ന്യൂദല്‍ഹി; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. സെവന് റെയ്സ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയില്‍ വെച്ച് ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്ന് മോദി ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള 10 ജനറല്‍ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാര്‍ട്ടിയുടേയും ആര്‍എസ്എസിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയുടെ വിജയത്തിനായി കഠിന പ്രയ്തനം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അതിനുള്ള ഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘമാണ് നമ്മുടെ ശക്തി അതില്ലെങ്കില്‍ ഇത്ര വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: