തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പത്തുശതമാനം ഓഹരി പിന്‍വലിക്കണമെന്ന് ആറന്മുള സമരസമിതി ആവശ്യപ്പെട്ടു.
ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് തുടര്‍നിയമ നടപടികളുമായി പോകുമ്പോള്‍ പ്രധാനമായും ഉന്നയിക്കുന്നത് സര്‍ക്കാരിന്റെ ഓഹരി വിഹിതമുള്ള പദ്ധതി എന്നായിരിക്കും. അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയും പെട്ടെന്ന് ഓഹരി പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണം. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഇന്നലെ കവയത്രി സുഗതകുമാരിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിനുശേഷം നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിമാനത്താവള വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിനു പോകാത്തത് സ്വാഗതാര്‍ഹമാണ്. വിമാനത്താവളത്തിന് വേണ്ട 500 ഏക്കറിനു പകരം 2000 ഏക്കര്‍ ഏറ്റെടുത്ത നടപടി റദ്ദുചെയ്യണം. ഈ മേഖലയില്‍ കമ്പനിയുടെ ഏതൊരുവിധ പ്രവര്‍ത്തനങ്ങളും പാടില്ലെന്നുള്ള കോടതിവിധി നിലനില്‍ക്കുന്നുണ്ട്. ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പൂര്‍ണമായും പിന്‍വലിക്കണം. വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ ആറന്മുള കിടങ്ങന്നൂര്‍ പുഞ്ചകളില്‍ ജൈവകൃഷി ആരംഭിക്കണം. കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുവാന്‍ ജനപങ്കാളിത്തത്തോടെ തീവ്രയത്ന കര്‍മ്മ പദ്ധതികള്‍ ആരംഭിക്കണം. കൃഷി ആരംഭിക്കുന്നതിനു വേണ്ട സഹായങ്ങള്‍ കൃഷിവകുപ്പു വഴി സര്‍ക്കാര്‍ നല്‍കണം. കൃഷി നടക്കാത്ത എല്ലാ സ്ഥലവും കൃഷിയോഗ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുതരേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. 2010 സപ്തംബര്‍ 8ന് വിമാനത്താവളനിര്‍മ്മാണത്തിന് തത്വത്തില്‍ നല്കിയ അംഗീകാരം പിന്‍വലിക്കണം.
പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആറന്മുളയില് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കും. ആറന്മുളയില് പോരാട്ടങ്ങള്‍ നടത്തിയ സമരസേനാനികള്‍ക്ക് സമാദരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. നിരന്തരമായ പ്രക്ഷോഭ പരിപാടികളിലൂടെ പരിസ്ഥിതി സംരക്ഷണ, പൊതുജന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ആറന്മുളയില് നിന്നും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും സമരസമിതി അറിയിച്ചു.
കുമ്മനം രാജശേഖരന്, സുഗതകുമാരി, ഒ.എന്‍. വി. കുറുപ്പ്, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, എം.എ. ബേബി, എം. വിജയകുമാര്‍, പൈതൃക കര്‍മ്മസമിതി പ്രസിഡന്റ് പി. ഇന്ദ്രചൂഡന്‍, സംയോജകന്‍ കൃഷ്ണന്‍കുട്ടി, ചന്ദ്രശേഖരന്, ഹരി മഠത്തില്‍പറമ്പില്‍, പ്രദീപ് അയിരൂര്‍, പരിസ്ഥിതി പ്രവര്ത്തകന് ശ്രീരംഗനാഥന്, ബിജെപി സംസ്ഥാനസമിതി അംഗം പി. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കവടിയാര്‍ ധര്മ്മന്, ജൈവ കര്‍ഷക സമിതി പ്രസിഡന്റ് ബാബു ജോണ്‍, സദാനന്ദന്, കെ.ജി. ജഗദീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: