മോദിയുടെ ചരിത്ര നിയോഗം

Saturday 31 May 2014 7:55 pm IST

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും നരേന്ദ്രമോദിയുടെ വിജയവും ചരിത്രനിയോഗമാണ്‌. ഇതിന്‌ മുന്‍പ്‌ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളേക്കാള്‍ എന്തുകൊണ്ട്‌ ഈ തെരഞ്ഞെടുപ്പ്‌ ഇത്രയേറെ ആഗോള പ്രശസ്തി നേടി എന്നത്‌ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്‌. ഈ തെരഞ്ഞെടുപ്പ്‌ നെഹ്‌റു യുഗത്തിന്റെ ഇന്ത്യയിലെ അന്ത്യമായി കാണുന്നതിനപ്പുറം കൊളോണിയല്‍ അധിനിവേശത്തിന്റെ അവസാന ബീജവും ഇല്ലാതാക്കാനുളള ചരിത്രപരമായ ദൗത്യം നിറവേറ്റപ്പെടുന്നു. ലോകം കീഴടക്കാന്‍ ആഗ്രഹിച്ച പലരും ഇന്ത്യയെ ആക്രമിച്ചിരുന്നു. ഇത്‌ അധിനിവേശമായിരുന്നില്ല. വെറും അക്രമം മാത്രമായിരുന്നു. എ.ഡി ഒമ്പതാം നൂറ്റാണ്ട്‌ വരെയുള്ള ആക്രമണത്തില്‍ യവനന്മാര്‍ക്ക്‌ ശേഷം ഹൂണന്മാരും പഹ്‌വലന്മാരും അടക്കം പലരും ഇന്ത്യയുടെ രാജകൊട്ടാരങ്ങളെ പലപ്പോഴായി കീഴടക്കി. ആറ്റ്ലയുടെ നേതൃത്വത്തില്‍ വന്ന ഹൂണന്മാര്‍ പരാക്രമശാലികളായിരുന്നു. നിണംനിറഞ്ഞ പോരാട്ടങ്ങളില്‍ വിജയം വരിച്ച ഇവര്‍ പക്ഷെ രാജ്യധര്‍മത്തില്‍ സ്വയം ലയിച്ചു. ഭാരതധര്‍മത്തിനുവേണ്ടി പോരാടിയ പരാക്രമികളായ രജപുത്രര്‍ ഹൂണന്മാരുടെ പിന്‍തലമുറയായിട്ടാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌. ഈ കാലഘട്ടം ഇന്ത്യന്‍ ചരിത്രത്തിലെ ഒന്നാം ഘട്ടമാണ്‌. ഇന്ത്യയുടെ പതനത്തിന്‌ കാരണമായ അധിനിവേശം ഉണ്ടായത്‌ രണ്ടാംഘട്ടത്തിലായിരുന്നു. ഇത്‌ ഒമ്പതാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുളള കാലമാണ്‌. രണ്ടാംഘട്ടത്തിലെ ആക്രമണത്തിന്റെ ലക്ഷ്യം തന്നെ രാജ്യത്തിന്റെ സ്വത്വത്തെ തകര്‍ക്കുക എന്നതായിരുന്നു. ഇതാണ്‌ അധിനിവേശം. രാജ്യം കീഴടക്കുന്നതിനപ്പുറം ഭാരതത്തിന്റെ ധാര്‍മിക കേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കുക എന്നതായിരുന്നു അധിനിവേശക്കാരുടെ ലക്ഷ്യമായിരുന്നത്‌. ലോകം മുഴുവനും തങ്ങളുടെ വിശ്വാസത്തിന്റേയും ശാന്തിയുടേയും അധീനതയില്‍ കൊണ്ടുവരാന്‍ വാളിന്റെ പിന്നില്‍ ഖുറാനുമായി എത്തിച്ചേര്‍ന്ന മുഹമ്മദ്‌ ഗസ്നിയും ഗോറിയും ആയിരുന്നു അധിനിവേശ ആക്രമകാരികളില്‍ പ്രമുഖര്‍. രാജകൊട്ടാരങ്ങളെ തകര്‍ത്തും ധാര്‍മിക കേന്ദ്രങ്ങളെയും ക്ഷേത്രങ്ങളെയും കൊള്ള ചെയ്തും കൊള്ളിവെയ്പ്പ്‌ നടത്തിയും ഇവര്‍ ആധിപത്യം ഉറപ്പിച്ചു. ചെങ്കിസ്ഖാന്റെ പിന്‍തലമുറയായി വന്ന