റെയില്‍വേയുടെ മുഖം മാറ്റും, ബുള്ളറ്റ് ട്രെയിനുകള്‍ ഓടും: സദാനന്ദ ഗൗഡ

Monday 2 June 2014 12:23 am IST

അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം. പ്രായോഗിക തീരുമാനങ്ങളെടുക്കാനുള്ള കഴിവ്. അധികാരത്തിന്റെ വലിപ്പമോ രാഷ്ട്രീയത്തിന്റെ ജാടയോ ഇല്ലാതെ സാധാരണക്കാര്‍ക്കൊപ്പം ഏത് പ്രതിസന്ധിയിലും ചിരിച്ചുനില്‍ക്കുന്ന മുഖം. ഇത് മൂന്നും ചേര്‍ന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ ഡിവിഎസ് എന്ന് വിളിക്കുന്ന ദേവറഗുണ്ട വെങ്കപ്പ മകന്‍ സദാനന്ദ ഗൗഡയാകും- മോദി മന്ത്രിസഭയിലെ റെയില്‍വേ മന്ത്രി. കര്‍ണാടക രാഷ്ട്രീയത്തിലെ 'മിസ്റ്റര്‍ ക്ലീന്‍' ആണ് ഡി.വി.സദാനന്ദ ഗൗഡ. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാകുമ്പോള്‍ തന്നെ അധികാരം തേടി അലഞ്ഞിട്ടില്ല. അധികാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. താന്‍ രാഷ്ട്രീയത്തിലെത്താന്‍ കാരണം രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സദാനന്ദ ഗൗഡ നൂറ് ശതമാനം പാര്‍ട്ടിയുടെ വിശ്വസ്തനാണ്. 2011-ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ബിജെപി കണ്ടെത്തിയത് സദാനന്ദ ഗൗഡയെ. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്നപ്പോഴും ട്രേഡ്മാര്‍ക്കായ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല. സയന്‍സിലും നിയമത്തിലും ബിരുദം നേടിയ സദാനന്ദ ഗൗഡ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചുവരുന്നതിനിടെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. ജനസംഘം പ്രവര്‍ത്തകനായി ബിജെപിയിലെത്തി. കര്‍ണാടക ബിജെപി പ്രസിഡണ്ട്, ദേശീയ സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചു. കര്‍ണാടകത്തില്‍ ബിജെപിക്ക് ഏറെ നിര്‍ണായകമായിരുന്നു ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മോദിയെന്ന കാരണവര്‍ക്ക് കീഴില്‍, പിണങ്ങി നിന്ന കുടുംബാംഗങ്ങളെല്ലാം തറവാട്ടിലെത്തി. ബാംഗ്ലൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി പി. നാരായണ സ്വാമിയെ മുട്ടുകുത്തിച്ച സദാനന്ദ ഗൗഡയുടെ ഭൂരിപക്ഷം 2,29,676 ആണ്. രണ്ടാമതും ലോക്‌സഭയിലെത്തിയ ഈ 61 കാരനെ കാത്തിരുന്നത് റെയില്‍വേ മന്ത്രിസ്ഥാനവും. കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സുള്ള്യ മണ്ടേക്കോല്‍ ദേവറഗുണ്ടയിലാണ് സദാനന്ദ ഗൗഡയുടെ തറവാട് വീട്. ഇത് മാത്രമല്ല കേരളവുമായുള്ള ബന്ധം. നല്ല ഒഴുക്കോടെ മലയാളം സംസാരിക്കാനുമറിയാം. മന്ത്രിയില്ലാത്ത കേരളത്തിന്റെ പ്രതീക്ഷ അയല്‍പക്കത്തെ ഈ 'മലയാളി മന്ത്രി'യാണെന്ന് പറയുന്നതില്‍ തെറ്റില്ല. ചുമതലയേറ്റതിനുശേഷം അമ്മയുടെ അനുഗ്രഹത്തിനായി തറവാട്ടിലെത്തിയ സദാനന്ദഗൗഡ ജന്മഭൂമിയുമായി സംസാരിച്ചപ്പോള്‍. ? മന്ത്രിസ്ഥാനം