യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

Monday 2 June 2014 2:03 pm IST

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറി. ഇരുപത് വര്‍ഷത്തിലേറെയായി താന്‍ ജയിലിലാണെന്നും ജീവപര്യന്തം കേസുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചെന്നും ഹര്‍ജിയില്‍ യാക്കൂബ് മേമന്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നുമാണ് യാക്കൂബ് മേമന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. യാക്കൂബിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്തു ദിവസം മുമ്പ് തള്ളിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ശുപാര്‍ശകള്‍ പരിഗണിച്ചാണ് രാഷ്ട്രപതി മേമന്റെ ദയാഹര്‍ജി തള്ളിയത്. 2007ലാണ് ടാഡ കോടതി യാക്കൂബിന് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചു. അതേവര്‍ഷം ഒക്ടോബറില്‍ യാക്കൂബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1994ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ചാണ് യാക്കൂബ് മേമന്‍ അറസ്റ്റിലായത്. മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതി അധോലകനായകന്‍ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. ടൈഗര്‍ മേമനും വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാള്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതായാണ് സംശയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.