തൈമൂറിന്റെ ആക്രമണമവും ഇതില്‍നിന്ന്‌ വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഈ രണ്ടാംഘട്ടത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഇതിനെ മധ്യകാലഘട്ടമെന്ന്‌ ചരിത്രകാരന്മാര്‍ വിളിക്കുന്നു. ധര്‍മം പരമലക്ഷ്യമായി കണ്ട്‌ ജീവിച്ചുപോന്ന ഒരു ജനതയുടെ മേല്‍ വൈദേശിക സെമിറ്റിക്‌ കാഴ്ചപ്പാടും ഏക ദൈവവിശ്വാസത്തിന്റെ അസഹിഷ്ണുതയും അസഹനീയമായ ആധിപത്യം ചെലുത്തിയപ്പോള്‍ രാജകൊട്ടാരവും രാജ്യഭരണവും ഉപേക്ഷിച്ച്‌ രാജാക്കന്മാരും പ്രജകളും ധര്‍മം സംരക്ഷിക്കുവാനും തകര്‍ക്കപ്പെട്ട ധാര്‍മിക കേന്ദ്രങ്ങളെ പുനര്‍നിര്‍മിക്കുവാനും രംഗത്തിറങ്ങി. രാജ്യം മുഴുവനും ധര്‍മസംരക്ഷണജാഗരണം സംഘടിപ്പിച്ചുകൊണ്ട്‌ സന്ന്യാസിമാരും ആശ്രമങ്ങളില്‍നിന്ന്‌ സമാജത്തിലേക്കിറങ്ങി. തൈമൂറിന്റെ പിന്‍തലമുറയായി വന്ന ബാമിനി സാമ്രാജ്യത്തിന്റെ മതക്രൂരത നിയന്ത്രണാതീതമായപ്പോള്‍ ശങ്കരാചാര്യരുടെ അനുഗ്രഹത്തോടെ അദ്ദേഹം സമ്മാനിച്ച ഉടവാളുമായിട്ടാണ്‌ ഹരിഹരനും ബുക്കരും വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത്‌. ഹിന്ദുധര്‍മത്തേയും പാരമ്പര്യത്തേയും മുറുകെപ്പിടിച്ചുകൊണ്ട്‌ വിജയനഗര സാമ്രാജ്യവും പടര്‍ന്ന്‌ പന്തലിച്ചു. ഗോറിക്കും ഗസ്നിക്കും ശേഷം ഇല്‍ത്തുമിഷും ഇബ്രാഹിം ലോദിയും അലാവുദ്ദീന്‍ ഖില്‍ജിയും അടക്കം നിരവധി ആക്രമണകാരികള്‍ ഇവരുടെ പിന്തുടര്‍ച്ചക്കാരായി ആക്രമണം നടത്തി. ശങ്കരാചാര്യരുടെ അനുഗ്രഹത്തോടെ ഭാരത പൈതൃകത്തെ രക്ഷിക്കുവാനുള്ള വിജയനഗരത്തിന്റെ പരമ്പരയും തുടര്‍ന്നു. ഈ കാലഘട്ടത്തിലെ അധിനിവേശ ആക്രമണകാരികള്‍ക്ക്‌ ഭാരതത്തിന്റെ ധാര്‍മിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നതിന്റെ ഏറ്റവും വലിയ തെളിവായി ചരിത്രകാരനായ കെ.എം.പണിക്കര്‍ സൂചിപ്പിക്കുന്നത്‌ തക്ഷശിലയും നലാന്റയും തകര്‍ത്ത അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണത്തെയാണ്‌. ഏതാണ്ട്‌ ഇതേ ലക്ഷ്യവുമായിട്ടായിരുന്നു കാബൂളില്‍നിന്ന്‌ ബാബര്‍ വരുന്നതും മുഗളസാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതും. മുഗളന്മാര്‍ ബാബറുടെ ആധിപത്യമുണ്ടാക്കിയപ്പോള്‍ ബാബര്‍ക്ക്‌ നേരെ റാണാസംഗനും, ഹുമയൂണിനും അക്ബറിനുമെതിരെ റാണപ്രതാപും അവസാനം ഔറംഗസീബിനെതിരെ ശിവാജിയും രണ്ട്‌ ഭാഗത്തായി നിലയുറപ്പിക്കുന്നത്‌ ചരിത്രത്തില്‍ കാണാം. രാജ്യത്തെ കൊള്ളചെയ്ത്‌ സംസ്കൃതിയെ തകര്‍ത്ത്‌ വൈദേശിക മതം