വിദ്യാഭ്യാസ വായ്പ: മൊറട്ടോറിയം കര്‍ശനമായി പാലിക്കണം

Saturday 31 May 2014 9:51 pm IST

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിന്‍മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം കര്‍ശനമായി പാലിക്കുന്നുവെന്ന്‌ ബാങ്കുകള്‍ ഉറപ്പു വരുത്തണമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കി. 2014 ഏപ്രില്‍ 16 ലെ ഉത്തരവുകള്‍ പ്രകാരം വിദ്യാഭ്യാസ വായ്പയിന്മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന മോറട്ടോറിയം ആറ്‌ മാസത്തേയ്ക്ക്‌ കൂടി ദീര്‍ഘിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ ഈ ഉത്തരവിനു വിരുദ്ധമായി റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട്‌ പോകുകയാണ.്‌ ഉത്തരവുകള്‍ പ്രകാരം വിദ്യാഭ്യാസ വായ്പയുടെ റവന്യൂ റിക്കവറിക്ക്‌ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കര്‍ശനമായി പാലിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഓരോ ജില്ലയിലും യോഗ്യതയുള്ള അപേക്ഷകര്‍ക്ക്‌ പലിശയിളവ്‌ നല്‍കുന്നതിന്‌ ഇനിയും തുക ആവശ്യമുണ്ടെങ്കില്‍ വിശദാംശങ്ങള്‍ സഹിതം നിര്‍ദ്ദേശം ഉടന്‍ സര്‍ക്കാരിന്‌ ലഭ്യമാക്കണമെന്നും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ലീഡ്‌ ബാങ്ക്‌ മേധാവികള്‍ക്കും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 2004 ഏപ്രില്‍ ഒന്നു മുതല്‍ 2009 മാര്‍ച്ച്‌ 31 വരെ കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസ കാലത്തെ വായ്പയുടെ പലിശയില്‍ ഇളവ്‌ നല്‍കുന്നതിന്‌ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ ഇ ട്രാന്‍സ്ഫര്‍ ചെയ്ത വിവരം സര്‍ക്കാരിനെ അറിയിക്കണമെന്ന്‌ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.