സദ്ഗുരു ലാഭം

Thursday 29 May 2014 8:38 pm IST

ബോധവാനായിപ്പിന്നെ സല്‍ഗുരുലാഭം വേണം സത്തുചിത്താനന്ദമായിരുന്നീടുന്നു ഗുരു. സല്‍ഗുരുവരന്‍ തസ്യ കരുണാകടാക്ഷത്താല്‍ വസ്തുവെന്തെന്നു കേട്ടു ചിന്തിച്ചു ബോധിക്കുമ്പോള്‍ ഉള്‍ത്തളിരിങ്കലാത്മജ്ഞാനവുമുണ്ടായ്‌വരും ചിത്തത്തില്‍ വിവേകവുമുണ്ടാകുമാവോളവും ചിത്തശുദ്ധിയും ഭക്തിശ്രദ്ധയുമുണ്ടാമപ്പോള്‍ തത്ത്വബോധവുമുണ്ടായ്‌ ജ്ഞാനിയായ്‌ ഭവിച്ചീടും കര്‍മ്മങ്ങള്‍ ചെയ്തീടുന്നതൊക്കെയുമപ്പോള്‍ ദേഹ- ധര്‍മ്മമെന്നറിയുമ്പോളൊക്കെയും ജ്ഞാനാഗ്നിനാ ദഹിച്ചീടുന്നു പിന്നെ ജന്മമില്ലാതവണ്ണം. ആശയം : ശമാദി ഷഡ്കസമ്പത്തി ലഭിച്ച്‌ ബോധവാനായിത്തീര്‍ന്നാല്‍ പിന്നെ ഒരു ഗുരുവിനെ ലഭിക്കണം. സച്ചിദാനന്ദസ്വരൂപിയാണ്‌ ഗുരു. സല്‍ഗുരുവിനെ കാരുണ്യംകൊണ്ട്‌ വസ്തുവെന്തെന്ന്‌ കേട്ട്‌ ബോധിക്കാന്‍ കഴിയും. അപ്പോള്‍ മനസ്സില്‍ ആത്മജ്ഞാനമുണ്ടാകും. അതായത്‌ സദ്ഗുരു ശിഷ്യനു മന്ത്രോപദേശം നല്‍കും. അതോടെ വസ്തുബോധവും ആത്മജ്ഞാനവും ഉണ്ടാകുമെന്നുസാരം. അപ്പോള്‍ ചിത്തത്തില്‍ വിവേകമുദിക്കും. ചിത്തശുദ്ധിയും ഭക്തിയും ശ്രദ്ധയുമുണ്ടാകും. തത്ത്വബോധമുണ്ടായി ജ്ഞാനിയായിത്തീരും. ജ്ഞാനിയായിക്കഴിഞ്ഞാല്‍ കര്‍മ്മം ചെയ്യുന്നതൊക്കെ ശരീരധര്‍മ്മമാണെന്നുറച്ചു കഴിയുമ്പോള്‍ കര്‍മ്മഫലങ്ങള്‍ ആത്മാവിനെ ബാധിക്കാതെ ജ്ഞാനാഗ്നിയില്‍ ദഹിച്ചുപോകുന്നു. ദേഹം നഷ്ടപ്പെട്ട്‌ മോക്ഷം ലഭിക്കുന്നു. പിന്നീട്‌ ജനന മരണങ്ങളുണ്ടാകുന്നതേയില്ല. ജനനമരണങ്ങളില്ലാത്ത അവസ്ഥയാണ്‌ കൈവല്യം. തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.