വളര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ ഒരു ഭാഗത്ത്‌. മറുഭാഗത്ത്‌ രാജ്യത്തെ നയിക്കുവാനും സംസ്കൃതിയെ സംരക്ഷിക്കുവാനും സ്വദേശിധര്‍മത്തെ പരിപോഷിപ്പിക്കുവാനുമായിട്ടുള്ള പോരാട്ടവുമായിരുന്നു. ശങ്കരാചാര്യരുടെ ആശിര്‍വാദത്തോടെ ആരംഭിച്ച അധിനിവേശത്തിനെതിരെയുള്ള ഈ പോരാട്ടം പിന്നീട്‌ ചരിത്രത്തിലുടനീളം കാണാം. മറാഠ സാമ്രാജ്യത്തിന്റെ പതനത്തോടെയാണ്‌ അധിനിവേശത്തിന്റെ അടുത്തഘട്ടമുണ്ടാകുന്നത്‌. അത്‌ പോര്‍ച്ചുഗീസുകാരുടെ വരവോടെയായിരുന്നു. വാസ്കോഡിഗാമ ഇന്ത്യയില്‍ വഴിതെറ്റി വന്നതോ കച്ചവടത്തിന്‌ വന്നതോ ആയിരുന്നില്ല. ഗസ്നിയും ഗോറിയും വന്നപോലെ ക്രൈസ്തവ സഭയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കൗണ്ടര്‍ റഫര്‍മേഷന്റെ സന്ദേശവുമായിട്ടാണ്‌ ഗാമ കാപ്പാട്‌ കടല്‍ത്തീരത്ത്‌ എത്തിയത്‌. തുടര്‍ന്ന്‌ കച്ചവടവും കോളനി സ്ഥാപിച്ച്‌ മതപ്രചാരണവും നടത്തി സ്വാധീനമുറപ്പിച്ചു. പോര്‍ച്ചുഗീസുകാരുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നെത്തിയ ബ്രിട്ടീഷുകാരുടെ നാലാമത്തെ അധിനിവേശ സൈന്യം ക്രൈസ്തവമതമായിരുന്നു. ഒരു കാര്യം ഇംഗ്ലീഷുകാര്‍ക്ക്‌ വ്യക്തമായിരുന്നു; ആയുധംകൊണ്ട്‌ ഇന്ത്യയെ കീഴ്പ്പെടുത്താനാവില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ ശേഷം 1867 ല്‍ ആര്യനും ദ്രാവിഡനുമായി ഇന്ത്യയുടെ ഭൂതകാലത്തെ വിഭജിച്ച്‌ ചരിത്രം രചിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യന്‍ ആത്മാഭിമാനത്തെ തകര്‍ക്കുന്ന പാഠ്യപദ്ധതി തയ്യാറാക്കി. മെക്കാളെ പ്രഭു ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടങ്ങുന്നതിന്‌ മുമ്പ്‌ ബ്രിട്ടീഷ്‌ രാജ്ഞിക്കെഴുതിയ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യം ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്‌. അടുത്ത അമ്പത്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സംസ്കാരത്തേയും പാരമ്പര്യത്തേയും പുച്ഛിച്ച്‌ തള്ളുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള ഉദ്യമത്തിന്‌ മെക്കാളെ തറക്കല്ലിടുമ്പോള്‍ ചരിത്രനിയോഗം വീണ്ടും സംഭവിക്കുന്നു. ഇതേ കാലഘട്ടത്തില്‍ തന്നെ കൊല്‍ക്കത്തയില്‍ ഒരു ശിശുവിന്റെ ജന്മം ഉണ്ടാകുന്നു. ഇംഗ്ലീഷ്‌ നാട്ടില്‍ പോയി ഇംഗ്ലീഷില്‍ സംസാരിച്ച്‌ ഇംഗ്ലീഷ്‌ ജനതയുടെ മനസ്സ്‌ കീഴടക്കി ഇന്ത്യന്‍ ധര്‍മത്തിന്റെയും സംസ്കാരത്തിന്റെയും വെന്നിക്കൊടി പാറിച്ച