മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.മോഹനന്‍ അന്തരിച്ചു

Thursday 29 May 2014 9:21 pm IST

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രശസ്ത നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ പി. മോഹനന്‍ അന്തരിച്ചു. 59 വയസായിരുന്നു. തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസിലെ റിസര്‍ച്ച്‌ എഡിറ്ററാണ്‌. സംസ്കാരം ഇന്നുച്ചയ്ക്ക്‌ 12.30ന്‌ തൃശൂര്‍ ചേറൂരിലെ കുടുംബവീട്ടില്‍ നടക്കും. നോവല്‍, ചെറുകഥ, കാര്‍ട്ടൂണ്‍, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിളങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. വിഷയവിവരം, അനുകമ്പ തുടങ്ങിയ നോവലുകളിലൂടെ അസാധാരണമായ പ്രമേയങ്ങള്‍ പി. മോഹനന്‍ ആവിഷ്കരിച്ചു. നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്‌. കാര്‍ട്ടൂണിലും പി. മോഹനനന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ലോക പ്രശസ്തരായ എഴുത്തുകാരെ അവരുടെ സര്‍ഗാത്മക ജീവിതത്തെ ഉള്‍ക്കൊള്ളും വിധത്തില്‍ ചിത്രീകരിച്ച പരമ്പര ഏറെ പ്രശസ്തമാണ്‌. മാധ്യമപ്രവര്‍ത്തന രംഗത്തെ സംഭാവനകളും ഏറെയാണ്‌. തൃശൂരില്‍ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ്‌ ദിനപത്രത്തില്‍ പ്രവര്‍ത്തിച്ച പി. മോഹനന്‍ ഇടക്കാലത്ത്‌ ഗള്‍ഫിലും ജോലി ചെയ്തിരുന്നു. 1997 മുതല്‍ ഏഷ്യാനെറ്റ്‌ ന്യൂസില്‍ ന്യൂസ്‌ എഡിറ്റര്‍, റിസര്‍ച്ച്‌ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസിലെ ഭരതവാക്യം എന്ന കാര്‍ട്ടൂണ്‍ പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു. ഒ.വി. വിജയനെക്കുറിച്ച്‌ രചിച്ച വിജയസാരസ്വതം എന്ന ഡോക്യുമെന്ററിയും ശ്രദ്ധിക്കപ്പെട്ടു. ലക്ഷ്മീദേവിയാണ്‌ ഭാര്യ. മധു, മീര എന്നിവര്‍ മക്കളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.