയ്യും. തൃശ്ശൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ മാറി മത്സരിച്ചതും പരാജയപ്പെട്ടതും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.