വിവേകാനന്ദന്‍ എന്ന ശിഷ്യനെ സൃഷ്ടിച്ച ശ്രീരാമകൃഷ്ണ പരമഹംസനെന്ന ഗുരുവിന്റെ ജന്മമായിരുന്നു അത്‌. ബ്രിട്ടീഷുകാരോട്‌ വാളും തോക്കുമായി ഒരു ഭാഗത്ത്‌ ഏറ്റുമുട്ടുമ്പോള്‍ തന്നെ ആദ്ധ്യാത്മികതയിലൂടെ സ്വത്വബോധം ഉണര്‍ത്തി ജനങ്ങളെ ബ്രിട്ടീഷ്‌ അടിമത്വത്തിനെതിരെ സംഘടിപ്പിച്ചത്‌ ശ്രീരാമകൃഷ്ണപരമഹംസനിലൂടെ പടര്‍ന്നു പന്തലിച്ച സാംസ്ക്കാരിക നവോത്ഥാനമായിരുന്നു. വൈദേശിക പ്രത്യയശാസ്ത്രത്തിന്റെ പരാനുകരണത്തോടെ ഇന്ത്യന്‍ യുവത്വത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച ഇംഗ്ലീഷുകാരനെതിരെ അമരത്വമാര്‍ന്ന ഭാരതത്തിന്റെ സ്വത്വബോധത്തെ ഉദ്ബോധിപ്പിച്ച്‌ ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും ഭഗനി നിവേദിതയും രാജാറാം മോഹന്‍റോയിയും ബാലഗംഗാധരതിലകനും മഹര്‍ഷി അരവിന്ദനും ഓരോ ഓരോ ഘട്ടങ്ങളിലായി ഇതിന്റെ സാരഥ്യം ഏറ്റെടുത്ത്‌ ചരിത്രപരമായ നിയോഗം സാക്ഷാത്കരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഭാരതീയ പൈതൃകത്തെ മുന്‍നിര്‍ത്തി അരവിന്ദനും തിലകനും സാംസ്കാരിക ദേശീയതയുടെ വികാരജ്വാല ആളിക്കത്തിച്ചപ്പോള്‍ ഭാരതം ഇളകി മറിഞ്ഞു. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ആദ്യത്തെ വിഭജനം പോലും ഈ സമരാഗ്നിയെ ഭയന്ന്‌ റദ്ദാക്കപ്പെട്ടു. ക്രമേണ സ്വത്വബോധത്തിന്റെ ആത്മപ്രകാശനത്തിലൂടെ സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന്‌ പ്രഖ്യാപിച്ച്‌ ലക്ഷ്യം നേടാനൊരുങ്ങുമ്പോഴാണ്‌ നിര്‍ഭാഗ്യവശാല്‍ സ്വത്വമെന്നത്‌ മതം മാത്രമായി ദുര്‍വ്യാഖ്യാനിക്കപ്പെട്ടത്‌. സ്വാതന്ത്ര്യത്തിന്‌ കുറുക്കുവഴിയായി ഈ വൈദേശിക മതത്തെ മതേതരത്വത്തിന്റെ പേരില്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാതയിലേക്ക്‌ ആനയിക്കപ്പെട്ടത്‌. ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി കൂട്ടിക്കെട്ടിയതിലൂടെയാണ്‌ ഇത്‌ ഉണ്ടായത്‌. ഇതിനിടെ ആകസ്മികമായി ഉണ്ടായ തിലകന്റെ ദേഹവിയോഗവും അരവിന്ദ്‌ ഘോഷിന്റെ പിന്‍വാങ്ങലും സ്വാതന്ത്ര്യസമരത്തിന്റെ പ്രയാണത്തെ പിറകോട്ടടിക്കുകയും ഖിലാഫത്തിലൂടെ ഉണ്ടായ കലാപം സമരത്തിന്റെ വഴിതെറ്റിക്കുകയും ചെയ്തു. മതപരമായ കലാപത്തിനുള്ള ആഹ്വാനത്തെ സ്വാതന്ത്ര്യസമരവുമായി കൂട്ടിച്ചേര്‍ക്കുക വഴി സ്വത്വബോധം വിസ്മരിക്കുകയും മതലഹളയായി ഇത്‌ പല സ്ഥലങ്ങളിലും പടരുകയും ചെയ്തു. സ്വാതന്ത്ര്യസമരം വഴിതെറ്റി സഞ്ചരിച്ചപ്പോള്‍ നിയതി തന്റെ ദൗത്യവും കര്‍മവും