ഭാരത്‌-പാക്‌ ചര്‍ച്ച ആശാവഹം

Saturday 25 June 2011 9:59 pm IST

കഴിഞ്ഞ ദിവസം ഭാരത-പാക്‌ സെക്രട്ടറിതല ചര്‍ച്ച വളരെ സൗഹാര്‍ദപൂര്‍വം നടന്നത്‌ ആശ്വാസകരമാണ്‌. പലവട്ടം നടന്ന ചര്‍ച്ചകളാണെങ്കിലും യഥാര്‍ഥത്തില്‍ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. പ്രശ്നങ്ങള്‍ അവഗാഹപൂര്‍വം മനസിലാക്കി ഓരോ ചുവടും വളരെ സൂക്ഷ്മതയോടെയാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌ എന്നത്‌ സ്വാഗതാര്‍ഹമായ കാര്യമാണ്‌.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മിലും ഇതിനുമുമ്പ്‌ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. അടുത്തതവണയോടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും എന്ന ശുഭാപ്തി വിശ്വാസവുമായാണ്‌ അവ അവസാനിക്കുക. എന്നാല്‍ കാര്യങ്ങള്‍ ഒരു പരിധി കഴിയുമ്പോള്‍ കൈവിട്ടുപോകുകയാണ്‌. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നുവെന്ന്‌ ഇരു രാജ്യങ്ങളും ചിന്തിക്കേണ്ടതുണ്ട്‌. ആറു പതിറ്റാണ്ടായി തുടരുന്ന ചര്‍ച്ചകളാണ്‌ അനന്തമായി നീണ്ടുപോകുന്നത്‌. പാക്കിസ്ഥാനിലെ പട്ടാളഭരണകൂടവും ജനാധിപത്യസര്‍ക്കാരുകളും ഭാരതത്തിലെ സര്‍ക്കാരുകളും നടത്തിവരുന്ന ചര്‍ച്ചയില്‍ മധ്യസ്ഥതക്ക്‌ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെ തുടക്കത്തില്‍ ഭാരതം ശക്തമായി എതിര്‍ത്തതിനാല്‍ ലോകത്തിലെ വന്‍ശക്തികളായിട്ടും അവര്‍ക്ക്‌ അതില്‍ നിന്ന്‌ പിന്‍വാങ്ങേണ്ടി വന്നുവെന്നത്‌ ഭാരതത്തിന്റെ ഇച്ഛാശക്തിമൂലമാണ്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്‌ പരിഹാരം കാണാന്‍ തങ്ങള്‍ തന്നെ മതിയെന്ന നിലപാടാണ്‌ ശക്തമായ രീതിയില്‍ കൈക്കൊണ്ടത്‌. അതുകൊണ്ടാണ്‌ അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്ക്‌ തലകുനിക്കേണ്ടി വന്നത്‌.
ഇപ്പോള്‍ നടന്ന ചര്‍ച്ചകള്‍ പത്ത്‌ മാസത്തെ ഇടവേളക്ക്‌ ശേഷമാണ്‌. തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ആഴമേറിയ ചര്‍ച്ചകളും ഇത്തവണയുണ്ടായി. ഇതില്‍ പ്രധാനമായും കാശ്മീര്‍ പ്രശ്നം തന്നെയാണ്‌. ഉഭയകക്ഷി ചര്‍ച്ചകളില്‍ എപ്പോഴും പൊന്തിവന്നിരുന്നതും ഊരാക്കുടുക്കായി കിടക്കുന്നതും കാശ്മീര്‍ തന്നെയാണ്‌. കാശ്മീരിനെ വിട്ടുകൊണ്ടുള്ള ഒരു ചര്‍ച്ചക്കും തങ്ങളില്ലെന്ന്‌ പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കാറുണ്ട്‌. അതേപോലെ കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്‌ നാമും പറയാറുണ്ട്‌. പല കാര്യങ്ങളിലും സമവായമുണ്ടാകുമ്പോള്‍ ഇതില്‍ തട്ടിയാണ്‌ ചര്‍ച്ചകള്‍ പിരിയുന്നത്‌.
എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന്‌ വിപരീതമായി ചില മാറ്റങ്ങള്‍ കണ്ടുവന്നത്‌ ആശ്വാസകരമാണ്‌. അത്തരമൊരവസ്ഥയില്‍ മാത്രമെ പുരോഗതിയുണ്ടാവൂ. കാശ്മീര്‍ പ്രശ്നം തോക്കിന്റെ നിഴലിലൂടെയും തീവ്രവാദി അക്രമങ്ങളിലൂടെയും പരിഹരിക്കാന്‍ കഴിയില്ലെന്ന്‌ ഭാരതം വളരെ വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അതിനാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരാനാണ്‌ തീരുമാനം. വളരെ സങ്കീര്‍ണമായ വിഷയമാണിത്‌. രണ്ടുപേര്‍ക്കും ഒരുപോലെ ക്ഷീണമുണ്ടാക്കുന്ന ഒന്നാണിത്‌. ആര്‍ക്കും പിന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ. ഭീകരപ്രവര്‍ത്തനം കൊണ്ട്‌ ഒരു പ്രശ്നവും ശാശ്വതമായി പരിഹരിക്കാന്‍ കഴിയില്ല. അതുപോലെ സൈനിക ഏറ്റുമുട്ടലും പ്രശ്നപരിഹാരത്തിന്‌ ഉതകില്ല.
കാശ്മീര്‍ വിഷയത്തില്‍ രണ്ട്‌ രാജ്യങ്ങളും തമ്മില്‍ കാതലായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഒരു രാത്രികൊണ്ടോ ഒരു ചര്‍ച്ചകൊണ്ടോ ഇതിന്‌ പരിഹാരം കാണാന്‍ കഴിയുമെന്ന്‌ ആരും വിശ്വസിക്കുന്നുമില്ല. പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ അതിനാണ്‌ മുന്‍ഗണന നല്‍കേണ്ടത്‌. തര്‍ക്കത്തിലുള്ള വിഷയങ്ങള്‍ മാറ്റിവെച്ച്‌ എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയുന്നവക്ക്‌ പ്രാധാന്യം നല്‍കണം. അങ്ങനെയാണെങ്കില്‍ കടുകട്ടിയായ വിഷയങ്ങള്‍ മറ്റീവ്ക്കുമ്പോള്‍ സ്വാഭാവികമായ ചില കാര്യങ്ങളിലെങ്കിലും പരിഹാരം കാണാന്‍ കഴിയും.
കാര്‍ഗിലില്‍ നിന്ന്‌ പാക്കിസ്ഥാനിലെ സ്കര്‍ഡുവിലേക്കുള്ള റോഡ്‌, ശ്രീനഗറിനും മുസാഫറാബാദിനും ഇടയിലുള്ള ബസ്‌ സര്‍വീസിന്റെ തവണ വര്‍ധിപ്പിക്കുക, നിയന്ത്രണരേഖ കടന്നുള്ള കച്ചവടത്തിന്റെ അവസരങ്ങള്‍ കൂട്ടുക, വിസ ഇളവ്‌ കൊണ്ടുവരിക എന്നിവ ഇത്തവണത്തെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായ ചില വിഷയങ്ങളാണ്‌. ഇനിയുള്ള കാര്യങ്ങളില്‍ ക്രമാനുഗതമായ നേട്ടം ഉണ്ടാക്കുവാനും തീരുമാനമായിട്ടുണ്ട്‌. ഇതിനുവേണ്ടി ഒരു കാശ്മീര്‍ പ്രവര്‍ത്തക സമിതിക്ക്‌ രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌. അടുത്തതവണ ദല്‍ഹിയില്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം കൂടുന്നതിന്‌ മുന്നോടിയായി ഈ പ്രവര്‍ത്തകസമതി ചേരാനും നിശ്ചയിച്ചിട്ടുണ്ട്‌. അതിനിടയില്‍ ഒടുവിലുണ്ടായ പുരോഗതി ഈ സമിതി വിലയിരുത്തും.
