ചിദംബരത്തിന്റെ രാജിക്ക്‌ സമ്മര്‍ദ്ദമേറുന്നു

Thursday 22 September 2011 10:55 pm IST

ന്യൂദല്‍ഹി: രാജ്യത്തെ അഴിമതിയുടെ കാണാക്കയങ്ങളിലേക്ക്‌ തള്ളിയിട്ടത്‌ ചിദംബരമാണെന്ന വെളിപ്പെടുത്തല്‍ അപമാനകരമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ സ്വയം രാജിവെയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന്‌ പ്രധാനമന്ത്രി പുറത്താക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌ മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു. 2ജി സ്പെക്ട്രം അഴിമതി നടന്ന കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‌ അഴിമതിയില്‍ പങ്കുണ്ടെന്ന്‌ ധനകാര്യ മന്ത്രാലയം പോലും സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലും നടപടിയുണ്ടായിട്ടില്ല, യുപിഎ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ്‌ ഇതിനു കാരണം, ജോഷി കുറ്റപ്പെടുത്തി. ചിദംബരത്തിനെതിരായ തെളിവുകള്‍ കണ്ടില്ലെന്നു നടിച്ച സിബിഐ നടപടിയിലും ദുരൂഹത നിഴലിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2ജി അഴിമതിയില്‍ രാജ്യത്തിന്‌ നഷ്ടമായ തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇതോടൊപ്പം സ്പെക്ട്രം അഴിമതിയിടപാടില്‍ പങ്കുകാരനായ ചിദംബരം രാജി വെക്കണമെന്ന്‌ തമിഴ്‌നാട്മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്‌ അഴിമതിയില്‍ പങ്കുണ്ടെന്ന കാര്യം തനിക്കുറപ്പുണ്ടെന്നും, ഇതേകേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി രാജയ്ക്കെതിരായി സിബിഐ നടത്തിയതു പോലെയുള്ള കറതീര്‍ന്ന അന്വേഷണം ചിദംബരത്തിനെതിരായി നടത്തണമെന്നാണ്‌ തന്റെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.