വീണ്ടും നിര്‍വഹിച്ചു. രാജ്യസ്നേഹത്തിന്റെ നിറകുടങ്ങളായി വ്യക്തികളെ രാജ്യത്താകമാനം വളര്‍ത്തിയെടുത്ത്‌ സ്വത്വബോധത്തിന്റെ ചിരപ്രതിഷ്ഠ ഇന്ത്യയിലുടനീളം നടത്തുവാന്‍ ആര്‍എസ്‌എസ്‌ എന്ന പ്രസ്ഥാനം ജന്മമെടുത്തു. ദേശഭക്തിയുടെ ജ്വലിക്കുന്ന തീപ്പന്തങ്ങളായ സംഘപ്രചാരകന്മാര്‍ ഇന്ത്യയിലാകെ സഞ്ചരിച്ചു. സംഘം വളര്‍ന്നു സമസ്ത മേഖലകളും കീഴടക്കി. സാംസ്കാരിക ദേശീയതയുടെ സന്ദേശവുമായി അനര്‍ഗളമായി ഒഴുകുന്ന ഗംഗാപ്രവാഹം പോലെ ആത്മശുദ്ധി കൈവരിച്ച്‌ ഹിന്ദുത്വത്തിന്റെ അമരത്വം വിളംബരം ചെയ്ത്‌ സര്‍വചേതനയോടെ നടന്ന സംഘപ്രവര്‍ത്തനം മധ്യകാലം മുതല്‍ ഭാരതത്തില്‍ സൃഷ്ടിച്ച അധിനിവേശ ഗ്രഹണത്തിന്റെ കരിനിഴല്‍ നീക്കാനുളള അഭംഗുര യജ്ഞമായി മാറി. ബ്രിട്ടീഷുകാര്‍ കീറിയ നീര്‍ച്ചാലിലൂടെ ഇന്ത്യയെ വലിച്ചിഴച്ച്‌ മുന്നോട്ടു കൊണ്ടുപോകാനാണ്‌ അവസാനത്തെ ബ്രിട്ടീഷ്‌ ഭരണാധകാരിയാണ്‌ താന്‍ എന്ന്‌ സ്വയം പ്രഖ്യാപിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചത്‌. നെഹ്‌റുവിന്‌ ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ ചരിത്രം ചതിയും വഞ്ചനയും കൊള്ളയും കൊലയുംകൊണ്ട്‌ പടുത്തുയര്‍ത്തിയ രാജാധികാരമായിരുന്നു. ഇന്ത്യയെ മുച്ചൂടും വിറ്റ്‌ തിന്നാന്‍ വെമ്പല്‍പൂണ്ട ഇവര്‍ രാജ്യദ്രോഹികളുടെ പ്രവര്‍ത്തനത്തിന്‌ സ്തുതിഗീതം പാടി. ഖണ്ഡിത ഭാരതത്തിന്റെ അവശിഷ്ട ഭൂമേഖലയിലും ഖിലാഫത്തിന്റെ സന്തതികള്‍ വീണ്ടും വിഷം ചുരത്തുമ്പോള്‍ ഇവര്‍ അധികാരകേന്ദ്രങ്ങളില്‍ ഇരുന്ന്‌ മതേതരത്വത്തിന്റെ മന്ദസ്മിതം തൂകി ഇതിനെ പിന്തുണച്ചു. അധികാരത്തിന്റെ തൃഷ്ണയില്‍ രാജ്യത്തെ വിസ്മരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുമായി സംഘപ്രവര്‍ത്തനം നാടെങ്ങും പ്രചരിച്ചു. ഭരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെങ്കിലും സ്വത്വബോധം പണയപ്പെടുത്തിയ ഭരണം വിദേശാധിപത്യത്തേക്കാള്‍ അപകടകരമാണെന്ന യാഥാര്‍ത്ഥ്യം സ്വതന്ത്ര ഭാരതത്തിലെ ജനങ്ങള്‍ ക്രമേണ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ ഗര്‍ഭപാത്രത്തില്‍ പിറക്കാത്ത ആദ്യ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അധികാരത്തില്‍ വന്നു. ഒരു രാജ്യത്തിന്റെ ചരിത്രം പോലും അതിന്റെ തനതു രൂപത്തിലും ഭാവത്തിലും രചിക്കാന്‍ കഴിയാതെയും രാജ്യത്തിന്റെ ആത്മബോധം പുതിയ തലമുറക്ക്‌ കൈമാറാന്‍ ശ്രമിക്കാതെയും ഇസ്ലാം-ക്രൈസ്തവ മതാധിഷ്ഠിതമായ വേലിക്കെട്ടുകളില്‍ രാജ്യത്തിന്റെ അസ്മിതയെ തളച്ചിടാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്ന വ്യാജ മതേതരവാദികളായ ഭരണകര്‍ത്താക്കളുടെ ധാര്‍ഷ്ട്യം ഭാരതത്തിന്റെ പതനത്തിന്‌ കാരണമായപ്പോള്‍ നിയതിയുടെ കടമയും കര്‍ത്തവ്യവും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന മോദി തരംഗം സ്വധര്‍മം സംരക്ഷിക്കപ്പെടാനുള്ള കാലത്തിന്റെ പ്രതിബദ്ധതയാണ്‌ കാണിക്കുന്നത്‌. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തതും സ്വത്വബോധത്തോടുള്ള ആത്മബന്ധവുമാണ്‌ ഇതിന്‌ കാരണം. മധ്യകാലഘട്ടത്തില്‍ വിജയനഗരം സ്ഥാപിക്കാന്‍ ഉടവാള്‍ കൊടുത്ത്‌ അനുഗ്രഹിച്ചത്‌ ശങ്കരാചാര്യര്‍ ആയിരുന്നെങ്കില്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്‌ സ്വധര്‍ത്തിനുവേണ്ടി അങ്കംവെട്ടി വൈദേശിക അധിനിവേശത്തിന്റെ അവസാനത്തെ തായ്‌വേരും പിഴുതെറിയാന്‍ നരേന്ദ്രമോദിയെ നിയതിയാണ്‌ തെരഞ്ഞെടുത്തത്‌. കഴിഞ്ഞ കുംഭമേളയിലെ മന്ത്രോച്ചാരണങ്ങള്‍ക്ക്‌ നടുവില്‍ ശങ്കരാചാര്യന്മാര്‍ അടക്കമുള്ള സന്ന്യാസി ശ്രേഷ്ഠരുടെ സത്സംഗത്തില്‍ വെച്ചായിരുന്നു ഇതിന്റെ ആദ്യ തീരുമാനം. ശ്രീ ശ്രീ രവിശങ്കറും ബാബാ രാംദേവും മാതാ അമൃതാനന്ദമയിയും ഇന്ത്യയിലെ എല്ലാ സര്‍വസംഗ പരിത്യാഗികളായ സന്ന്യാസി ശ്രേഷ്ഠന്മാരും ഒന്നിച്ചനുഗ്രഹിച്ചിട്ടാണ്‌ മോദി ഈ തെരഞ്ഞെടുപ്പ്‌ യുദ്ധം തുടങ്ങിയത്‌. ഏറ്റവും കൂടുതല്‍ സമ്മേളനങ്ങളില്‍ പങ്കെടുത്ത്‌ ജനമനസ്സുകളില്‍ ഭാരതത്തിന്റെ ആത്മചൈതന്യം പകരാന്‍ കരുത്തും ഓജസ്സും നരേന്ദ്രമോദി സ്വായത്തമാക്കിയത്‌ ഈ ആശിര്‍വാദത്തിന്റെ ഫലമാണ്‌. സ്വധര്‍മം സംരക്ഷിക്കാന്‍ നിയോഗമായി ജന്മമെടുത്ത ആര്‍എസ്‌എസിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച സ്വയംസേവകനാണ്‌ മോദി എന്നത്‌ ആകസ്മികമെങ്കിലും എടുത്തുപറയേണ്ടതും ഈ ചരിത്രയാഥാര്‍ത്ഥ്യത്തെ കുടുതല്‍ തിളക്കമുള്ളതുമാക്കുന്നു. ഇത്‌ ചരിത്രനിയോഗമാണ്‌. ചായക്കടയില്‍നിന്ന്‌ തുടങ്ങി രാജ്യത്തെ നയിക്കുവാനുള്ള സാരഥ്യം നിയതി നിശ്ചയിച്ചിട്ടുള്ളതാണ്‌. ഇതുകൊണ്ടാണ്‌ ലോകം ഈ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത്‌. സ്വരാജ്യവും സ്വധര്‍മവും സംരക്ഷിക്കുവാനുള്ള ഈ പ്രയാണം പൂര്‍ണതയിലെത്തിക്കുക. നിയതി നിശ്ചയിച്ചപ്രകാരം ഇത്‌ പൂര്‍ത്തീകരിക്കപ്പെടുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. അഡ്വ.ബി.ഗോപാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.