ചര്‍ച്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന വിദേശകാര്യ സെക്രട്ടറിമാരുടെ സംയുക്ത പത്രസമ്മേളന അറിയിപ്പ്‌ ഇരുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വിഷയങ്ങള്‍ക്കായി വിദഗ്ധന്മാര്‍ അടങ്ങിയ വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാനും തീരുമാനമായിട്ടുണ്ട്‌. ഇവരുടെ യോഗം അടുത്തമാസം ചേരുന്നതിനും തീരുമാനമായിട്ടുണ്ട്‌.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക്‌ തടസം ഉണ്ടായത്‌. ഈ പ്രക്രിയ പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും തന്നെ ശുഭപര്യവസാനമായില്ല. അതിനാല്‍ തന്നെ മാസങ്ങളുടെ ഇടവേളക്ക്‌ ശേഷം സെക്രട്ടറിമാരുടെ ചര്‍ച്ചക്ക്‌ ഇസ്ലാമാബാദ്‌ വേദിയായപ്പോഴും രണ്ടുകൂട്ടര്‍ക്കും അക്കാര്യത്തില്‍ വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. കാരണം, മുന്‍ ചര്‍ച്ചകള്‍ അങ്ങിനെയായിരുന്നുവല്ലോ. പക്ഷെ അതില്‍ നിന്ന്‌ വ്യത്യസ്തമായി ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നത്‌ സംതൃപ്തി നല്‍കുന്നു. പ്രധാനമന്ത്രിമാരുടെ ചര്‍ച്ചക്ക്‌ മുമ്പ്‌ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയും നിശ്ചയിട്ടുണ്ട്‌.
വിദേശ സെക്രട്ടറി പദത്തില്‍ വിരമിക്കുന്ന സമയത്ത്‌ നിരുപമറാവുവിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ തീരുമാനം തികച്ചും ആശ്വാസകരമാണ്‌. പതിവില്‍ നിന്നും വ്യത്യസ്തമായി പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറും ഇത്തവണത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞതവണ നടന്ന ചര്‍ച്ചക്കൊടുവില്‍ ബഷീര്‍ പ്രകടിപ്പിച്ച അസഹിഷ്ണുത ഒരിക്കലും മറക്കാന്‍ കഴിയില്ല. പക്ഷെ ഇത്തവണ അതുണ്ടായില്ലെന്ന്‌ മാത്രമല്ല, തികച്ചും തൃപ്തനായ ബഷീറിനെയാണ്‌ കാണാന്‍ കഴിഞ്ഞത്‌.
ഭീകരത, മതമൗലികവാദം എന്നിവയെ സംബന്ധിച്ച്‌ ഭാരതത്തിന്റെ വാക്കുകള്‍ അളന്നുമുറിച്ചവയാണ്‌. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത്‌ പാക്കിസ്ഥാനും വ്യക്തമായിട്ടറിയാം. അതുമനസ്സിലാക്കി തന്നെയാണ്‌ ഇത്തവണ ബഷീര്‍ തയ്യാറായെന്നത്‌ ശ്രദ്ധേയമാണ്‌.
പാക്കിസ്ഥാനും ഭാരതവും ഒരുപോലെ അണ്വായുധം വാങ്ങിക്കൂട്ടുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത്‌ വസ്തുതയാണ്‌. എന്തായാലും ഇക്കാര്യത്തില്‍ പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്ന പുതിയ നടപടികള്‍ക്കായി രണ്ട്‌ രാജ്യങ്ങളും മുന്‍കൈ എടുക്കാനും തീരുമാനമായിട്ടുണ്ട്‌. ഇതിനുമുമ്പ്‌ നടന്ന ചര്‍ച്ചകളില്‍ ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ല. ലോകരാജ്യങ്ങള്‍ വളരെ ആശങ്കയോടെയാണ്‌ ഇതിനെ നോക്കിക്കാണുന്നത്‌. ഇതില്‍ ഒരു ഗുണകരമായ മാറ്റമാണ്‌ ഉണ്ടായിട്ടുള്ളത്‌. മറ്റ്‌ രാജ്യങ്ങളെ ആക്രമിക്കാനല്ല ഭാരതം അണ്വായുധം ഉണ്ടാക്കുന്നതെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതേ നിലപാടാണ്‌ ഇപ്പോഴുമുള്ളത്‌. എന്തായാലും അടുത്തമാസം ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

-കെകെപിജി