ബന്ധുവാകുന്ന മഹാമായ

Friday 30 May 2014 9:26 pm IST

ചിന്താരത്‌നം കര്‍മ്മത്തിനൂടെ ശൂന്യം വരുത്തീടുമ്പോള്‍ ജീവന്‍ നിര്‍മ്മലനായി പരമാനന്ദനായീടുന്നു. കര്‍മ്മമുള്ളവയൊക്കെ ബദ്ധനെന്നുള്ളഭാവാല്‍ ജന്മാദി ദുഃഖങ്ങളും കൈക്കൊണ്ടീടുന്നു ജീവന്‍. താനൊരു ഗുണവാനല്ലായ്കയാല്‍ ബന്ധങ്ങളും ആനന്ദസ്വരൂപനാമാത്മാവിനില്ലെന്നാലും ബന്ധമോക്ഷങ്ങള്‍ രണ്ടും സംഭവിപ്പാനൊരു ബന്ധുവാകുന്നു മഹാമായയെന്നറിഞ്ഞാലും അജ്ഞാനസ്വരൂപിണിയെന്നല്ലോ ചൊല്ലീടുന്നു വിജ്ഞാനം പിന്നെ മായ തങ്കല്‍നിന്നുണ്ടാകുമോ? എന്നുസംശയമുള്ളിലുണ്ടെങ്കില്‍ ചൊല്ലാമതും വന്നീടുമൊന്നുതന്നെ രണ്ടായിട്ടിരിക്കയാല്‍ വിദ്യയുമവിദ്യയുമിങ്ങനെ രണ്ടായതില്‍ വിദ്യയാകുന്നു സദാ വിജ്ഞാനസ്വരൂപിണി വിദ്യയെയറിഞ്ഞുപാസിപ്പവര്‍ വിദ്വത്തുകള്‍ വിജ്ഞാനജ്ഞാനങ്ങളുമുള്ളവരവരല്ലോ അവിദ്യവശന്മാരായ് ഭവിക്കുന്നവരെല്ലാം അവശ്യം സംസാരികളെന്നു മറിഞ്ഞാലും രണ്ടുനാമങ്ങള്‍ പൂണ്ടു രണ്ടായിട്ടിരിക്കയാല്‍ രണ്ടും താന്‍ തന്നെയനുഭവിപ്പിച്ചീടുന്നതും. രണ്ടുമുള്ളോന്നല്ലെന്നതാകിലും മഹാമായ ബന്ധമോക്ഷങ്ങള്‍ക്കധികാരിണിയാകമൂലം ആശയം: കര്‍മ്മത്തിന് നാശം വരുത്തുമ്പോള്‍ ജീവന്‍ നിര്‍മ്മലനായി പരമാനന്ദനായിത്തീരുന്നു. കര്‍മ്മമുള്ളകാലത്തോളം ബദ്ധനാണു താനെന്നു ഭാവിച്ച് ജീവന്‍ ജനന മരണദുഃഖങ്ങള്‍ അനുഭവിക്കുന്നു. ആനന്ദസ്വരൂപനായ ആത്മാവിന് ഗുണങ്ങളൊന്നുമില്ലാത്തതിനാല്‍ ബന്ധങ്ങളുമില്ല. എങ്കിലും ബന്ധവും മോക്ഷവും രണ്ടും ഉണ്ടാക്കുന്ന ഒരു ബന്ധുവാണ് മഹാമായ എന്നറിഞ്ഞാലും. മായയെ അജ്ഞാനസ്വരൂപിണിയെന്നാണല്ലോ പറയുന്നത്. എങ്കില്‍ പിന്നെ മായയില്‍ നിന്ന് വിജ്ഞാനമുണ്ടാകുന്നതെങ്ങനെയെന്നു സംശയമുണ്ടെങ്കില്‍ അതും പറഞ്ഞുതരാം. ഒന്നുതന്നെയെങ്കിലും മായ വിദ്യയെന്നും അവിദ്യയെന്നും രണ്ടു സ്വരൂപത്തിലിരിക്കുന്നു. അതില്‍ വിദ്യയാണ് സദാ വിജ്ഞാനസ്വരൂപിണിയായത്. വിദ്യാമായയെ മനസ്സിലാക്കി ആരാണോ ഉപാസിക്കുന്നത് അവരാണ് വിദ്വാന്മാര്‍. അവര്‍ക്കാണ് വിജ്ഞാനവും ജ്ഞാനവുമൊക്കെയുള്ളത്. ആ വിദ്യയ്ക്കു വശംവദമായി കഴിയുന്നവരെയെല്ലാം നിശ്ചയമായും സംസാരികളാണെന്നു പറയുന്നു. ഈ മായ ഒന്നാണെങ്കിലും രണ്ടു നാമം പൂണ്ട് രണ്ടായിട്ടിരിക്കുന്നതിനാല്‍ അവള്‍തന്നെ രണ്ടനുഭവങ്ങളും തരുന്നത്. രണ്ടും ഉള്ളതല്ലെങ്കിലും മഹാമായ ബന്ധമോക്ഷങ്ങള്‍ക്ക് കാരണക്കാരിയായതിനാല്‍ ഉള്ളില്‍ വിവേകമില്ലാത്തവര്‍ക്ക് എല്ലായ്‌പ്പോഴും ഉള്ളതായി തോന്നിച്ച് വിദ്യാരൂപത്തിലും അവിദ്യാരൂപത്തിലും രണ്ടനുഭവങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.