പ്രീപെയ്ഡ്‌ സംവിധാനം താളം തെറ്റുന്നു

Thursday 29 May 2014 11:20 pm IST

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ്‌ ഓട്ടോ സര്‍വീസിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കാന്‍ ഇവിടം കേന്ദ്രീകരിച്ചുള്ള കഞ്ചാവ്‌-പെണ്‍വാണിഭ റാക്കറ്റ്‌ രംഗത്ത്‌. ഈ റാക്കറ്റുകള്‍ക്കുവേണ്ടി അവിഹിതമായി പ്രവര്‍ത്തിച്ച്‌ ദിനംപ്രതി ആയിരങ്ങള്‍ കൊയ്തിരുന്ന ചില ഡ്രൈവര്‍മാരാണ്‌ ഇതിനു പിന്നില്‍. പ്രീപെയ്ഡ്‌ വന്നതോടെ പോലീസിന്റെ സാന്നിധ്യവും മുഴുവന്‍ സമയവുമുണ്ട്‌. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യത്തിനെത്തുന്നവരെ പലയിടങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കുന്നതിനും മറ്റും ചില ഓട്ടോറിക്ഷക്കാര്‍ ഇവിടെയുണ്ടായിരുന്നു. ഇതിനോട്‌ യോജിക്കാന്‍ മാനസികമായി കഴിയാതെ ഇവിടം വിട്ടുപോയ ചില ഓട്ടോക്കാരുമുണ്ട്‌. തൊണ്ണൂറോളം ഓട്ടോകളാണ്‌ ഇവിടെയുള്ളത്‌. കൃത്യമായി പ്രീപെയ്ഡില്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തവരെ ഒഴിവാക്കി യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച്‌ പുതിയ ഓട്ടോകള്‍ക്ക്‌ ഇവിടേക്ക്‌ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന്‌ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രീപെയ്ഡ്‌ സംവിധാനം ഗുണകരമാണെന്ന വാദമാണ്‌ യാത്രക്കാര്‍ക്കും ഓട്ടോറിക്ഷാ യാത്രക്കാരില്‍ ഒരു വിഭാഗത്തിനുള്ളത്‌. ഓട്ടോ പ്രീപെയ്ഡ്‌ ആയതോടെ ഇവിടുത്തെ ടാക്സികളിലേക്ക്‌ പഴയതുപോലെ യാത്രക്കാരുടെ ആകര്‍ഷണമില്ല. പ്രീപെയ്ഡ്‌ സംവിധാനം വന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ സന്തോഷത്തിലാണ്‌. ഇതുവരെ ഇവരില്‍നിന്നും തോന്നുന്നപോലെയാണ്‌ നിരക്ക്‌ ഈടാക്കിയിരുന്നത്‌. സ്ത്രീ യാത്രക്കാര്‍ക്കും സുരക്ഷിതമായി ഇവിടെനിന്നും യാത്ര ചെയ്യുവാന്‍ കഴിയുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.