റഡവാന്‍സ്‌കയും വീണു

Saturday 31 May 2014 12:53 am IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ അട്ടിമറികള്‍ തുടരുന്നു. മൂന്നാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡവാന്‍സ്‌കയും കിരീടവഴിയില്‍ ഇടറിവീണു. ക്രൊയേഷ്യയുടെ അജ്‌ല ടോംജനോവിച്ചാണ് മൂന്നാം റൗണ്ടില്‍ റഡവാന്‍സ്‌കയെ മറിച്ചിട്ടത്, സ്‌കോര്‍: 6-4, 6-4. ഇതോടെ വനിതാ വിഭാഗത്തിലെ ആദ്യ മൂന്ന് സീഡുകളും പുറത്തായി. ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസും രണ്ടാം സീഡ് ചൈനയുടെ ന ലിയും നേരത്തെ പരാജയംരുചിച്ചിരുന്നു. അതേസമയം, സ്ലൊവാക്യയുടെ ഡൊമനിക്ക സിബുല്‍ക്കോവയെ 6-4, 6-4ന് മറികടന്ന് ഓസ്‌ട്രേലിയന്‍ താരം സാമന്ത സ്‌റ്റോസര്‍ നാലാം റൗണ്ടിലെത്തി. പുരുഷന്‍മാരില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ റോജര്‍ ഫെഡററും സെര്‍ബിയന്‍ ഫേവറേറ്റ് നൊവാക്ക് ഡോക്കോവിച്ചും പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇരുവരും നാലു സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ജയംകണ്ടത്. ഫെഡറര്‍ റഷ്യയുടെ ദിമിത്രി ടര്‍സറോവിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അതിജീവിച്ചു (5-7, 7-6, 2-6, 4-6). ഡോക്കോ വമ്പന്‍ സര്‍വുകളുടെ ആശാനായ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ നാട്ടിലേക്ക് മടക്കി (3-6, 2-6, 7-6, 4-6). ചെക്ക് റിപ്പബ്ലിക്ക് പ്രതിനിധി റാഡെക് സ്റ്റെപാനക്കിനെ തുരത്തി ഫ്രാന്‍സിന്റെ ഏണസ്റ്റ് ഗുല്‍ബിസും നാലാം വട്ടത്തില്‍ ഇടംനേടിയെടുത്തു (6-3, 6-2, 7-5). മിക്‌സഡ് ഡബിള്‍സില്‍ കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാനിയ മിര്‍സ- റുമാനിയയുടെ ഹോരിയ തക്കാവു സഖ്യം ക്വെറ്റ പെച്ച്‌കെയും മാര്‍ക്കിന്‍ മറ്റ്‌കോവ്‌സ്‌കിയും അടങ്ങിയ ചെക്ക്- പോളിഷ് കൂട്ടുകെട്ടിനെ ഒന്നാം റൗണ്ടില്‍ മടക്കി (4-6, 6-3, 10-7). ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും അയ്‌സം ഖുറേഷിയും ചേര്‍ന്ന ഇന്തോ- പാക് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.