ഒരു കോവിലിലെ മഹാരഹസ്യങ്ങള്‍

Thursday 22 September 2011 9:41 pm IST

ഈശ്വരന്‍ സൂക്ഷ്മനിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയനാക്കപ്പെടുന്ന കാലമാണിത്‌. ആദിശേഷനായ അനന്തന്‍ എന്ന സങ്കല്‍പത്തിന്റെ ഉടലില്‍ യോഗനിദ്ര കൊള്ളുന്ന ഭഗവാന്‍ ശ്രീപത്മനാഭന്റെ ആയുഷ്കാല സമ്പാദ്യം ഇപ്പോള്‍ ഒരു പൈങ്കിളി സീരിയലിന്റെ കഥാതന്തുവാകുന്നു. പ്രസ്തുത ഈശ്വരീയ നിധിശേഖരം ഓഡിറ്റിനെ നേരിടുകയാണ്‌. വിചിത്രം, അല്ലേ?
സാധാരണഗതിയില്‍ മാധവന്‍ മാനവന്റെ സല്‍കര്‍മങ്ങളെയും ദുഷ്കര്‍മങ്ങളെയും, അവന്റെ പാപപുണ്യങ്ങളെയും മഹത്വത്തെയും ദുഷ്ടതയെയും ഓഡിറ്റുചെയ്യുകയല്ലേ പതിവ്‌? ഇപ്പോഴിതാ ബി നിലവറ തുറക്കപ്പെടുന്നതോടെ, ശ്രീപത്മനാഭന്‌ പാന്‍കാര്‍ഡ്‌ നല്‍കി ഭഗവാന്‍ വര്‍ഷാവര്‍ഷം അടയ്ക്കേണ്ടുന്ന ഇന്‍കംടാക്സ്‌ നിര്‍ണയിക്കാന്‍ പോകയാണ്‌.
ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തില്‍ ക്ഷേത്രവളപ്പില്‍, പൗരാണികമായ ജ്യോതിഷാനുഷ്ഠാനങ്ങളിലൂടെ ദേവഹിതം അറിയാനുള്ള ദേവപ്രശ്നം നടത്തിയപ്പോള്‍ തെളിഞ്ഞത്‌ ശ്രീപത്മനാഭന്റെ സമ്പത്തുക്കള്‍ അളന്നുതിട്ടപ്പെടുത്താന്‍ തുനിയരുതെന്നാണ്‌. പക്ഷേ, യുക്തിവിചാരത്തിന്റേതായ ഒരു കൈവീശലിലൂടെ, ഇന്ദ്രിയാതീത ഗുപ്തമാര്‍ഗങ്ങളിലൂടെ രഹസ്യങ്ങളും ഭാവിയും വെളിപ്പെടുത്തുന്ന പൗരാണിക പ്രക്രിയയെ നിമിഷനേരം കൊണ്ട്‌ ശുദ്ധ അന്ധവിശ്വാസമാക്കി മുദ്രകുത്തി മറയത്തുകളഞ്ഞു.
വാദമുഖം ഇതാണ്‌; തുരങ്കങ്ങള്‍ തുരന്ന്‌ നിധിയെ മോഷ്ടിച്ചുകൊണ്ടുപോകുന്ന തസ്ക്കരന്മാരില്‍നിന്നും ക്ഷേത്രത്തെ കാത്തുരക്ഷിക്കേണ്ടതുണ്ട്‌. അതും വിചിത്രംതന്നെ! ഈശ്വരനല്ലേ നമ്മുടെ ജീവിതങ്ങളെ കാത്തുസൂക്ഷിക്കുന്നത്‌? അവിടുത്തെ കരങ്ങളല്ലേ കാറ്റ്‌ വീശുമ്പോള്‍ ഒരു ദീപനാളത്തിന്‌ കാവലാകുന്നത്‌? ധിക്കരിച്ചവനുപോലും കൃപയരുളുന്നത്്‌ ഈശ്വരനല്ലേ?
ജ്യോതിഷികളെ കള്ളന്മാരായും ജ്യോതിഷത്തെ തട്ടിപ്പായും മുദ്രകുത്തുന്നത്‌ ഇന്നത്തെ ഒരു ഫാഷനാകുന്നു. പക്ഷേ നിസാര കാര്യങ്ങള്‍ക്കുപോലും ജ്യോത്സ്യന്മാരെ സമീപിക്കുന്ന ആയിരങ്ങളുണ്ട്‌ എന്ന സത്യം മറക്കാതിരിക്കുക. ജ്യോതിഷം കപടശാസ്ത്രമെന്ന്‌ ആക്ഷേപിക്കപ്പെടുകയും ജ്യോതിഷികള്‍ ദുര്‍ബല മനസ്കരുടെ ഭയപ്പാടുകളെ ചൂഷണം ചെയ്തു കീശ നിറക്കുന്നവരെന്നു കുറ്റപ്പെടുത്തുകയും ചെയ്തുവരുന്നുണ്ടെങ്കിലും, ജീവിതദുഃഖങ്ങള്‍ വന്ന്‌ ഭവിക്കുമ്പോള്‍, അനേകം പേര്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പ്രീതിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയും, ഫലപ്രദങ്ങളായ പരിഹാരകര്‍മങ്ങള്‍ക്കായി പ്രഗല്‍ഭ ജ്യോതിഷികളെ കണ്‍സള്‍ട്ട്‌ ചെയ്യുകയും ചെയ്യുന്നു.
എല്ലാ ശാസ്ത്രരംഗങ്ങളിലും വ്യാജന്മാര്‍ വിലസുന്നുണ്ട്‌. ഗ്രാമങ്ങളില്‍ ഗര്‍ഭമലസിപ്പിച്ചുകൊടുക്കുന്നവര്‍ മുതല്‍ വ്യാജ ഡോക്ടര്‍മാര്‍ വരെ വിഹരിക്കുന്ന മെഡിക്കല്‍ സയന്‍സ്‌ മേഖലയില്‍ കള്ളനാണയങ്ങള്‍ക്ക്‌ ക്ഷാമമില്ല.
ശാസ്ത്ര ഗവേഷണത്തിന്‌ കോടിക്കണക്കിന്‌ ഡോളര്‍ ഒഴുക്കപ്പെടുന്നു. ഗവേഷണപദ്ധതികള്‍ നേരത്തെ വന്ന ഗവേഷണഫലങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. യുക്തിയിലുള്ള വിശ്വാസമാണ്‌ ശാസ്ത്രം. പ്രപഞ്ചത്തെ മുന്നോട്ടു നയിക്കുകയും, ഗ്രഹങ്ങളെ അവയുടെ സ്വന്തം ഭ്രമണപഥങ്ങളില്‍ ചരിപ്പിക്കുകയും താഴത്തെ മനുഷ്യരുടെ വിഡ്ഢിത്തങ്ങളെയും ദുര്‍വാസനകളെയും അവജ്ഞയോടെ വീക്ഷിക്കുന്ന നക്ഷത്രങ്ങളെ ആകാശത്ത്‌ കെടാതെ ജ്വലിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്ന ആ ദിവ്യാത്ഭുതശാസ്ത്രത്തെക്കുറിച്ചുള്ളതാണ്‌ വിശ്വാസം. ആ വിജ്ഞാനത്തിനും മാനവികമായ അറിവില്ലായ്മക്കും ഇടക്കുള്ള പാലത്തെയാണ്‌ വേദങ്ങള്‍ ജ്യോതിഷശാസ്ത്രം- വെളിച്ചത്തിന്റെ ശാസ്ത്രം- എന്ന്‌ വിളിക്കുന്നത്‌. അത്‌ ആറ്‌ വേദാംഗങ്ങളില്‍ ഒന്നുമായി വര്‍ത്തിക്കുന്നു. ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട്‌.
നോക്കിയാല്‍ എത്തുംപിടിയും കിട്ടാത്ത ആ പ്രപഞ്ചസര്‍ഗജാലത്തെ മനസിലാക്കാനുള്ള മാനവന്റെ അതിഭൗതികമായ വെമ്പലിന്റെ പ്രതീകമാണ്‌ ജ്യോത്സ്യം. പ്രബുദ്ധരായ സയന്റിസ്റ്റുകള്‍ക്കും ടോളമിയെപ്പോലുള്ള തത്വചിന്തകര്‍ക്കും പിന്നെ കാള്‍ യുങ്ങിനും വൂള്‍ഫ്ഗാംഗ്‌ പോളിയെപ്പോലുള്ള നോബല്‍സമ്മാന ജേതാക്കള്‍ക്കും ജ്യോത്സ്യം പ്രചോദനമേകിയിട്ടുണ്ട്‌.
അതിനാല്‍ ദേവപ്രശ്നത്തിനെ പുച്ഛിച്ചുതള്ളുകയോ അതിന്റെ നിഗമനങ്ങളെ അവജ്ഞയോടെ നിരസിക്കുകയോ അരുത്‌. കോവിലിന്റെ അതീവ പവിത്രമായ ഇടത്ത്‌ യോഗനിദ്രയിലാണ്ടു കിടക്കുന്ന ശ്രീപത്മനാഭവിഗ്രഹം വെറുമൊരു പാറക്കല്ലല്ല, പതിനായിരങ്ങളുടെ ശ്രദ്ധാ-ഭക്തി വിശ്വാസനിഷ്ഠകളുടെ രൂപഭാവമാണ്‌. മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കാത്ത ഒരു സമൂഹം അരാജകത്വത്തെയാണ്‌ പേറുന്നത്‌.
അരാജകത്വത്തില്‍ രഹസ്യങ്ങള്‍ ഒന്നുമേയില്ല വെറും അനിശ്ചിതത്വം മാത്രം. രഹസ്യങ്ങളില്ലാത്ത ജീവിതം ആത്മാവില്ലാതെ ജീവിച്ചുപോകലാണ്‌. ഈശ്വരന്റെ സമസ്യകളും പ്രഹേളികകളും നിഗൂഢതകളും എത്തുംപിടിയും കിട്ടായ്കകളും, പിന്നെ, അവിടുത്തെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള അത്ഭുത നിധിശേഖരവും അവിടുത്തെ പക്കല്‍തന്നെ രഹസ്യമായി ഇരിക്കട്ടെ. എന്തൊക്കെ പറഞ്ഞാലും, സയന്‍സും ജ്യോതിഷവും അനിയമിതഘടകത്തിന്റെ കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ലേ?
രവിശങ്കര്‍ (ഒ.വി. വിജയന്റെ അനന്തിരവനും പ്രമുഖ കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റുമാണ്‌ ലേഖകന്‍)


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.