നദാല്‍, ഫെറര്‍ മൂന്നാം റൗണ്ടില്‍

Monday 1 September 2014 9:54 pm IST

പാരീസ്‌: സ്പാനിഷ്‌ പ്രതീക്ഷകളായ റാഫേല്‍ നദാല്‍, ഡേവിഡ്‌ ഫെറര്‍ എന്നിവര്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ നദാല്‍ ഓസ്ട്രിയന്‍ കൗമാര പ്രതിഭ ഡൊമിനിക്‌ തെയിമിനെ നിലംപരിശാക്കി (6-2, 6-2, 6-3) ഫെറര്‍ ഇറ്റലിയുടെ സിമോണെ ബൊലേല്ലിയെ മറികടന്നു, സ്കോര്‍: 6-2, 6-3, 6-3. പുരുഷന്‍മാരിലെ മറ്റു പ്രമുഖരായ സ്വിറ്റ്സര്‍ലാന്റിന്റെ റോജര്‍ ഫെഡററും ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ്‌ സോംഗയുമൊക്കെ നേരത്ത തന്നെ മൂന്നാം റൗണ്ട്‌ ഉറപ്പിച്ചിരുന്നു. വനിതകളില്‍ മുന്‍ ജേത്രി റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവയും ആറാം സീഡ്‌ സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ചും അമേരിക്കയുടെ സൊളാനെ സ്റ്റീഫന്‍സും മൂന്നാം വട്ടത്തിലേക്ക്‌ മുന്നേറി. കുസ്നെറ്റ്സോവ ഇറ്റലിയുടെ കാമില ജോര്‍ജിയെയും (7-6, 6-3) ജാന്‍കോവിച്ച്‌ ജപ്പാന്റെ കറുമി നാരയെയും (7-5, 6-0) സ്റ്റീഫന്‍സ്‌ സ്ലൊവേന്യയുടെ പൊളോന ഹെര്‍കോഗിനെയും പുറത്തേക്കടിച്ചു (7-5, 6-0). വനിതാ വിഭാഗത്തില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ, പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്‍സ്ക, ഓസ്ട്രേലിയയുടെ സാമന്താ സ്റ്റോസര്‍ തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ ജയംകണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.