ചെലവ്‌ ചുരുക്കലിനെതിരെ ഗ്രീസില്‍ വാഹന പണിമുടക്ക്‌

Thursday 22 September 2011 8:43 pm IST

ഏഥന്‍സ്‌: ചെലവ്‌ ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഗ്രീസില്‍ 24 മണിക്കൂര്‍ പൊതുവാഹന പണിമുടക്കു നടന്നു. ട്രെയിന്‍, ബസ്സ്‌, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. എയര്‍ട്രാഫിക്‌ നിയന്ത്രിക്കുന്നവര്‍ മണിക്കൂറുകളോളം സമരത്തിലായതിനാല്‍ വിമാനഗതാഗതവും തകരാറിലായി. പണിമുടക്കിയവര്‍ തലസ്ഥാനമായ ഏഥന്‍സില്‍ പ്രകടനം നടത്തും. പെന്‍ഷനുകള്‍ വീണ്ടും വെട്ടിക്കുറച്ചും പോസ്റ്റുകള്‍ നിര്‍ത്തലാക്കിയും സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. അന്തര്‍ദേശീയ നാണ്യനിധിയില്‍ നിന്നും യൂറോരാജ്യങ്ങളില്‍നിന്നും വായ്പ ലഭിക്കാനായാണ്‌ ഈ നീക്കമെന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം.മൊത്തം 150 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വായ്പയാണ്‌ ഗ്രീസിനുലഭിച്ചിട്ടുള്ളത്‌. അടുത്തഗഡുവായ 69 ബില്യണ്‍ പൗണ്ടുകള്‍ ലഭിക്കണമെങ്കില്‍ ചെലവു ചുരുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും രാജ്യത്തിനു മുന്നിലില്ല. വായ്പകള്‍ ഗഡുക്കളായി അടച്ചാല്‍ മാത്രമേ പുതിയ വായ്പകള്‍ അനുവദിക്കു എന്നതാണ്‌ വ്യവസ്ഥ.
ചെലവു ചുരുക്കല്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ വ്യാപിപ്പിച്ചു. ഇതുമൂലം 1200 യൂറോവില്‍ കൂടുതല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക്‌ 20 ശതമാനം തുകയില്‍ കുറവുവരുത്തിയിട്ടുണ്ട്‌. 1000 യുറോവില്‍ കൂടുതല്‍ ലഭിക്കുന്ന 55 വയസ്സിനു മുമ്പ്‌ വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ 40 ശതമാനം പെന്‍ഷനില്‍ കുറവുവരുത്തിയിരിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ പകുതിശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ 30000 പേരായിരിക്കും. 8000 യൂറോക്കു മുകളില്‍ വരുമാനമുള്ളവര്‍ മാത്രം ഇന്‍കം ടാകത്സ്‌ കൊടുക്കേണ്ടിയിരുന്ന സ്ഥാനത്ത്‌ അതിന്റെ പരിധി 5000 യുറോ ആക്കി ചുരുക്കി. കൂടുതല്‍ പേര്‍ക്ക്‌ ടാക്സ്‌ കൊടുക്കേണ്ട അവസ്ഥ സൃഷ്ടിച്ചു പെന്‍ഷണര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ത്യാഗത്തിന്റെ അള്‍ത്താരയിലാണെന്ന്‌ സര്‍ക്കാര്‍ അനുകൂല പത്രം അഭിപ്രായപ്പെട്ടു. ഈ സര്‍ക്കാര്‍ എങ്ങോട്ടു പോകുന്നുവെന്നറിയില്ലെന്ന്‌ ഏഥന്‍സ്‌ ചേംബര്‍ ഓഫ്‌ കോമേഴ്സിന്റെ തലവന്‍ കോണ്‍സ്റ്റാന്‍ടിനോ മിക്കളോസ്‌ പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തും. തീറ്റനല്‍കാതെ ഒരു പശുവില്‍ നിന്ന്‌ എത്രനാളാണ്‌ പാല്‍ എടുക്കാന്‍ കഴിയുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.