ചാനല്‍ പണ്ഡിതന്മാര്‍

Saturday 31 May 2014 7:46 pm IST

വിവിധ ചാനലുകളിലായി രാഷ്ട്രീയ പണ്ഡിതന്മാര്‍ നടത്തുന്ന ചര്‍ച്ച കേട്ടാല്‍ പ്രേക്ഷകന്‍ ചിരിച്ചുപോകും. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരു ജയിക്കും എന്ന ചര്‍ച്ച തുടങ്ങി. ദുര്‍ഭരണം മൂലം കോണ്‍ഗ്രസും വര്‍ഗീയത മൂലം ബിജെപിയും ജയിക്കാനിടയില്ല എന്നു തീരുമാനിച്ചു. പിന്നെ ആരു ജയിക്കും. പ്രാദേശിക കക്ഷികളും ഇടതുപക്ഷവും. അങ്ങനെ അവര്‍ ജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി? ജയലളിത, മമത, മായാവതി മുലായംസിങ്‌, പ്രധാനമന്ത്രിമാര്‍ക്ക്‌ പഞ്ഞമില്ല. ഇവരില്‍ ആരാകും പ്രധാനമന്ത്രി എന്നതിനെ ചൊല്ലിയായി പിന്നീട്‌ ചര്‍ച്ച. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കല്‍. ഇതിനിടെ ജയലളിതയാണ്‌ പ്രധാനമന്ത്രിയാകാന്‍ നല്ലതെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പ്രസ്താവിച്ചു. തമിഴ്‌നാട്ടില്‍ അവരുടെ കൃപയില്‍ ജയിക്കാവുന്ന വിരലിലെണ്ണാവുന്ന സീറ്റുകളിലായിരുന്നു സഖാവിന്റെ കണ്ണ്‌. ജയലളിത അഴിമതിക്കേസില്‍ പ്രതിയാണ്‌ എന്ന വസ്തുത അഴിമതിക്കെതിരെ പോരാടുന്നു എന്നു പറയുന്ന പാര്‍ട്ടി സഖാവ്‌ കണ്ടില്ലെന്ന്‌ നടിച്ചു. എന്നാല്‍ പ്രതീക്ഷിച്ചപോലെ ജയലളിത സീറ്റു കൊടുക്കാതിരുന്നാല്‍ മുലായംസിംഗിനെ പ്രധാനമന്ത്രിയാകാന്‍ പിന്തുണയ്ക്കും എന്നും പ്രഖ്യാപിച്ചു. എന്നാല്‍ കഷ്ടം! മുലായംസിംഗും സീറ്റു കൊടുത്തില്ല. ഇതിനിടെ കോണ്‍ഗ്രസ്‌ മൂന്നാംമുന്നണിയെ പിന്തുണയ്ക്കേണ്ടിവരുമെന്ന്‌ ചാനല്‍ പണ്ഡിതര്‍ വിധിയെഴുതി. തോല്‍ക്കുന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയ്ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ ശരിയല്ല. അതിനാല്‍ അവര്‍ മൂന്നാംമുന്നണിയെ പിന്തുണയ്ക്കേണ്ടിവരും. മൂന്നാംമുന്നണിയ്ക്ക്‌ ഒറ്റയ്ക്ക്‌ ഭരിക്കാനാവില്ല എന്നു പണ്ഡിതര്‍ വ്യംഗ്യമായി സമ്മതിച്ചു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടുന്ന കക്ഷികള്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ ഭരിക്കുന്നതിലെ ധര്‍മഭ്രംശം കണ്ടില്ലെന്ന്‌ നടിച്ചു. പക്ഷേ ആന്റണിക്ക്‌ അങ്ങനെയല്ല തോന്നിയത്‌ കോണ്‍ഗ്രസിന്‌ എമ്പാടും സീറ്റു കിട്ടും. ഭൂരിപക്ഷത്തിന്‌ അഥവാ കുറച്ച്‌ സീറ്റുകള്‍ കുറവായാല്‍ ഇടതുപക്ഷം പിന്തുണയ്ക്കണം. മുന്‍പും കോണ്‍ഗ്രസിന്റെ ആപത്തുകാലത്ത്‌ ഇടതുമുന്നണി അവരെ തുണച്ചിട്ടുള്ളതിനാല്‍ ആന്റണിക്ക്‌ സംശയമൊന്നും തോന്നിയില്ല. രാഹുല്‍ ബ്രിഗേഡില്‍പ്പെട്ട ലിജു എന്ന അഖിലേന്ത്യാ നേതാവ്‌ കോണ്‍ഗ്രസിന്‌ നൂറ്റി അന്‍പത്‌ സീറ്റു കിട്ടുമെന്ന്‌ കട്ടായം പറഞ്ഞു. അങ്ങനെ അഖിലേന്ത്യാ രാഷ്ട്രീയത്തിലുള്ള തന്റെ പാണ്ഡിത്യം യുവനേതാവ്‌ നാട്ടുകാരെ ബോധ്യപ്പെടുത്തി. എക്സിറ്റ്‌ പോള്‍ ഫലങ്ങള്‍ വന്നിട്ടും അതു വിശ്വസിക്കാന്‍ ചില രാഷ്ട്രീയ പണ്ഡിതര്‍ വിസമ്മതിച്ചു. തെരഞ്ഞെടുപ്പു സര്‍വേകളെല്ലാം നരേന്ദ്രമോദി പണം നല്‍കി എഴുതിക്കുന്നതാണെന്നാണ്‌ ഇവര്‍ വിശ്വസിച്ചത്‌. അവസാനം തെരഞ്ഞെടുപ്പ്‌ ഫലം വന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട്‌ ബിജെപി ഒറ്റയ്ക്ക്‌ ഭൂരിപക്ഷം നേടി. ഇതോടെ മോദി ഭരിച്ചാലുള്ള അപകടതതെക്കുറിച്ചായി ചര്‍ച്ച. മോദി വന്നാല്‍ താന്‍ പാക്കിസ്ഥാനിലേക്ക്‌ പോകും എന്നുപറഞ്ഞ ഒരു പണ്ഡിതന്‍ കാലുമാറി. പാക്കിസ്ഥാനിലേക്കു പോകാന്‍ നമോ ബ്രിഗേഡ്‌ സൗജന്യമായി നല്‍കിയ വിമാന ടിക്കറ്റ്‌ അദ്ദേഹം നിരസിച്ചു. പൊടുന്നനെ ചില പണ്ഡിതന്മാര്‍ക്ക്‌ അദ്വാനിയോടും മുരളീമനോഹര്‍ ജോഷിയോടും സ്നേഹം വന്നു. മോദിക്കെതിരെ ഇവര്‍ പോരാടും എന്നുറപ്പിച്ചു പറഞ്ഞു. ഇവരെ തഴയുന്നത്‌ സാമാന്യനീതിക്കു നിരക്കുന്നതല്ലെന്ന്‌ പ്രഖ്യാപിച്ചു. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്ന്‌ ഓരോ ചാനലും ചര്‍ച്ച തുടങ്ങി. പണ്ഡിതന്മാര്‍ കൊത്തുകോഴികളെപ്പോലെ ചീറി. അക്കാര്യം നരേന്ദ്രമോദി തീരുമാനിക്കട്ടേ എന്നാരും വിചാരിച്ചില്ല. ഏകദേശം നാല്‍പ്പത്തോളം മന്ത്രിസഭകളെ കാറ്റില്‍പ്പറത്തി. അപ്പോഴാണ്‌ 'സാര്‍ക്ക്‌' രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക്‌ ക്ഷണിച്ച വാര്‍ത്ത വന്നത്‌. ക്ഷണം സ്വീകരിക്കാന്‍ പാക്കിസ്ഥാനില്‍ രണ്ടുദിവസത്തെ സമയമെടുത്തു. ചാനലുകളുടെ ഭാഗ്യം നവാസ്‌ ഷെറീഫ്‌ വരാനിടയില്ല എന്നു പലരും പ്രഖ്യാപിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ-പാക്‌ ബന്ധങ്ങള്‍ മെച്ചപ്പെടുന്നു എന്നവര്‍ക്കു വിശ്വസിക്കാനേ കഴിയുന്നില്ല. സത്യപ്രതിജ്ഞ ചെയ്ത്‌ ഒറ്റദിവസം കൊണ്ട്‌ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച നരേന്ദ്രമോദിയെ പുകഴ്ത്തുകയല്ലേ രാഷ്ട്രീയ നിരീക്ഷകര്‍ ഇനി ചെയ്യേണ്ടത്‌. കൊടിയേറ്റത്തില്‍ ഗോപി പറയുന്നതുപോലെ "അമ്മോ എന്തൊരു സ്പീഡ്‌" എന്നവര്‍ക്ക്‌ ആശ്ചര്യപ്പെടാം. ചാനല്‍ പണ്ഡിതര്‍ ഇനിയെങ്കിലും തിരിഞ്ഞുനോക്കണം. തങ്ങള്‍ പറഞ്ഞുകൂട്ടിയ മണ്ടത്തരങ്ങളെക്കുറിച്ച്‌ സ്വയം വിമര്‍ശനപരമായി വിലയിരുത്തണം. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച്‌ നരേന്ദ്രമോദിക്കറിയുന്നപോലെ തങ്ങള്‍ക്കറിയില്ലായിരുന്നു എന്ന സത്യം മാലോകര്‍ക്കു മുന്‍പില്‍ ഏറ്റുപറയണം. നെടുമ്പാശ്ശേരി രവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.