കത്ത്‌ പ്രണബ്‌ സ്ഥിരീകരിച്ചു; സര്‍ക്കാരില്‍ ഭിന്നത

Friday 23 September 2011 10:20 am IST

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയില്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്റെ പങ്ക്‌ സൂചിപ്പിച്ചുകൊണ്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചുവെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി സ്ഥിരീകരിച്ചു. പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരുക്കുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെയാണ്‌ പ്രണബ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. ആരോപണവിധേയനായ മന്ത്രി ചിദംബരത്തെ പിന്തുണക്കാത്ത നിലപാടാണ്‌ പ്രണബിന്റേതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിപ്പോര്‍ട്ട്‌ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്‌. എന്നാല്‍ ധനകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ച റിപ്പോര്‍ട്ട്‌ വിവരാവകാശ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയവര്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന കാര്യം മാനിക്കണം. ഇന്ത്യയിലെ മുന്‍ അംബാസഡറായിരുന്ന ഫ്രാങ്ക്‌ വിസ്നറുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ചിദംബരം. ധനകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ തനിക്ക്‌ ഇതേക്കുറിച്ച്‌ പ്രതികരിക്കാനാവില്ലെന്ന്‌ പ്രണബ്‌ പറഞ്ഞു.
ചിദംബരം ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ നിസാരവിലക്ക്‌ സ്പെക്ട്രം വില്‍ക്കാനാവില്ലായിരുന്നെന്ന്‌ ചൂണ്ടിക്കാട്ടി ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനയച്ച റിപ്പോര്‍ട്ടാണ്‌ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യംസ്വാമി ബുധനാഴ്ച ജസ്റ്റിസുമാരായ ജി.എസ്‌. സിംഘ്‌വിക്കും എ.കെ.ഗാംഗുലിക്കും മുമ്പാകെ സമര്‍പ്പിച്ചത്‌. ഇതേ റിപ്പോര്‍ട്ട്‌ വിവരാവകാശ പ്രവര്‍ത്തകനായ വിവേക്‌ ഗാര്‍ഗ്‌ പുറത്തുവിടുകയായിരുന്നു. യുപിഎ സര്‍ക്കാരിലെ പ്രമുഖരായ പ്രണബും ചിദംബരവും തമ്മില്‍ അകലുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഇതോടെ സ്പെക്ട്രം അഴിമതിയില്‍ തനിക്ക്‌ പങ്കില്ലെന്ന ചിദംബരത്തിന്റെ വാദവും ഡിഎംകെ നേതാക്കളുടെ തലയില്‍ സ്പെക്ട്രം അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമങ്ങളും പൊളിഞ്ഞിരിക്കുകയാണ്‌. 2011 മാര്‍ച്ച്‌ 25 ന്‌ സാമ്പത്തികകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി.എസ്‌. റാവു തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി സാക്ഷ്യപ്പെടുത്തിയതിനുശേഷം പ്രധാനമന്ത്രിക്കയക്കുകയായിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക്‌ ഗാര്‍ഗ്‌ നേടിയെടുത്ത രേഖയാണ്‌ സുബ്രഹ്മണ്യംസ്വാമി കോടതിക്ക്‌ കൈമാറിയത്‌.
ഇതേസമയം ചിദംബരം കളങ്കിതനല്ലെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കോണ്‍ഗ്രസ്‌ നേതൃത്വം ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക്‌ ആഭ്യന്തരമന്ത്രി ചിദംബരം സത്യസന്ധനാണെന്നുറപ്പാണ്‌, സുബ്രഹ്മണ്യംസ്വാമിയുടെ ആരോപണങ്ങള്‍ ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌, പാര്‍ട്ടി വക്താവ്‌ അഭിഷേക്‌ സിംഗ്‌വി മാധ്യമങ്ങളോട്‌ പറഞ്ഞു. റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൈമാറിയ ഉടന്‍തന്നെ അതിന്റെ കോപ്പി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്‌ അനുചിതമായിപ്പോയെന്നും വിഷയം ഏറ്റെടുത്ത്‌ സ്വയം വിധി പ്രസ്താവിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണസംവിധാനം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്‌ ചിദംബരത്തിനെതിരായി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചിദംബരത്തിനെതിരായ റിപ്പോര്‍ട്ട്‌ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കി. 2 ജി അഴിമതിയില്‍ ചിദംബരത്തിനുള്ള പങ്കിനെപ്പറ്റി പ്രതിപാദിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ്‌ തീരുമാനം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണെന്നും അഴിമതിക്കാരനായ ചിദംബരം എത്രയും പെട്ടെന്ന്‌ രാജിവെക്കണമെന്നും ബിജെപി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രിമിനല്‍ കേസുകളിലേക്ക്‌ ചിദംബരത്തിന്റെ പേര്‌ വലിച്ചിഴക്കാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികള്‍ ഉപേക്ഷിക്കണമെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. ചിദംബരത്തിന്റെ സത്യസന്ധതയില്‍ സംശയമില്ലെന്നും അദ്ദേഹത്തിനെതിരായ ദുഷ്പ്രചാരണങ്ങളില്‍ വ്യസനമുണ്ടെന്നും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ വ്യക്തമാക്കി.
തന്നെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി ചിദംബരം അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ഫോണ്‍സംഭാഷണം നടത്തി. ചിദംബരത്തിന്‌ പിന്തുണ ഉറപ്പുനല്‍കിയ പ്രധാനമന്ത്രി താന്‍ തിരിച്ചെത്തുന്നതുവരെ ശാന്തനായിരിക്കാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടെന്നാണ്‌ സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ ധനകാര്യമന്ത്രാലയം അയച്ച രഹസ്യറിപ്പോര്‍ട്ട്‌ താന്‍ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ഇരുപത്‌ മിനിറ്റോളം നീണ്ടുനിന്നതായാണ്‌ റിപ്പോര്‍ട്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.