കിട്ടിയത് അപ്രതീക്ഷിതമായിരുന്നോ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റെയില്‍വേ ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. നരേന്ദ്ര മോദിയുടെ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം വിനിയോഗിക്കും. പതിമൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് റെയില്‍വേ മേഖലയിലുള്ളത്. നിരവധി പ്രശ്‌നങ്ങളും. ഒരുമാസമെങ്കിലും പഠിക്കാന്‍ തന്നെ വേണ്ടിവരും. നല്ലഭരണം കാഴ്ചവെക്കാനാകുമെന്നാണ് വിശ്വാസം. ?അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനവധിയാണ്.  ഏത് വിഷയത്തിനാണ് ഏറ്റവും പ്രാമുഖ്യം നല്‍കുക സുരക്ഷ, സേവനം, വേഗത എന്നീ കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. സുരക്ഷ വളരെ പ്രാധാന്യമാണ്. അപകടങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉദ്യോഗസ്ഥരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ? അഞ്ച് വര്‍ഷത്തിന് ശേഷമുള്ള റെയില്‍വേയെ കുറിച്ച് ഇപ്പോള്‍ പറയാനാകുമോ തീര്‍ച്ചയായും. സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഹൈവേ വികസനത്തിന് വാജ്‌പേയ് സര്‍ക്കാര്‍ നടപ്പിലാക്കിയതിന് സമാനമായ ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കും. ബുള്ളറ്റ് ട്രെയിനുകളും സ്പീഡ് ട്രെയിനുകളും ആരംഭിക്കും. മോദിജിക്കും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ട്. അദ്ദേഹവുമായി ആലോചിച്ച് മുന്നോട്ട് പോകും. ? പുതിയ റെയില്‍വേ സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും മുറവിളി ഉയരുന്നുണ്ടല്ലൊ പുതിയ സോണുകളോ ഡിവിഷനുകളോ റെയില്‍വേ സ്റ്റേഷനുകളോ അല്ല ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങള്‍. റെയില്‍വേ നവീകരണത്തിനും വികസനത്തിനുമായുള്ള കണ്ടുപിടുത്തങ്ങളാണ് വേണ്ടത്. ? പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം ഡിവിഷന്‍ രൂപീകരിക്കുമെന്ന ആശങ്ക കേരളത്തിനുണ്ട്. കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തതിനാല്‍ പ്രത്യേകിച്ചും. മംഗലാപുരം ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല. നേരത്തെ ഉയര്‍ന്നുവരുന്ന ഒരു ആവശ്യമാണത്. കേരളത്തിന്റെ ആശങ്കകൂടി പരിഗണിച്ച് മാത്രമേ ഏത് തീരുമാനവുമുണ്ടാകു. വികസനകാര്യത്തിലും കേരളത്തിന് ആശങ്ക വേണ്ട. പ്രാദേശിക സങ്കുചിത ചിന്താഗതിയല്ല മോദി സര്‍ക്കാരിന്റേത്. ഭാരതത്തെ ഒന്നായി കണ്ടുകൊണ്ടുള്ള ഭരണവും വികസനവുമായിരിക്കും അത്. ഇതുവരെ കോണ്‍ഗ്രസായിരുന്നില്ലേ കേരളവും കേന്ദ്രവും ഭരിച്ചത്. കേരളത്തിന്റെ വികസനത്തിന് അവര്‍ ഒന്നും ചെയ്തില്ല. ? വിദേശ നിക്ഷേപം സംബന്ധിച്ച പ്രതികരണങ്ങളെക്കുറിച്ച് വികസനത്തിന് വിദേശനിക്ഷേപവും സ്വകാര്യവത്കരണവും ആവശ്യമാണ്. എതിര്‍ക്കപ്പെടേണ്ട കാര്യമില്ല. കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.