ഇറ്റലിയും പോര്‍ച്ചുഗലും കുടുങ്ങി

Monday 2 June 2014 12:32 am IST

ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരങ്ങളില്‍ യൂറോപ്പിലെ വമ്പന്‍മാരായ ഇറ്റലിക്കും പോര്‍ച്ചുഗലിനും നിരാശപ്പെടുത്തുന്ന സമനില. ഇറ്റലിയെ അയര്‍ലന്റും പോര്‍ച്ചുഗലിനെ ഗ്രീസും ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടി. കൊളംബിയയും സെനഗലും രണ്ടു ഗോള്‍ വീതമടിച്ചു സന്ധി ചെയ്തു. റോബിന്‍ വാന്‍ പെഴ്‌സിയുടെ സ്‌ട്രൈക്ക് ഘാനയ്ക്കുമേല്‍ ഹോളണ്ടിന് ജയമൊരുക്കി. ലണ്ടനിലെ ക്രാവന്‍ കോട്ടേജ് വേദിയായ മുഖാമുഖത്തില്‍ അയര്‍ലന്റിനെതിരെ ഇറ്റലി പൂര്‍ണമായ താളത്തിലെത്തിയില്ല. തുടക്കത്തില്‍ തന്നെ റിക്കാര്‍ഡോ മോണ്ടോലിവോ പരിക്കേറ്റു പുറത്തായത് ഇറ്റലിയെ മാനസികമായി തളര്‍ത്തി. രണ്ടാം പകുതിയില്‍ ഇറ്റലി കളി മെച്ചപ്പെടുത്തിയെങ്കിലും കാര്യമായ ഫലം ലഭിച്ചില്ല. ഷെയ്ന്‍ ലോങ്ങും അന്തോണി പില്‍കിങ്ടണും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അയര്‍ലന്റ് ജയിച്ചേനെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാത്ത പറങ്കിപ്പട എന്തെന്നു തെളിയിക്കുന്നതായിരുന്നു ഗ്രീസ്- പോര്‍ച്ചുഗല്‍ മത്സരം. ഒത്തിണക്കത്തോടെയും അച്ചടക്കത്തോടെയും പന്തുതട്ടിയ ഗ്രീസിന്റെ വലകുലുക്കാന്‍ പോന്ന വൈഭവമൊന്നും പോര്‍ച്ചുഗല്‍ മുന്നേറ്റനിരക്കില്ലായിരുന്നു. കളിയുടെ ആരംഭത്തില്‍ നാനിയുടെ ക്രോസില്‍ എഡര്‍ ഡൈവ് തലവെച്ചെങ്കിലും ഗ്രീക്ക് ഗോളി സേവ് ചെയ്തു. നാനി നടത്തിയ ചില അതിവേഗ നീക്കങ്ങള്‍ തുടര്‍ന്നും നിഷ്ഫലമായപ്പോള്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. ഘാനയ്‌ക്കെതിരെ അഞ്ചാം മിനിറ്റിലാണ് ഹോളണ്ടിനുവേണ്ടി വാന്‍ പെഴ്‌സി സ്‌കോര്‍ ചെയ്തത്. 2-0ത്തിന് മുന്നിട്ടു നിന്നശേഷം കൊളംബിയക്ക് സെനഗലിനോട് സമനില വഴങ്ങേണ്ടിവന്നു. തിയോഫിലോ ഗുട്ടിറെസും (12-ാം മിനിറ്റ്) കാര്‍ലോസ് ബാക്കയും (45) ലാറ്റിനമേരിക്കന്‍ സംഘത്തിന് ആധിപത്യം സമ്മാനിച്ചു. എന്നാല്‍ മൊസ കൊനാട്ടയും (47) ഛെയ്ക് നോയയും (52) സ്‌കോര്‍ കാര്‍ഡിലെത്തിയ രണ്ടാം പകുതിയില്‍ സെനഗല്‍ സമനില പിടിച്ചെടുത്തു. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ ഇക്വഡോറിനെ മറികടന്നു (3-1).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.